പാലക്കാട് കാഞ്ഞിരപ്പുഴയിൽ 19 വയസുകാരനെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരം അമ്പംകടവ് സ്വദേശികളായ രമേഷ്-മല്ലിക ദമ്പതികളുടെ മകൻ അഖിലാണ് മരിച്ചത്. മുത്തശ്ശിയുടെ വീട്ടിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. രാവിലെ ബന്ധുക്കൾ അഖിലിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. പലതവണ വിളിച്ചിട്ടും ഫോൺ എടുക്കാതിരുന്നതോടെ സംശയം തോന്നിയ ബന്ധുക്കൾ മുത്തശ്ശിയുടെ വീട്ടിലെത്തുകയായിരുന്നു.
തുടർന്നാണ് അഖിലിനെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം രാത്രിയിലായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തി.















