രാജ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്‍ഡ്യ സഖ്യം സുപ്രിംകോടതിയിലേക്ക് ‘ചലോ ദില്ലി’ മാര്‍ച്ച് തുടങ്ങി. ഇന്ത്യാസഖ്യം നടത്തിയ മാര്‍ച്ച് ബാരഖംബയില്‍ പൊലീസ് തടഞ്ഞു. രണ്ട് ബസിലായാണ് എംപിമാര്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍നിന്നു തിരിച്ചത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മര്‍ച്ച്. ഇന്‍ഡ്യ സഖ്യത്തിലെ വിവിധ കക്ഷിനേതാക്കളും യുവജന-വിദ്യാര്‍ഥി സംഘടനാ നേതാക്കളും മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്. ബാരഖംബ മുതല്‍ സുപ്രിംകോടതി വരെയാണ് മാര്‍ച്ച്.
ആയിരക്കണക്കിനു പ്രവര്‍ത്തകരാണ് ബാരഖംബയില്‍ തടിച്ചുകൂടിയിരിക്കുന്നത്. ജനക്കൂട്ടം നിയന്ത്രണാതീതമാണെന്നും പിന്‍വാങ്ങണമെന്നും ഡിസിപി നേരിട്ട് രാഹുലിനോട് ആവശ്യപ്പെട്ടെങ്കിലും ഇന്ത്യാ സഖ്യം വഴങ്ങിയില്ല. സുപ്രീം കോടതിയിലേക്കുള്ള ഇന്ത്യ സഖ്യത്തിന്റെ മാര്‍ച്ചിനിടെ ഗ്യാനേഷ് കുമാറിനെതിരെ രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജി നാളെ പരിഗണിക്കും. ഇന്നു വൈകിട്ട് 4.45 നായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. സുപ്രിംകോടതിയിലേക്ക് ഇന്ന് സമാധാനപരമായി മാര്‍ച്ച് നടത്തുമെന്ന് ഇന്നലെ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. നേരത്തെ ചീഫ് ജസ്റ്റിസിനെ കണ്ട് നിവേദനം നല്‍കാന്‍ ഇന്‍ഡ്യ നേതൃത്വം അനുമതി തേടിയെങ്കിലും ജസ്റ്റിസ് സൂര്യകാന്ത് അനുമതി നല്‍കിയിരുന്നില്ല. ഇന്‍ഡ്യ നേതാക്കള്‍ ഉയര്‍ത്തുന്ന പല വിഷയങ്ങളും നിലവില്‍ സുപ്രിംകോടതിക്ക് മുന്നിലുള്ളതാണെന്നും, ഈ സാഹചര്യത്തില്‍ കൂടിക്കാഴ്ച അനുചിതമാണെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിലപാട്.
അതേസമയം മാര്‍ച്ചിനു നേരെ പോലീസ് ബലപ്രയോഗം നടത്തി. സമരക്കാരും പോലീസും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാവുകയാണ്. ശക്തമായ ബലപ്രയോഗം നടത്തി പൊലീസ്. ബാരിക്കേഡുകള്‍ മറിയുന്ന അവസ്ഥ. പ്രവര്‍ത്തകര്‍ സംഘടിച്ച് പൊലീസിനു നേരെ തിരിയുന്നു.ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കുന്നത് വരെ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജയും പറഞ്ിഞു കഴിഞ്ഞു. പ്രതിപക്ഷം കൂടുതല്‍ ശക്തി പ്രാപിക്കുന്നതാണ് ഈ സമരത്തിലൂടെ കാണുന്നത്. ഇടതുപക്ഷവും ശക്തമായി കോണ്‍ഗ്രസിന് പിന്തുണ നല്‍കിയിരിക്കുകയാണ്. സുപ്രീം കോടതിയിലേക്ക് മാര്‍ച്ച് എത്താന്‍ ഇനി 500 മീറ്റര്‍ മാത്രം.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ട് ചോരിക്കെതിരെയുള്ള പ്രതിഷേധവുമായി സുപ്രീം കോടതിയിലേക്കുള്ള ഇന്ത്യ സഖ്യത്തിന്റെ മാര്‍ച്ചിനിടെയാണ് രാഹുല്‍ ഗാന്ധി ഹര്‍ജി നല്‍കിയത്. ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുള്ള ഹര്‍ജിയാണ് അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. എസ്‌ഐആര്‍ അടക്കം തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനങ്ങള്‍ ചോദ്യം ചെയ്താണ് ഹര്‍ജി.