മകളെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ നൽകിയ കേസ് പിൻവലിക്കാൻ വിസമ്മതിച്ച പിതാവിനെ പ്രതികൾ കൊലപ്പെടുത്തിയെന്ന് ആരോപണം. ഇക്കഴിഞ്ഞ ജൂലൈയിലാണ് 58കാരനെ വീടിനു പുറത്ത് കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു ആദ്യ നിഗമനം.
എന്നാൽ ഭർത്താവിന്റേത് കൊലപാതകമാണെന്ന് ആരോപിച്ച് ഭാര്യ ഇപ്പോൾ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. ജയ്പൂരിലെ കൽവാർ മേഖലയിൽ വച്ച് മകളെ കൂട്ടബലാത്സംഗം ചെയ്ത് ഒരു മാസത്തിന് ശേഷമാണ് പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ജൂണിലാണ് ജയ്പൂർ സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത്. രണ്ട് ദിവസത്തിന് ശേഷം കുട്ടി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവം വീട്ടുകാർ അറിഞ്ഞത്. പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കേസ് നൽകിയതിന് പിന്നാലെ പ്രതികൾ കുടുംബത്തെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്നാണ് കൊല്ലപ്പെട്ടയാളുടെ ഭാര്യ ഇപ്പോൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.
കേസ് പിൻവലിച്ചില്ലെങ്കിൽ യുവതിയുടെ പിതാവിനെ കൊല്ലുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. പ്രതികൾ ഗൂഢാലോചന നടത്തി തന്റെ ഭർത്താവിനെ കൊലപ്പെടുത്തിയെന്നും സംഭവം ആത്മഹത്യയായി ചിത്രീകരിക്കാൻ വേണ്ടിയാണ് കെട്ടിത്തൂക്കിയതെന്നുമാണ് ഭാര്യ പരാതിയിൽ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.