കേരളത്തിന്റെ റെയില്വേയുടെ മുഖം മാറ്റാന് ശ്രമിച്ചതിന്റെ ഭാഗമായി ഉണ്ടായ നഷ്ടങ്ങള് കോടികളാണ്. ആ പണമുണ്ടായിരുന്നെങ്കില് മേണോ റെയിലോ മെട്രോ റെയിലോ സ്ഥാപിക്കാന് കഴിയുമായിരുന്നുവെന്ന് ആത്മാര്ത്ഥമായി ചിന്തിക്കുന്ന ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും തിരിച്ചറിയാനാകും. ‘കെ-റെയില് വരും കേട്ടോ’ എന്ന ഡയലോഗ് ഓര്മ്മയുണ്ടോ ?. അത്ര പെട്ടെന്ന് മറക്കാന് കഴിയാത്ത വാക്കുകളാണ്. പിണറായി വിജയന് പറഞ്ഞ വാക്കുകള്. മുഖ്യമന്ത്രി ആയിരിക്കുമ്പോള് അദ്ദേഹം പറഞ്ഞ വാക്കുകള് വിശ്വസിച്ച കേരളത്തിന് നഷ്ടം 73.49 കോടിയാണ്. കെ.-റെയിലിന്റെ പേരില് മാത്രമല്ല, തിരുവനന്തപുരത്ത് മോണോ റെയിലും, ലൈറ്റ് മെട്രോയുമൊക്കെ കൊണ്ടു വരാനായി ഡി.എം.ആര്.സിക്ക് കരാര് നല്കിയതു വഴിയും ചെലവായി കോടികള്. മോണോ-ലൈറ്റ് മെട്രോകള് നടപ്പായില്ലെന്നു മാത്രമല്ല, അതിനു ചെലവഴിച്ച തുകയുടെ കണക്കുകള് അപ്രത്യക്ഷമാവുകയും ചെയ്തു.
പണറായി വിജയന് സര്ക്കാരിന്റെ മുഖമായിരുന്ന കെ-റെയില്. എന്നാല്, കെ-റെയില് വന്നില്ല കേട്ടോ ഇതുവരെയും. വി.ഡി സതീശന് സര്ക്കാര് അത് വേണ്ടെന്നു വെയ്ക്കുകയും ചെയ്തു. നോക്കൂ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് കെ-റെയില് വരികയും, അതില് കൂറ്റനാട്ടുകാര് കൊച്ചിയില് വന്ന് അപ്പം വിറ്റ് തിരികെ പോകുന്നതുമായ ഒരു സാങ്കല്പ്പിക കഥ കൂടി തട്ടി വിട്ടിരുന്നു. കൂറ്റനാട്ടുകാര്ക്ക് അപ്പം വില്ക്കാന് കഴിയുമോ എന്നതാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയോട് ചോദിക്കാനുള്ളത്. 20 മിനിട്ടില് അങ്ങോട്ടും ഇങ്ങോട്ടും ട്രെയിനുകള് ചീറിപ്പായുടെ സാങ്കലപിക കെ-റെയിലും കൊണ്ട് പ്രതിപക്ഷ സ്ഥാനത്തേക്ക് തള്ളി വിടപ്പെട്ടു.
നാടൊട്ടുക്ക് മഞ്ഞക്കുറ്റികള് സ്ഥാപിച്ച് ജനങ്ങളുടെ കടുത്ത എതിര്പ്പിനെത്തുടര്ന്ന് ഉപേക്ഷിക്കേണ്ടി വന്ന സില്വര്ലൈന് (കെ-റെയില്) അര്ദ്ധ അതിവേഗ റെയില്പാത പദ്ധതിക്ക് ഖജനാവില് നിന്ന് ചെലവായ തുകയുടെ ഔദ്യോഗിക കണക്കുകള് നിയമസഭയില് പറഞ്ഞതോടെയാണ് കാര്യങ്ങളുടെ തട്ടിപ്പ് മനസ്സിലായത്. പദ്ധതി യാഥാര്ത്ഥ്യമായില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട ഡി.പി.ആര് തയ്യാറാക്കലിനും സര്വേകള്ക്കും അനുബന്ധ പ്രവര്ത്തനങ്ങള്ക്കുമായി 73.49 കോടി രൂപയാണ് കേരള റെയില് ഡെവലപ്മെന്റ് കോര്പ്പറേഷന് (KRDCL) വഴി ചെലവഴിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനാണ് നിയമസഭയെ അറിയിച്ചത്.
നീലകണ്ഠന് എം.എല്.എ ഉന്നയിച്ച നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിന് രേഖാമൂലം മറുപടി നല്കുകയായിരുന്നു മുഖ്യമന്ത്രി. ആവശ്യമായ പാരിസ്ഥിതിക-സാമ്പത്തിക സാധ്യതാ പഠനങ്ങള് നടത്താതെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് ശാഠ്യത്തോടെ മുന്നോട്ട് കൊണ്ടുപോയ പദ്ധതി ഖജനാവിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് വരുത്തിവെച്ചതെന്ന ആരോപണങ്ങള്ക്ക് അടിവരയിടുന്നതാണ് ഇപ്പോള് പുറത്തുവന്ന ഓഡിറ്റ് കണക്കുകള്. 2024-25 ലെ ഓഡിറ്റ് ചെയ്ത സാമ്പത്തിക കണക്കുകള് (Audited Financials 2024-25) പ്രകാരം കെ-റെയില് കോര്പ്പറേഷന് വിവിധ പ്രവര്ത്തനങ്ങള്ക്കായി നടത്തിയ ചെലവുകളുടെ വിവരങ്ങള് ഇങ്ങനെ.
ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുമെന്ന ഭീതിയില് സാധാരണക്കാരായ ജനങ്ങള് തെരുവിലിറങ്ങി സമരം ചെയ്തപ്പോള് ആയിരക്കണക്കിന് ആളുകള്ക്കെതിരെയായിരുന്നു മുന് സര്ക്കാര് പോലീസ് കേസുകള് രജിസ്റ്റര് ചെയ്തിരുന്നത്. എന്നാല് പുതിയ സര്ക്കാര് ജനങ്ങള്ക്കൊപ്പമുള്ള നിലപാടാണ് സ്വീകരിച്ചത്. കേസുകള് പിന്വലിക്കാന് സര്ക്കാര് തീരുമാനം: സില്വര്ലൈന് പദ്ധതിക്കെതിരായ ജനകീയ സമരവുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലും സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലുമായി രജിസ്റ്റര് ചെയ്തിരുന്ന കേസുകള് പിന്വലിക്കാന് സര്ക്കാര് തീരുമാനമെടുത്തു. സര്ക്കാര് തീരുമാനത്തിന്റെ അടിസ്ഥാനത്തില് സില്വര്ലൈന് സമരക്കാര്ക്കെതിരെയുള്ള ക്രിമിനല് കേസുകള് ഒഴികെയുള്ള കേസുകള് പിന്വലിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് ഔദ്യോഗികമായി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
ജനങ്ങളുടെ ജീവന്മരണ പ്രശ്നങ്ങളെ കണക്കിലെടുക്കാതെയും കേന്ദ്ര റെയില്വേ മന്ത്രാലയത്തിന്റെയോ റെയില്വേ ബോര്ഡിന്റെയോ അന്തിമ അനുമതികള് ഉറപ്പാക്കാതെയുമാണ് പിണറായി സര്ക്കാര് കോടികള് പൊടിച്ച് കെ-റെയില് പ്രചാരണങ്ങളുമായി മുന്നോട്ട് പോയത്. വിദേശ വായ്പകള് തരപ്പെടുത്താമെന്ന വാഗ്ദാനത്തില് കണ്സള്ട്ടന്സി കമ്പനികള്ക്കും സര്വേ ഏജന്സികള്ക്കുമായി വലിയ തുകകളാണ് അഡ്വാന്സായി നല്കിയത്. ജനങ്ങളുടെ സ്വകാര്യ ഭൂമിയിലേക്ക് അനുമതിയില്ലാതെ അതിക്രമിച്ചു കയറി സര്വേ കല്ലുകള് സ്ഥാപിച്ചതിനെതിരെ കേരളം കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭങ്ങളാണ് അരങ്ങേറിയത്. പദ്ധതി നിലച്ചെങ്കിലും 73.49 കോടിയോളം രൂപയുടെ പൊതുപണം യാതൊരു പ്രയോജനവുമില്ലാതെ നഷ്ടമായി എന്ന വസ്തുതയാണ് ഇപ്പോള് ഔദ്യോഗികമായി പുറത്തുവന്നിരിക്കുന്നത്.