കാസ്റ്റിങ് കൗച്ച് അനുഭവം നേരിട്ടതിന്റെ വെളിപ്പെടുത്തലുമായി നടി നിതി ടെയ്ലര്. തെലുങ്ക് സിനിമയുടെ സംവിധായകനില് നിന്നാണ് മോശം അനുഭവമുണ്ടായതെന്നും ഈ സംഭവത്തിനുശേഷം അദ്ദേഹത്തോടൊപ്പം മറ്റൊരു സിനിമയിലും പ്രവര്ത്തിച്ചിട്ടില്ലെന്നും താരം വെളിപ്പെടുത്തുന്നു. യൂട്യൂബ് ചാനലായ ‘ഹൗട്ടര്ഫ്ളൈ’യ്ക്ക് നല്കിയ അഭിമുഖത്തിലാണ് നിതി തന്റെ അനുഭവം പങ്കുവച്ചത്.
ആദ്യ സിനിമയുടെ ചിത്രീകരണം പൂര്ത്തിയായതിന് പിന്നാലെയാണ് സംവിധായകന് ഫോണില് വിളിച്ച് മോശം ആവശ്യം ഉന്നയിച്ചതെന്ന് നിതി പറഞ്ഞു. അടുത്ത ചിത്രത്തില് നായികയായി പരിഗണിക്കാമെന്നും എന്നാല് അതിന് തനിക്കൊപ്പം കിടക്കണമെന്നുമായിരുന്നു സംവിധായകന്റെ ആവശ്യം. അപ്രതീക്ഷിതമായ ഈ വാക്കുകള് കേട്ട് താന് മരവിച്ചുപോയെന്നും എന്തു മറുപടി നല്കണമെന്ന് അറിയാതെ ഫോണ് കട്ട് ചെയ്ത് നമ്പര് ബ്ലോക്ക് ചെയ്യുകയായിരുന്നുവെന്നും താരം പറഞ്ഞു.
”എന്റെ ആദ്യ സിനിമയുടെ സംവിധായകന് സിനിമ പൂര്ത്തിയായ ശേഷം എന്നെ വിളിച്ചു. അടുത്ത സിനിമ ആലോചനയിലുണ്ടെന്നും അതില് ഞാന് നായികയാണെന്നും പറഞ്ഞു. എന്നാല് നായികയാക്കണമെങ്കില് എനിക്കൊപ്പം കിടക്കണമെന്നായിരുന്നു അയാളുടെ ആവശ്യം. ഞാന് ആകെ മരവിച്ചുപോയി. എന്താണ് പറയേണ്ടതെന്ന് മനസിലായില്ല. ഒടുവില് കോള് കട്ട് ചെയ്ത് നമ്പര് ബ്ലോക്ക് ചെയ്തു,” നിതി വെളിപ്പെടുത്തി.
സംവിധായകന്റെ പെരുമാറ്റം അംഗീകരിക്കാനായില്ലെന്നും ഇത്തരമൊരു ആവശ്യം തന്നില്നിന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം പറഞ്ഞു. ആദ്യ സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകനെ മറ്റു സ്ത്രീകള്ക്കൊപ്പം കണ്ടിട്ടുണ്ടെങ്കിലും തന്നോടും ഇത്തരത്തില് പെരുമാറുമെന്ന് കരുതിയിരുന്നില്ലെന്നാണ് നിതി പറയുന്നത്. സംഭവത്തിനുശേഷം അദ്ദേഹത്തോടൊപ്പം ഇനി ഒരിക്കലും സിനിമ ചെയ്യില്ലെന്ന് അന്നുതന്നെ തീരുമാനിച്ചു. എന്നാല്, ഭയം കാരണം ഈ അനുഭവം ആരോടും തുറന്നുപറയാന് കഴിഞ്ഞില്ലെന്നും താരം കൂട്ടിച്ചേര്ത്തു.
2012ല് പുറത്തിറങ്ങിയ തെലുങ്ക് ചിത്രം മേം വയസുക്ക് വച്ചം ആയിരുന്നു നിതി ടെയ്ലറുടെ ആദ്യ സിനിമ. ചിത്രം വിജയിച്ചെങ്കിലും പിന്നീട് അഭിനയിച്ച പെല്ലി പുസ്തകം പ്രതീക്ഷിച്ച സാമ്പത്തിക വിജയം നേടിയില്ല. 2014ല് ലവ് ഡോട്ട് കോം എന്ന ചിത്രത്തിലും താരം അഭിനയിച്ചു. അതിനുശേഷം സിനിമയില്നിന്ന് വിട്ടുനില്ക്കുകയായിരുന്നു.
സിനിമയിലെ കാസ്റ്റിങ് കൗച്ച് അനുഭവം മാത്രമല്ല, മുന് പ്രണയബന്ധത്തിലുണ്ടായ ദുരനുഭവങ്ങളും നിതി നേരത്തേ വെളിപ്പെടുത്തിയിട്ടുണ്ട്. മുന് കാമുകന് തന്നെ മര്ദിച്ചിരുന്നുവെന്നും സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേല്പ്പിച്ചിട്ടുണ്ടെന്നും താരം പറഞ്ഞിരുന്നു. കടുത്ത സംശയരോഗം കാരണം ബന്ധത്തില് വലിയ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള് നേരിടേണ്ടിവന്നതായും നിതി വെളിപ്പെടുത്തിയിട്ടുണ്ട്.