ഉത്തർപ്രദേശിലെ കുണ്ഡ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയും ജൻസത്താ ദൾ (ലോക്താന്ത്രിക്) നേതാവുമായ രഘുരാജ് പ്രതാപ് സിങ് എന്ന രാജാ ഭയ്യ വിജയദശമി ദിനത്തിൽ നടത്തിയ ആയുധപൂജയും തുടർന്നു നടത്തിയ പരാമർശവും വിവാദമാകുന്നു. പ്രതാപ്ഗഢിലെ ബേന്തി കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ അഞ്ഞൂറിലധികം ചെറുതും വലുതുമായ തോക്കുകളും ആയുധങ്ങളുമാണ് പൂജയ്ക്കായി നിരത്തിയത്. വേദമന്ത്രോച്ചാരണങ്ങൾക്കിടെ ഹനുമാൻ വിഗ്രഹത്തിന് മുന്നിലായിരുന്നു വിദേശ-തദ്ദേശ നിർമിത തോക്കുകൾ പൂജിച്ചത്.
ചടങ്ങിനു ശേഷം അണികളെ അഭിസംബോധന ചെയ്ത രാജാ ഭയ്യ നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്. ”ഇത്രയേയുള്ളൂ എന്ന് ആരും കരുതരുത്. ആനയ്ക്ക് കാണിക്കാൻ വേറെയും തിന്നാൻ വേറെയും കൊമ്പുകളുണ്ട്” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഈ വാക്കുകളെ സദസ്യർ കൈയടികളോടെയാണ് സ്വീകരിച്ചത്. ഈ ചടങ്ങ് പഴയൊരു കുടുംബപാരമ്പര്യമാണെന്നും ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തെക്കുറിച്ച് കൂടുതൽ അവബോധം വളർത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉത്സവവേളകളിൽ പ്രത്യേകിച്ച് യുവാക്കൾ ധോത്തി- കുർത്ത പോലുള്ള തനത് ഇന്ത്യൻ വസ്ത്രങ്ങൾ ധരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്ത്യൻ പാരമ്പര്യങ്ങൾ ക്രമേണ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുണ്ഡ മണ്ഡലത്തിൽനിന്നുള്ള ഏഴുതവണ എംഎൽഎയായ രാജാ ഭയ്യ, ആയുധങ്ങൾക്കൊപ്പം ഉടമകളുടെ പേരുകൾ എഴുതിയ കടലാസുകൾ വെക്കുന്നതിന്റെ കാരണവും വിശദീകരിച്ചു. ആയുധങ്ങളുടെ ഉടമകളെ തിരിച്ചറിയാനും ഇത്രയധികം ആയുധങ്ങൾ ക്രമീകരിച്ച് കൈകാര്യം ചെയ്യാനും ഈ രീതി സഹായിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. താനും അനുയായികളും പ്രദർശിപ്പിച്ച ആയുധങ്ങളെല്ലാം ലൈസൻസുള്ളവയാണെന്നും അദ്ദേഹം വ്യക്തമാക്കി.
2025 സെപ്റ്റംബറിൽ രാജാ ഭയ്യയുടെ ഭാര്യ ഭാൻവി സിങ് നടത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ ചടങ്ങ് ശ്രദ്ധ നേടുന്നത്. രാജാ ഭയ്യയുടെ കൈവശം നിയമവിരുദ്ധമായ ആയുധശേഖരമുണ്ടെന്നും പൊതുസുരക്ഷയ്ക്ക് ഭീഷണിയാകാൻ സാധ്യതയുള്ള തോക്കുകൾ അതിലുണ്ടെന്നും ആരോപിച്ച് ഭാൻവി സിങ് സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചിരുന്നു. എന്നാൽ, രാജാ ഭയ്യയുടെ അടുത്ത അനുയായി അക്ഷയ് പ്രതാപ് ആരോപണങ്ങൾ തള്ളിക്കളഞ്ഞു. രാജാ ഭയ്യയുടെയും അനുയായികളുടെയും കൈവശമുള്ള എല്ലാ ആയുധങ്ങളും നിയമപരമായി കൈവശം വെച്ചിട്ടുള്ളതും ലൈസൻസുള്ളതുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
വിവാദത്തിന് പിന്നാലെ കഴിഞ്ഞ വർഷത്തെ ദസറയിലും ബെന്തി കൊട്ടാരത്തിൽ സമാനമായ ശസ്ത്രപൂജ നടന്നിരുന്നു. ഇന്ത്യൻ നിർമിതവും വിദേശനിർമിതവുമായ 200-ലധികം ആയുധങ്ങളാണ് അന്ന് പ്രദർശിപ്പിച്ച് പൂജിച്ചത്. പിസ്റ്റളുകൾ, റിവോൾവറുകൾ, 12-ബോർ തോക്കുകൾ, റൈഫിളുകൾ, 30 കാർബൈനുകൾ എന്നിവയും ആയുധശേഖരത്തിലുണ്ടായിരുന്നു. 500-ലധികം ആയുധങ്ങൾ ഉൾപ്പെട്ട ഇത്തവണത്തെ ചടങ്ങോടെ, ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ തുടർച്ചയായ രണ്ടാം വർഷമാണ് രാജാ ഭയ്യ പരസ്യമായി ശസ്ത്രപൂജ സംഘടിപ്പിക്കുന്നത്. ചടങ്ങിൽ അദ്ദേഹത്തിന്റെ ഇരട്ട ആൺമക്കളും പ്രധാന പങ്കുവഹിച്ചു. മുംബൈയിൽ പഠനം പൂർത്തിയാക്കിയ ശിവ്രാജും ബ്രിജ്രാജും 2025-ൽ ജനസത്താ ദൾ (ലോക്താന്ത്രിക്) പാർട്ടിയിൽ ചേർന്നിരുന്നു. തുടർന്ന് പിതാവിനൊപ്പം രാഷ്ട്രീയ പ്രവർത്തനങ്ങളിലും ഇരുവരും കൂടുതൽ സജീവമായിട്ടുണ്ട്.















