മരുന്നു പരീക്ഷണ വിവാദത്തിന് പിന്നാലെ എസ്എംഎ രോഗബാധിതരായ കുട്ടികൾക്ക് നൽകിയ മരുന്ന് തിരികെ വിളിച്ച് ആരോഗ്യ വകുപ്പ്. ക്ലിനിക്കൽ ട്രയൽ എന്ന് എഴുതി നൽകിയ മരുന്നുകൾ തിരുവനന്തപുരം എസ്എടി ആശുപത്രിയാണ് തിരികെ വിളിച്ചത്. ആശുപത്രിയിൽ നിന്ന് നൽകിയ മരുന്നുകൾ ആശുപത്രിയിൽ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടു. രോഗബാധിതരായ ആറു കുട്ടികളുടെ മാതാപിതാക്കൾക്കാണ് ക്ലിനിക്കൽ ട്രയൽ എന്ന് എഴുതിയ ലേബലിൽ മരുന്ന് നൽകിയത്. ഇത് അടിയന്തരമായി ആശുപത്രിയിൽ തിരിച്ച് എത്തിക്കണം എന്നാണ് നിർദ്ദേശം. അതേസമയം ക്ലിനിക്കൽ ട്രയൽ എന്ന് എഴുതാത്ത മരുന്നുകൾ വിതരണം ചെയ്യും. ഇന്ത്യൻ നിർമ്മിത എസ്എംഎ മരുന്ന് വിതരണം ചെയ്യാൻ ആരോഗ്യവകുപ്പിന്റെ തീരുമാനം.
ക്ലിനിക്കൽ ട്രയൽ എന്നെഴുതിയത് വിവാദമായ പശ്ചാത്തലത്തിലാണ് മരുന്നുകൾ തിരിച്ചുവിളിക്കാനുള്ള തീരുമാനം. സ്പൈനൽ മസ്ക്കുലാർ അട്രോഫി ബാധിച്ച കുഞ്ഞുങ്ങൾക്ക് വിദേശനിർമ്മിത മരുന്ന് ആയിരുന്നു നൽകിയിരുന്നത്. ഇതിന് 5 ലക്ഷത്തോളം രൂപ വില വരും. ഇന്ത്യൻ നിർമ്മിത മരുന്ന് നൽകുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വിദഗ്ധസമിതിയെ രൂപീകരിക്കുകയും അതുമായി ബന്ധപ്പെട്ട പഠനം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഇന്ത്യൻ നിർമ്മിത മരുന്ന് വാങ്ങുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിരുന്നില്ല. ഇതിനിടെ വിദേശനിർമ്മിത മരുന്നിന് പകരം ഇന്ത്യയിൽ നിന്നുള്ള മരുന്ന് രോഗബാധിതർക്ക് നൽകാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു.
യുഡിഎഫ് അധികാരത്തിലെത്തി രണ്ടുമാസം കഴിഞ്ഞ് ജൂലൈ അഞ്ചാം തീയതി ഇന്ത്യൻ നിർമ്മിത മരുന്നു വാങ്ങാനുള്ള കരാറിൽ എത്തി. ഒക്ടോബർ ആദ്യവാരത്തോടെ ടെൻഡർ നടപടികൾ പൂർത്തിയാക്കിയത്. വിവരം പുറത്തുവന്നതോടെ പരാതികൾ പരിശോധിക്കുന്നതിൽ സർക്കാറിന് മടിയില്ലെന്നായിരുന്നു ആരോഗ്യ മന്ത്രിയുടെ പ്രതികരണം. ഈ മാസം മുതൽ ആണ് ഇന്ത്യൻ നിർമ്മിത മരുന്നുകൾ എസ് എം എ ബാധിതരായ കുട്ടികൾക്ക് നൽകിത്തുടങ്ങിയത്. അത് തുടരാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.















