കുവൈത്ത് സിറ്റി: രാജ്യത്ത് വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റങ്ങൾ പ്രകടമാകും. ഏതാനും ദിവസങ്ങളിൽ രാവിലെ ചൂടും വൈകുന്നേരങ്ങളിൽ തണുത്ത താപനിലയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേഘാവൃതമായ ആകാശത്തിന് പുറമെ ചൂടുള്ളതും ഈർപ്പമുള്ളതുമായ കാറ്റും കാലാവസ്ഥ വിവരങ്ങൾ സൂചിപ്പിക്കുന്നതായി വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു.
നേരിയ തെക്കുകിഴക്കൻ പൊടിക്കാറ്റ്, മഴ, മൂടൽമഞ്ഞ് എന്നിവക്കും സാധ്യതയുണ്ട്. വ്യാഴാഴ്ച രാത്രിയോടെ രാജ്യത്ത് വിവിധ ഇടങ്ങളിൽ നേരിയ മഴ ലഭിച്ചിരുന്നു. മഴക്കൊപ്പം കനത്ത കാറ്റും വീശി. വെള്ളിയാഴ്ച രാവിലെ കാലാവസ്ഥ ഊഷ്മളവും മേഘാവൃതവുമായി. ഉയർന്ന താപനില 25നും 27 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരുന്നു. വൈകുന്നേരം താപനിലയിൽ കുറവുണ്ടാകുകയും തണുപ്പുള്ള അന്തരീക്ഷത്തിലേക്ക് മാറുകയും ചെയ്തു.
ശനിയാഴ്ച രാവിലെ ചൂടും മേഘാവൃതവുമായിരിക്കും. കാറ്റിന് സാധ്യതയുണ്ട്. ഉയർന്ന താപനില 28 മുതൽ 31 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. വൈകുന്നേരം 15 മുതൽ 18 ഡിഗ്രി സെൽഷ്യസിനുമിടയിലുള്ള തണുത്ത താപനിലയിലേക്ക് മാറും. ശനിയാഴ്ച മേഘാവൃതമായ ആകാശവും മൂടൽമഞ്ഞും ദൃശ്യമാകുമെന്നും അൽ ഖരാവി വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ