കൊച്ചി: തായ്ലാന്‍ഡിലെ ചാങ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ തുടങ്ങിയ 2024 ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ മികച്ച പ്രകടനവുമായി ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ ടീം റൈഡര്‍മാര്‍. എപി250 ക്ലാസിലെ ആദ്യറേസില്‍ ഹോണ്ട റേസിങ് ഇന്ത്യ റൈഡര്‍ മൊഹ്സിന്‍ പറമ്പന്‍ 14ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ടീമിനായി രണ്ട് നിര്‍ണായക പോയിന്റുകള്‍ നേടി. സഹതാരം കാവിന് ക്വിന്റല്‍ നിര്‍ഭാഗ്യകരമായ സാഹചര്യങ്ങള്‍ കാരണം അയോഗ്യനാക്കപ്പെട്ടു. 19:25.971 സമയത്തിലാണ് മലപ്പുറം സ്വദേശിയായ മൊഹ്സിന്‍ മത്സരം പൂര്‍ത്തിയാക്കിയത്.
എആര്‍ആര്‍സിയില്‍ മത്സരിക്കുന്നത് എല്ലായ്പ്പോഴും ആവേശകരമായ അനുഭവമാണെന്ന് മൊഹ്സിന്‍ പറമ്പന്‍ പറഞ്ഞു. എന്റെ പ്രകടനത്തില്‍ ഞാന്‍ സന്തുഷ്ടനാണെന്നും 21കാരനായ താരം കൂട്ടിച്ചേര്‍ത്തു.
ട്രാക്കില്‍ തന്റെ പരമാവധി നല്‍കിയെങ്കിലും നിര്‍ഭാഗ്യവശാല്‍ യോഗ്യത ലഭിച്ചില്ലെന്നും, അടുത്ത റേസില്‍ ഈ പാഠമുള്‍ക്കൊണ്ടായിരിക്കും മത്സരിക്കുകയെന്ന് കാവിന് ക്വിന്റല്‍ പറഞ്ഞു.
അടുത്ത റേസിനായി ഞങ്ങളുടെ രണ്ട് റൈഡര്‍മാരും കൂടുതല്‍ ശക്തമായി തിരിച്ചുവരുമെന്നും, അവരുടെ കഴിവില്‍ വിശ്വാസമുണ്ടെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു.
എഫ്ഐഎം ഏഷ്യ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്റെ 27ാമത് എഡിഷനാണിത്. ആറു റൗണ്ടുകളാണ് ആകെയുള്ളത്. 2024 ഏപ്രിലില്‍ ചൈനയിലെ സുഹായ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടാണ് രണ്ടാം പാദത്തിന് ആതിഥേയത്വം വഹിക്കുക