ന്യൂഡൽഹി: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് ഇലക്ട്രൽ ബോണ്ട് വഴി ഡിഎംകെ സമാഹരിച്ചത് 509 കോടി രൂപയാണ് .മേഘ എൻജിനീയറിങിൽ നിന്ന് 65 കോടി രൂപയും ഡിഎംകെ സ്വീകരിച്ചു. എഐഎഡിഎംകെ ചെന്നൈ സൂപ്പർ കിങ്സിൽ നിന്ന് ആറുകോടി രൂപ ഇലക്ടറൽ ബോണ്ടുകൾ വഴി സമാഹരിച്ചു. 2017 -19 കാലയളവിൽ ഡിഎംകെയ്ക്ക് 656.5 കോടിയുടെ ബോണ്ട് ലഭിച്ചു. ഇതിൽ 509 കോടി നൽകിയിരിക്കുന്നത് മാർട്ടിൻ്റെ കമ്പനിയാണ്.
2019, 2024 തിരഞ്ഞെടുപ്പ് കാലയളവിലായി 1368 കോടി രൂപ സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനി വിവിധ പാര്‍ട്ടികള്‍ക്കായി സംഭാവന നല്‍കിയിട്ടുണ്ട് എന്ന വിവരം മാർച്ച് 14 ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച കണക്കുകളിലൂടെ വ്യക്തമായിരുന്നു. പുറത്ത് വന്ന കണക്കുകൾ ചേർത്താൽ ആകെ 1877 കോടിയുടെ ബോണ്ടുകളാണ് വിവാദ ലോട്ടറി വ്യവസായി വാങ്ങിക്കൂട്ടിയിരിക്കുന്നത്.
അതേ സമയം; എസ്ബിഐ സമർപ്പിച്ച കൂടുതൽ ഇലക്ട്രറൽ ബോണ്ടുകളുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രസിദ്ധീകരിച്ചു. 2019 ഏപ്രിൽ 12ന് മുമ്പുള്ള വിശദാംശങ്ങളാണ് പുറത്തുവിട്ടത്. 4215 കോടി രൂപയാണ് കേന്ദ്ര ഭരണപ്പാർട്ടിയായ ബിജെപിക്ക് ഇക്കാലയളിവിൽ ലഭിക്കുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
2019 ഏപ്രിൽ 12ലെ സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം രാഷ്ട്രീയ പാർട്ടികൾ ഇലക്ട്രൽ ബോണ്ട് വഴി സംഭാവനയായി സ്വീകരിച്ച പണത്തിൻ്റ വിവരങ്ങൾ മുദ്രവച്ച കവറിൽ സമർപ്പിച്ചിരുന്നു. ഈ വിവരങ്ങളാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടിരിക്കുന്നത്
2017 -18 സാമ്പത്തിക വർഷം ബി.ജെ.പിക്ക് ലഭിച്ചത് 500 ബോണ്ടുകളാണ്. ഇതിലൂടെ 210 കോടി രൂപ ലഭിച്ചു. ഇതേവർഷം കോൺഗ്രസിന് ലഭിച്ചത് അഞ്ച് കോടിയാണ്. 2018- 19 സാമ്പത്തിക വർഷം ബി.ജെ.പിക്ക് 1450 കോടിയും കോൺഗ്രസിന് 383 കോടിയും ലഭിച്ചു. 2019ൽ വീണ്ടും അധികാരത്തിൽ വന്നശേഷം 2019 -2020 സാമ്പത്തിക വർഷം ബി.ജെ.പിക്ക് ലഭിച്ചത് 2555 കോടിയുമാണ്.
2019 ഏപ്രിൽ 12 മുതൽ 2024 ഫെബ്രുവരി 15 വരെ നൽകിയ ഇലക്ടറൽ ബോണ്ടുകളുടെ കണക്ക് വ്യാഴാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇലക്ടറല്‍ ബോണ്ട് വിശദാംശങ്ങള്‍ എസ്.ബി.ഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയത്
















