സ്വന്തം അമ്മാവനടക്കമുള്ള രാഷ്ട്രീയ ശത്രുക്കളെന്നു തോന്നിയവരെയൊക്കെ വധശിക്ഷക്ക് ഇരയാക്കുക, ഇടക്കിടക്ക് ആണവമിസൈലുകൾ പരീക്ഷിക്കുന്ന സ്വേച്ഛാധിപതി, സ്വന്തം ജനതയെ തന്നെ പീഡിപ്പിക്കുന്ന ഭരണാധികാരി- ഉത്തരകൊറിയയെ അടക്കിവാഴുന്ന കിം ജോങ് ഉൻ എന്ന സ്വേച്ഛാധിപതിയെ പറ്റി ദിവസവും കേൾക്കുന്ന കഥകൾ പലതാണ്. ഇതിൽ പലതും സത്യമാകാം അല്ലെങ്കിൽ വെറും ‘കിം’വദന്തികളുമാകാം.
കിം ജോങ് ഉൻ ജനിച്ച വര്‍ഷമായി ഔദ്യോഗിക രേഖകളില്‍ കാണിച്ചിരിക്കുന്നത് 1982 എന്നാണ്. എന്നാൽ ഈ കണക്ക് ശരിയാണോ എന്ന കാര്യത്തിൽ ഉറപ്പില്ല. ഔദ്യോഗിക രേഖകളില്‍ കാണിച്ചിരിക്കുന്നത് 1982 എന്നാണെങ്കിലും രണ്ടു വര്‍ഷത്തിനു ശേഷമാണ് അദ്ദേഹം ജനിച്ചതെന്നാണ് ദക്ഷിണ കൊറിയയുടെ ഇന്റലിജന്‍സ് വിഭാഗം പറയുന്നത്. എന്തായാലും ഔദ്യോഗിക രേഖകളില്‍ കൊടുത്തിരിക്കുന്ന വർഷകനക്ക് അനുസരിച്ചാണെങ്കിൽ കിം അധികാരത്തിലേറുമ്പോൾ അദ്ദേഹത്തിന്റെ പ്രായം 29 വയസ്സായിരുന്നു.
ഉത്തര കൊറിയ ഭരിക്കുന്ന മൂന്നാമത്തെ കിം ആണ് കിം ജോങ് ഉൻ. അദ്ദേഹത്തിന്റെ മുത്തച്ഛന്‍ കിം സങ് ജു ( കിം II-സങ്) ആണ് 1948 ല്‍ സാമ്രാജ്യം തുടങ്ങിയത്. പിന്നീട് 1994 വരെ അദ്ദേഹത്തിന്റെ ഭരണം ആയിരുന്നു. മുത്തച്ഛനെപ്പോലെ രൂപസാദൃശ്യമുണ്ടാകാൻ കിം തന്റെ 27-ാം വയസ്സില്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയതായി ആരോപണമുണ്ട്. തന്റെ അച്ഛന്‍ കിം ജോങ് ഇൽ ( കിം ജോങ് II ) 2011 ൽ മരണപ്പെട്ടപ്പോഴാണ് ഇപ്പോഴത്തെ കിം കിം ജോങ് ഉൻ അധികാരത്തിലേറുന്നത്. അച്ഛന്റെ മരണത്തിനു ശേഷം രാജ്യത്തു ദുഃഖാചരണമുണ്ടായിരുന്നു. അത് തെറ്റിച്ചവരെ ആറുമാസത്തേക്ക് കഠിന ജോലി ചെയ്യിക്കുന്ന ക്യാംപുകളിലേക്ക് അയച്ചുകൊണ്ടാണ് കിം തന്റെ ഭരണം തുടങ്ങുന്നത്.
സ്വിറ്റ്‌സർലണ്ടിലെ ബേർണിൽ ആയിരുന്നു കിമ്മിന്റെ പ്രാഥമിക വിദ്യാഭ്യാസം. ഒരു ഉത്തരകൊറിയൻ ഡിപ്ലോമാറ്റിന്റെ മകൻ എന്ന തരത്തിൽ വളരെ രഹസ്യമായി ആയിരുന്നു കിം ജോങ് ഉന്നിന്റെ കോൺവെന്റ് വിദ്യാഭ്യാസം. ബാസ്‌കറ്റ് ബോളിനോട് കിമ്മിന് ഏറെ താല്പര്യമുണ്ടായിരുന്നു. ബാസ്കറ്റ് ബോൾ ഇതിഹാസം മൈക്കിള്‍ ജോര്‍ഡന്റെ ആരാധകനായിരുന്നു കിം ജോങ് ഉൻ. കുട്ടിക്കാലത്ത് വികൃതിയും പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവക്കാരനുമായിരുന്നു കിം.
കിം ജോങ് ഉൻ അധികാരത്തിലേറിയ നാൾ മുതൽ ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് നോർത്ത് കൊറിയയിൽ കേൾക്കുന്ന ഒരേയൊരു പേര് അദ്ദേഹത്തിന്റേത് മാത്രമാണ്.
വളരെ വിചിത്രമായ ഭക്ഷണശീലങ്ങളാണ് കിം ജോങ് ഉന്നിനുണ്ടായിരുന്നത്. പാല്‍ക്കട്ടി അദ്ദേഹത്തിന്റെ ഇഷ്ട ഭക്ഷണങ്ങളിൽ ഒന്നാണ്.
കിം ജോങ് ഉൻ തന്റെ അനന്തരാവകാശിയായി വളർത്തിക്കൊണ്ടു വരുന്നത് തന്റെ മകളെയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മിസൈൽ പരീക്ഷണം അടക്കമുള്ള വേദികളിൾ കിം ജോങ്ങിനൊപ്പം പ്രത്യക്ഷപ്പെടുന്നത് കിം ജുഏ മകൾ ആണ്. എന്നാൽ ഇതുതന്നെയാണോ കുട്ടിയുടെ പേറുന്ന കാര്യത്തിലും സംശയം പ്രകടിപ്പിക്കുണ്ട്. പത്ത് വയസ്സാണ് കുട്ടിയുടെ പ്രായം എന്ന് പറയുന്നു, ഉറപ്പില്ല. കുട്ടികളെപ്പറ്റിയോ വിവാഹ ജീവിതത്തെ പറ്റിയോ ഉള്ള വിവരങ്ങളൊന്നും കിം പുറത്തു അങ്ങനെ വെളിപ്പെടുത്താറില്ല.
കിം ജുഏയ്ക്ക് മൂത്ത ഒരു സഹോദരനും ഇളയ ഒരു സഹോദരിയും ഉണ്ടെന്നാണ് കരുതപ്പെടുന്നത്. എന്നാൽ അവരെ ആരും ഇതുവരെ പൊതുവേദികളിൽ കണ്ടിട്ടില്ല. നിറവധി ആരോഗ്യപ്രശ്നങ്ങൾ ഉള്ള ആളാണ് കിം എന്നും അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ ഉത്തര കൊറിയയുടെ ഭരണം കിംമിന്റെ സഹോദരി കിം യോ ജോങ് ഏറ്റെടുക്കുമെന്നും വാർത്തകളുണ്ടായിരുന്നു.
മൊറാന്‍ബോങ് എന്ന പേരിൽ സ്വന്തമായി ഒരു മ്യൂസിക് ബാൻഡ് ഉള്ള ആളുകൂടിയാണ് കിം ജോങ് ഉൻ. സ്ത്രീകള്‍ മാത്രമാണ് ഈ ബാൻഡിലുള്ളത്.
കടലിൽ സ്ഥിതി ചെയ്യുന്ന ഒരു പാറക്കെട്ടിനോട് കിമ്മിന് വല്ലാത്ത ദേഷ്യമാണെന്നാണ് പറയുന്നത്. ആൾസോം എന്നറിയപ്പെടുന്ന ഈ പാറക്കെട്ടിൽ 25 തവണയിലേറെയാണ് ഉത്തര കൊറിയ മിസൈലാക്രമണം നടത്തിയത്. ഉത്തര കൊറിയയുടെ വടക്കുകിഴക്കൻ തീരത്തിനു 18 കിലോമീറ്റർ അകലെയാണ് ആൾസോം ദ്വീപ് സ്ഥിതി ചെയ്യുന്നത്. അനേകം മിസൈൽ പരീക്ഷണങ്ങൾ ആണ് ഉത്തര കൊറിയ ഇവിടെ നടത്തിയിട്ടുള്ളത്. ഇത്രയും ആക്രമണങ്ങൾ ഒരു സ്ഥലത്തു തന്നെ നടത്തിയതോടെയാണ് പാറക്കെട്ടിനെക്കുറിച്ച് കഥകൾ പ്രചരിക്കാൻ തുടങ്ങിയത്. കിം ജോങ് ഉൻ ഏറ്റവും വെറുക്കുന്ന പാറക്കെട്ടാണ് ആൾസോമെന്ന് സമൂഹമാധ്യമങ്ങളിലെല്ലാം പ്രചരിക്കാൻ തുടങ്ങി. ആർക്കും അവകാശമില്ലാത്ത സ്ഥലം എന്നാണ് ആൾസോം എന്ന വാക്കിന്റെ അർഥം.
എന്നാൽ ഇതൊക്കെ വെറും കഥകളാണെന്നും കിമ്മിന് ആൾസോമിനോട് ദേഷ്യമൊന്നുമില്ലെന്നും ദക്ഷിണ കൊറിയയെ മൊത്തത്തിൽ പ്രഹരിക്കാൻ ശേഷിയുള്ള കെഎൻ 23 പോലുള്ള ഹ്രസ്വദൂര മിസൈലുകൾ പരിശോധിക്കാൻ പറ്റിയ ഇടമാണ് ആൾസോം പാറക്കെട്ട് എന്നുമാണ് ഔദ്യോഗിക വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
രാജ്യത്തെ ജനന നിരക്ക് കുത്തനെ ഇടിയുന്നുവെന്നും സ്ത്രീകൾ കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകണമെന്നും മാധ്യമങ്ങൾക്ക് മുന്നിൽ ഇരുന്നു വിതുമ്പലോടെ അഭ്യർത്ഥിക്കുന്ന ഏകാധിപതിയായ കിമ്മിനെയും ജനങ്ങൾ കണ്ടതാണ്. വികാരാധീനനായി കണ്ണു തുടയ്ക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
ഓരോ ദിവസവും ഉത്തര കൊറിയയിൽ നിന്നും പുറത്തു വരുന്ന വാർത്തകൾ പലതാണ്. സ്വേച്ഛാധിപതിയെ പറ്റി ദിവസവും കേൾക്കുന്ന കഥകളും പലതാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം