വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ഥി ജെ. എസ്. സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളും സംശയങ്ങളും അങ്ങനെ തന്നെ നമുക്ക് മുന്നിൽ നിൽക്കുകയാണ്. സിദ്ധാര്ത്ഥന് ഹോസ്റ്റലില്‍ വച്ച് ക്രൂരമായ മര്‍ദനത്തിന് ഇരയാകേണ്ടി വന്നു എന്നാണ് അടുത്ത സുഹൃത്തുക്കളിൽ നിന്നും ബന്തുക്കളിൽ നിന്നും ലഭിക്കുന്ന വിവരം. ഈ സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. അതിനിടെ സിദ്ധാര്‍ത്ഥനെ ഹോസ്റ്റലില്‍ മര്‍ദിക്കുന്നതായി ഒരു വീഡിയോ ഫേസ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്.
എന്താണ് ഇതിന്റെ വസ്തുത?
ഫെബ്രുവരി പതിനെട്ടിനായിരുന്നു സിദ്ധാര്‍ത്ഥനെ കോളേജ് ഹോസ്റ്റലിലെ ബാത്റൂമിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ സിദ്ധാർത്ഥൻ നേരിട്ടത് അതിക്രൂര മർദനവും പരസ്യവിചാരണയും ഒക്കെയാണെന്ന വിവരങ്ങൾ ഇപ്പോഴും നമുക്ക് മുന്നിൽ ഉണ്ട്. ബെല്‍റ്റും കേബിളും ഒക്കെ ഉപയോഗിച്ചാണ് സിദ്ധാർത്ഥൻ മർദിച്ചത്. മര്‍ദിച്ചതിന്റെ മുറിവുകള്‍ സിദ്ധാര്‍ത്ഥന്റെ ശരീരത്തില്‍ ഉണ്ടായിരുന്നതായി പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടും വ്യക്തമാക്കുന്നുണ്ട്.
സിദ്ധാര്‍ത്ഥനെ ഹോസ്റ്റലില്‍ മര്‍ദിക്കുന്നതായി പറയുന്ന വീഡിയോ ‘സിദ്ധാർത്ഥിനെ ചോദ്യം ചെയ്യുന്ന ചെറിയ വീഡിയോ’ എന്ന തലക്കെട്ടോടെയാണ് പ്രചരിക്കുന്നത്. ഒന്നര മിനുറ്റോളം ദൈർഘ്യമുള്ള വീഡിയോ ആണ് ഇത്. ഇതിൻറെ തുടക്കഭാഗത്ത് ഒരു യുവാവ് മറ്റൊരാളെ പരിഹസിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നതായി കേൾക്കാം.
വീഡിയോ വിശദമായി പരിശോധിച്ചപ്പോൾ കെഎസ്യു ഗവര്‍ണമെന്റ് ലോ കോളേജ് കോഴിക്കോട് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സമാന വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളതായി കണ്ടെത്തി. 2023 നവംബര്‍ 25ന് ആണ് വിഡി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ നിന്ന് തന്നെ ഏകദേശം കാര്യങ്ങൾ വ്യക്തമാണ്. കാരണം സിദ്ധാർത്ഥൻ മരണപ്പെട്ടത് 2024 ഫെബ്രുവരി 18ന് ആണ്.
“കോഴിക്കോട് ഗവ ലോ കോളേജിൽ എസ്എഫ്ഐ നടത്തുന്ന നുണ കഥ പൊളിയുന്നു… യൂണിയൻ പരിപാടി അലങ്കോലമാക്കാൻ ksu ക്കാർ സംഘർഷം ഉണ്ടാക്കി എന്നുള്ള തരത്തിലുള്ള sfi യുടെ നുണ പ്രചാരണങ്ങളും വെള്ള പൂശലും അവസാനിക്കുന്നില്ല, ജാതി അതിക്ഷേപ കേസിൽ സസ്പെൻഷനിലുള്ള അഭിഷേക്, മനു വിജയൻ എന്നിവരുടെ നേതൃത്വത്തിൽ ആണ് ഇന്നലെ ksu പ്രവർത്തകർക്ക് നേരെ ആക്രമണം നടന്നത്, മദ്യവും ലഹരി വസ്തുക്കളും ഉപയോഗിച്ച് സാമൂഹ്യ വിപത്തുകൾ ആയിത്തീർന്ന ഇവരെ പോലെ ഉള്ളവരെയും അതിന് നേതൃത്വം കൊടുക്കുന്ന sfi എന്ന സംഘടനെയെയും ലോ കോളേജിലെ വിദ്യാർത്ഥികൾ തിരിച്ചറിയണം” എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
2023 നവംബർ, ഡിസംബർ മാസങ്ങളിൽ കോഴിക്കോട് ലോ കോളേജിൽ കെഎസ്യു എസ്എഫഐ സംഘർഷങ്ങൾ നടന്നതായുള്ള വാർത്തകളും പുറത്തു വന്നിട്ടുണ്ട്.
ഇതിൽ നിന്നും ‘സിദ്ധാർത്ഥിനെ ചോദ്യം ചെയ്യുന്ന ചെറിയ വീഡിയോ’ എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന വീഡിയോ യഥാർത്ഥത്തിൽ സിദ്ധാർത്ഥന്റെതല്ലായെന്ന വ്യക്തമാകും. ഈ വീഡിയോയ്ക്ക് സിദ്ധാര്‍ത്ഥന്റെ മരണവുമായി യാതൊരു ബന്ധവുമില്ല. ലഭ്യമായ വിവരങ്ങളിൽ നിന്നും സിദ്ധാർത്ഥനെ ചോദ്യം ചെയ്യുന്ന വീഡിയോ എന്ന രീതിയിൽ പ്രചരിക്കുന്നത് 2023 നവംബർ 24ന് കോഴിക്കോട് ലോ കോളേജ് ഹോസ്റ്റലിൽ നടന്ന കെഎസ്യു-എസ്എഫ്ഐ സംഘർഷത്തിന്റെ ദൃശ്യങ്ങളാണെന്ന് വ്യക്തമായി. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും കേസ് സിബിഐയ്ക്ക് വിടണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിദ്ധാര്‍ത്ഥന്റെ അച്ഛന് ജയപ്രകാശ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് നിവേദനം നല്‍കുകയും ചെയ്തിരുന്നു. അന്വേഷണം സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം