തിരുവനന്തപുരം: തിരുവനന്തപുരം ലോക് സഭ മണ്ഡലത്തിലെ മൂന്ന് സ്ഥാനാർഥികൾക്കും തന്റെ വോട്ടില്ലെന്ന് ശ്രീകുമാരൻ തമ്പി. ശതാഭിഷേക ആഘോഷവേളയിൽ ആശംസകൾ നേരാൻ ശ്രീചിത്ര പുവർഹോമിലെത്തിയ സ്ഥാനാർഥികളായ ഡോ. ശശി തരൂർ, പന്ന്യൻ രവീന്ദ്രൻ, രാജീവ് ചന്ദ്രശേഖർ എന്നിവരോടാണ് ശ്രീകുമാരൻ തമ്പി സ്വരം കടുപ്പിച്ചത്.
“തിരുവനന്തപുരത്തിന്റെ മൂന്ന് സ്ഥാനാർഥികൾക്കും എന്റെ വോട്ടില്ല’. അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് സ്ഥാനാർഥികളും സദസ്സും ഒന്ന് ഞെട്ടി. പക്ഷേ, ഞെട്ടൽ ചിരിയിലേക്ക് മാറാൻ മിനിറ്റുകൾ വേണ്ടിവന്നില്ല. ‘എന്റെ വോട്ട് ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലാണ്’, ശ്രീകുമാരൻ തമ്പി തമാശ രൂപേണ പറഞ്ഞു.
“തിരുവനന്തപുരത്തിന്റെ നഗരഹൃദയമായ പേയാടാണ് ഞാൻ താമസിക്കുന്നത്. പക്ഷേ, അതെങ്ങനെ ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലായി എന്നത് എനിക്ക് ആലോചിച്ചിട്ട് മനസിലാകുന്നില്ല. ഓരോ സർക്കാർ വരുമ്പോഴും അവരുടെ സൗകര്യത്തിന് മണ്ഡലങ്ങൾ മാറ്റുകയാണ്. കൂടുതൽ വോട്ട് കിട്ടാൻ വേണ്ടി യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും കളികളാണ് ഇതെല്ലാം’”-അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു.
ശ്രീകുമാരൻ തമ്പി ഫൗണ്ടേഷനും ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ജന്മദിനചടങ്ങിൽ ശ്രീചിത്ര പുവർഹോമിലെ അന്തേവാസികൾക്കും ആരാധകർക്കും സുഹൃത്തുകൾക്കുമൊപ്പം ശ്രീകുമാരൻ തമ്പി 84ാം പിറന്നാൾ സദ്യ ഉണ്ടു.
തിരുവനന്തപുരം പാർലമെന്റ് സ്ഥാനാർഥികളായ പന്ന്യൻ രവീന്ദ്രൻ, ശശി തരൂർ, രാജീവ് ചന്ദ്രശേഖർ, മുൻ സ്പീക്കർ എം. വിജയകുമാർ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, നിർമാതാവ് ജി. സുരേഷ്കുമാർ, ദിനേഷ് പണിക്കർ, കല്ലിയൂർ ശശി, ജ്യോതിസ് ചന്ദ്രൻ, അഡ്വ. വിജയാലയം മധു എന്നിവരും പങ്കെടുത്തു.