തിരുവനന്തപുരം: സെന്റ് പീറ്റേഴ്സ് കോളജ് ദിനാഘോഷത്തിൽ അതിഥിയായെത്തിയ ഗായകൻ ജാസി ഗിഫ്റ്റിനെ പ്രിൻസിപ്പൽ അപമാനിച്ച സംഭവത്തിൽ ഖേദം രേഖപ്പെടുത്തി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കലാകാരന്മാരെയും സാംസ്കാരിക നായകരേയും മറ്റും ക്ഷണിച്ചുവരുത്തി അപമാനിക്കുന്നത് ഒരു കലാലയത്തിനും ഭൂഷണമല്ലെന്ന് മന്ത്രി പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രിയുടെ ഖേദ പ്രകടനം.
മന്ത്രിയുടെ കുറിപ്പ്
‘കലാകാരന്മാരെയും സാംസ്കാരിക നായകരേയും മറ്റും ക്ഷണിച്ചുവരുത്തി അപമാനിക്കുന്നത് ഒരു കലാലയത്തിനും ഭൂഷണമല്ല. മലയാളഗാനശാഖയിൽ നൂതനമായ ഒരു ധാരയ്ക്ക് രൂപം കൊടുത്ത ജാസി ഗിഫ്റ്റ് എന്ന അനുഗൃഹീത കലാകാരന് ഉണ്ടായ ദുരനുഭവത്തിൽ ഖേദം രേഖപ്പെടുത്തുന്നു…..’
കഴിഞ്ഞ ദിവസം എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിൽ ജാസി ഗിഫ്റ്റും സംഘവും പാടിക്കൊണ്ടിരിക്കുന്നതിനിടയിൽ പ്രിൻസിപ്പൽ മൈക്ക് പിടിച്ചുവാങ്ങിയത് വിവാദമായിരുന്നു. ജാസി ഗിഫ്റ്റിനൊപ്പമുള്ള ആളെ പാടാൻ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു പ്രിൻസിപ്പലിന്റെ നടപടി. ഇതിനുപിന്നാലെ പാട്ട് പൂർത്തിയാക്കാതെ ജാസി ഗിഫ്റ്റ് വേദിയിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.
അതിഥിയായ ജാസി ഗിഫ്റ്റിനു മാത്രമേ പാട്ടു പാടാൻ അനുവാദമുള്ളൂവെന്ന് വിദ്യാർഥി പ്രതിനിധികളുമായി നേരത്തെ ധാരണയിലെത്തിയിരുന്നതാണെന്നും കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ സർക്കാർ നിർദേശങ്ങൾക്ക് വിരുദ്ധമായി പരിപാടികൾ അവതരിപ്പിക്കരുതെന്ന് വേദിയിൽ ഓർമപ്പെടുത്തുക മാത്രമാണുണ്ടായതെന്നുമാണ് പ്രിൻസിപ്പലിന്റെ നിലപാട്. ജാസി ഗിഫ്റ്റിനെ ക്ഷണിച്ചപ്പോൾ അദ്ദേഹത്തോട് ഇക്കാര്യങ്ങൾ വിദ്യാർഥികൾ പറയാൻ വിട്ടുപോയതായിരിക്കാം ആശയക്കുഴപ്പത്തിന് ഇടയാക്കിയതെന്നും അവർ പറഞ്ഞിരുന്നു.