പാലക്കാട്: ചേലക്കരക്കാർക്ക് അബദ്ധം പറ്റിയതല്ല തന്റെ മന്ത്രി സ്ഥാനമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. വി ഡി സതീശന്റെ വാക്കുകൾക്ക് ചേലക്കരയും ആലത്തൂരും ഈ തിരഞ്ഞെടുപ്പിലൂടെ ഉത്തരം കൊടുക്കുമെന്നും മന്ത്രി പറഞ്ഞു.
ആലത്തൂരിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തതിന് പിന്നിൽ കോൺഗ്രസ് ബിജെപി അന്തർധാര ഉണ്ടോ എന്ന് സംശയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഇടതുപക്ഷത്തെ തോൽപ്പിക്കാനാണ് ബിജെപിയും കോൺഗ്രസും ഒരുമിച്ച് ശ്രമിക്കുന്നത്. ബിജെപി കോൺഗ്രസിനെ അല്ല, ഇടതുപക്ഷത്തെയാണ് ഭയപ്പെടുന്നത്. ഇടതുപക്ഷത്തെ തോൽപ്പിക്കാൻ അവർ എന്തും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
തിരഞ്ഞെടുപ്പിൻ്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് ഇടതുപക്ഷം മുൻകൂട്ടി തയ്യാറെടുത്തിരുന്നു. പ്രചരണ പരിപാടികൾ സർവ്വശക്തമായി മുന്നോട്ടു പോകുന്നു. വർഗീയ ധ്രൂവീകരണത്തിലൂടെ മാത്രമേ രാജ്യത്തെ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയൂയെന്ന് ബിജെപി മനസ്സിലാക്കി. അധികാരം നിലനിർത്താൻ ഏതു മാർഗവും ബിജെപി സ്വീകരിക്കും. ഇടതുപക്ഷം വികസന പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് പ്രചാരണം നടത്തുന്നത്. ഇടതുപക്ഷ സർക്കാർ ഇന്ത്യക്ക് മാതൃകയാവുകയാണെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു.
നേരത്തെ, മന്ത്രി കെ. രാധാകൃഷ്ണനെ അവസാനിപ്പിക്കാനാണ് പിണറായി വിജയൻ ആലത്തൂരിൽ സ്ഥാനാർഥിയാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചിരുന്നു. എന്തിനാണ് മന്ത്രിയെ സി.പി.എം തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത്. തുടർഭരണം കിട്ടുന്നതിന് മുമ്പ് കുറേ ആളുകൾക്ക് പിണറായി വിജയൻ സീറ്റ് നൽകിയില്ല. ജയിച്ചു വന്ന കുറേ പേർക്ക് മന്ത്രിസ്ഥാനവും നൽകിയില്ല. അബദ്ധത്തിലാണ് രാധാകൃഷ്ണൻ മന്ത്രിയായത്. അതും കൂടി അവസാനിപ്പിച്ച് പറഞ്ഞ് വിടാനാണ് സ്ഥാനാർഥിയാക്കിയതെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
Read More……
- ചിലങ്ക നൃത്തോത്സവം 2024
- മുഖ്യമന്ത്രിക്ക് ആരാണ് ഇതൊക്കെ പറഞ്ഞുകൊടുക്കുന്നത് | Shashi Tharoor | Pinarayi Vijayan
- ടൈഗറിനെ കൈവിട്ട് അക്ഷയ് കുമാർ: സമൂഹമാധ്യമങ്ങളിൽ വൈറലായി താരങ്ങളുടെ സസ്പെൻസ് ഫൺ വീഡിയോ