കണ്ണൂര്: സഹോദരൻ കെ. മുരളീധരനും ബി.ജെ.പിയിൽ ചേരുമെന്ന് പത്മജാ വേണുഗോപാൽ. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ മത്സരിക്കുന്ന കെ.മുരളീധരനെ കോൺഗ്രസുകാർ തന്നെ കുളിപ്പിച്ചു കിടത്തും. സഹോദരന്റെ കാര്യത്തിൽ തനിക്കു സഹതാപമുണ്ടെന്നും പത്മജ വേണുഗോപാൽ പറഞ്ഞു.
മുരളീധരൻ വളരെ പെട്ടെന്ന് പ്രതികരിക്കുന്ന ആളാണ്. അതുകൊണ്ട് അദ്ദേഹത്തിനു ബുദ്ധി വരാൻ കുറച്ചുകൂടി സമയമെടുക്കും. അതുകഴിഞ്ഞാൽ അദ്ദേഹവും ബിജെപിയിലേക്കു തന്നെ വരുമെന്ന് പത്മജ അവകാശപ്പെട്ടു. ബിജെപിയിലേക്ക് മുരളീധരനുള്ള ഒരു പരവതാനി കൂടി താൻ വിരിച്ചിട്ടിട്ടുണ്ടെന്ന പ്രസ്താവന പത്മജ വേണുഗോപാൽ ഒരിക്കൽക്കൂടി ആവർത്തിക്കുകയും ചെയ്തു.
‘കെ കരുണാകരന്റെ മകളെന്ന നിലയ്ക്ക് കിട്ടുന്ന അംഗീകാരത്തിൽ അസൂയയുള്ളവരാണ് പലരും. എന്നെ ഫ്ലക്സിൽ വെക്കില്ലായിരുന്നു. സ്റ്റേജിൽ കയറ്റില്ലായിരുന്നു. കിട്ടിയ ഒരുപാട് കാര്യത്തിൽ കുറച്ചെങ്കിലും തിരിച്ചുകൊടുക്കുമ്പോൾ സന്തോഷമുണ്ട്. ഇനി ഭാരതീയ ജനതാ പാർട്ടിക്കൊപ്പം മരണം വരെ തുടരും. എന്റെ ഓരോ തുള്ളി രക്തവും ഈ പാർട്ടിക്ക് ഉള്ളതാണ്’.
‘തൃശ്ശൂരിനെ അറിയുന്നയാളാണ് ഞാൻ. ഇപ്രാവശ്യം തൃശ്ശൂരിൽ ബിജെപി അകൗണ്ട് തുറന്നിരിക്കും. കോൺഗ്രസിൽ പണ്ടത്തെ പോലെയല്ല, ഇപ്പോൾ ഓരോ നേതാക്കന്മാർക്കും ഗ്രൂപ്പാണ്. ഒരു നേതാവിനോട് മിണ്ടിയാൽ മറ്റേ നേതാക്കന്മാർ പിണങ്ങുമോ എന്ന് ഭയന്നാണ് പ്രവർത്തകർ കഴിയുന്നത്. ചെറിയ കുട്ടികൾക്ക് മുതൽ 90 വയസ്സുള്ളവർക്ക് വരെ ഞാൻ പത്മേച്ചിയാണ്. നിങ്ങളുടെ പത്മേച്ചിയായി ഞാൻ കൂടെ ഉണ്ടാകും. സഹോദരിയെ വിളിക്കുന്നത് പോലെ നിങ്ങൾക്ക് എന്നെ വിളിക്കാം’.
മുഖ്യമന്ത്രിമാരുടെ മക്കൾ ഇനിയും ബിജെപിയിലേക്ക് വരും. ഒന്നിലും പേടിയില്ല എന്നതും ചെയ്യുമെന്ന് പറഞ്ഞത് ചെയ്തിരിക്കുമെന്നതും കരുണാകരനിലു മോദിയിലുമുള്ള സാമ്യമാണ്. തന്റെ കുടുംബം ഭാരതമെന്ന് മോദി പറഞ്ഞു, അങ്ങനെ ഉള്ളവരെ വിശ്വസിക്കാം. അദ്ദേഹം എല്ലാവരെയും മക്കളായി കാണുന്നവരാണെന്നും പത്മജ പറഞ്ഞു.
കേരളം ഇങ്ങനെ കിടന്നാൽ മതിയോ? കെ കരുണാകരന് ശേഷം ആര് കേരളത്തിൽ വികസന പ്രവർത്തനങ്ങൾ നടത്തി? ആർക്കും താത്പര്യമില്ല. ഭരണത്തിൽ വരിക അഞ്ച് കൊല്ലം കഴിയുമ്പോൾ പോവുക ഇതാണ് എല്ലാവരും ചെയ്യുന്നത്. തന്റെ പിതാവ് തന്നെ ശപിക്കില്ലെന്നും അദ്ദേഹത്തിന്റെ കണ്ണീര് കണ്ടതാണ് താനാണെന്നും പത്മജ കൂട്ടിച്ചേര്ത്തു.
Read More……
- ചിലങ്ക നൃത്തോത്സവം 2024
- മുഖ്യമന്ത്രിക്ക് ആരാണ് ഇതൊക്കെ പറഞ്ഞുകൊടുക്കുന്നത് | Shashi Tharoor | Pinarayi Vijayan
- ടൈഗറിനെ കൈവിട്ട് അക്ഷയ് കുമാർ: സമൂഹമാധ്യമങ്ങളിൽ വൈറലായി താരങ്ങളുടെ സസ്പെൻസ് ഫൺ വീഡിയോ