വരുമാനത്തിനായി കാടുകയറി; ആദിവാസി കുടുംബത്തിൻ്റെ താമസം മാസങ്ങളായി വനത്തിലെ പാറയിടുക്കിൽ; കയ്യുംകാലും തളർന്ന ഗൃഹനാഥനും 14കാരി മകളും അടങ്ങുന്ന കുടുംബത്തെ പുറത്തെത്തിച്ചു

പാലക്കാട്: വനത്തിനുള്ളിൽ  പാറയിടുക്കില്‍ ടാര്‍പ്പോളില്‍ വലിച്ചുകെട്ടി താമസിക്കുന്ന ആദിവാസി കുടുംബത്തിനെ സാഹസികമായി പുറത്തെത്തിച്ചു. നെല്ലിയാമ്പതി വനമേഖലയിലെ ചെള്ളിക്കയത്ത് പാറയിടുക്കില്‍ താമസിച്ചിരുന്ന അയിലൂര്‍ കല്‍ച്ചാടി കോളനിയിലെ താമസക്കാരനായ അപ്പുക്കുട്ടനെയും (61) കുടുംബത്തെയുമാണ് പുറത്തെത്തിച്ചത്.

അപ്പുക്കുട്ടനും ഭാര്യ പുഷ്പയും 14 വയസ്സുകാരിയായ മകളുമടങ്ങുന്ന കുടുംബം 3 മാസം മുമ്പാണ്  ഒലിപ്പാറയ്ക്കടുത്തുള്ള വനത്തിനുള്ളിലെ കാട്ടരുവിക്ക് സമീപമുള്ള പാറയിടുക്കില്‍ ടാര്‍പ്പോളില്‍ വലിച്ചുകെട്ടി താമസമാരംഭിച്ചത്. കോളനിയില്‍ തൊഴിലില്ലാതെ വന്നതോടെ കുടുംബത്തിൻ്റെ  വരുമാനം നിലച്ചു. തുടർന്നാണ്  വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനായി കുടുംബം കാടുകയറിയത്.

പ്രായാധിക്യം മൂലമുള്ള രോഗങ്ങൾ അലട്ടുന്ന അപ്പുക്കുട്ടന് രണ്ടാഴ്ച മുമ്പ് മുന്‍പ് വലതു കൈയ്യും കാലും തളരുകയും സംസാരശേഷി നഷ്ടപ്പെടുകയും ചെയ്തിരുന്നു. തൊട്ടടുത്തുള്ള സ്വകാര്യ തോട്ടത്തിലെ തൊഴിലാളികൾ അയിലൂര്‍ ഗ്രാമപ്പഞ്ചായത്തംഗം കെ.എ.മുഹമ്മദ് കുട്ടിയെ വിവരമറിയിച്ചു.

തുടർന്ന്  മുഹമ്മദിൻ്റെ നേതൃത്വത്തിൽ നേതൃത്വത്തില്‍ എസ്ടി പ്രമോട്ടര്‍ രമേഷ്, ഒലിപ്പാറയിലെ ഐഎന്‍ടിയ.സി.തൊഴിലാളികള്‍ എന്നിവര്‍ ചേര്‍ന്ന് വനത്തിലേക്ക് കയറിയാണ് അപ്പുക്കുട്ടനെയും കുടുംബത്തേയും  കണ്ടെത്തിയത്. കുറച്ചു ദൂരം ജീപ്പിലും മൂന്നു കിലോമീറ്ററോളം കാല്‍നടയായും യാത്ര ചെയ്താണ്  ഇവരെ കണ്ടെത്തിയത്.

തുടർന്ന് ശനിയാഴ്ച ഉച്ചയോടെ വനത്തിനകത്തുനിന്ന്  തുണിമഞ്ചലില്‍ തോളിലേറ്റിയാണ് അപ്പുക്കുട്ടനെ പുറത്തെത്തിച്ചത്. അപ്പുക്കുട്ടനെ നെന്മാറ സാമൂഹ്യാരോഗ്യകേന്ദ്രത്തിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.