അബുദാബി ∙ റമസാനിലെ ആദ്യ വെള്ളിയിൽ ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കാൻ എത്തിയ വിശ്വാസികളെ കൊണ്ട് പള്ളികൾ നിറഞ്ഞുകവിഞ്ഞു. രാവിലെ പതിനൊന്നരയോടെ പള്ളിയുടെ അകത്തളം നിറഞ്ഞു. പിന്നീട് എത്തിയ വിശ്വാസികൾക്ക് വരാന്തയിലും മുറ്റത്തും സമീപത്തെ റോഡുകളിലും നിന്നാണ് നമസ്കാരം നിർവഹിച്ചത്. ജുമുഅ നമസ്കാരം കഴിഞ്ഞും ഏറെ നേരം പള്ളിയിൽ ചെലവഴിച്ച് ഖുർആൻ പാരായണവും അനുബന്ധ പ്രാർഥനകളും നടത്തിയ ശേഷമാണ് ജനം പിരിഞ്ഞുപോയത്.
സ്വർഗകവാടം എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു ജുമുഅ പ്രഭാഷണം (ഖുതുബ). നോമ്പുകാർ, ദാനധർമം ചെയ്തവർ, ദൈവസ്മരണയിൽ മുഴുകിയവർ, മാതാപിതാക്കൾക്ക് ഗുണം ചെയ്തവർ തുടങ്ങി ഓരോ വിഭാഗത്തിനും പ്രത്യേകം കവാടങ്ങളാണ് സ്വർഗത്തിൽ വിശ്വാസികൾക്കായി ഒരുക്കിയിരിക്കുന്നത്. പ്രധാനപ്പെട്ട വിഷയങ്ങളിൽനിന്ന് വ്യതിചലിക്കാതെ ദൈവേഷ്ടം അനുസരിച്ച് ജീവിക്കണമെന്ന് ഇമാമുമാർ വിശ്വാസികളെ ഉണർത്തി.
കേവലം അന്നപാനീയങ്ങൾ വെടിയുക മാത്രമല്ല നിഷിദ്ധമാക്കിയതിൽനിന്ന് എല്ലാം വിട്ടുനിൽക്കുമ്പോഴാണ് നോമ്പ് പൂർണമാകുക. ജുമുഅയ്ക്ക് ശേഷം ചിലയിടങ്ങളിൽ മതപ്രഭാഷണവും ഖുതുബയുടെ വിവർത്തനവും ഉണ്ടായിരുന്നു. ദുബായ്, ഷാർജ, അജ്മാൻ, ഫുജൈറ എമിറേറ്റുകളിലെ ചില പള്ളികളിൽ മതകാര്യ വകുപ്പിന്റെ അനുമതിയോടെ മലയാളത്തിലായിരുന്നു ഖുതുബ.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ