കോട്ടയം ∙ ഗൾഫ് മേഖലയിൽ വമ്പൻ പദ്ധതികളുമായി ആർപി ഗ്രൂപ്പ്. സൗദി, യുഎഇ, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ മാത്രം പെട്രോളിയം മേഖലയുമായി ബന്ധപ്പെട്ട് 70000 കോടിയധികം രൂപയുടെ പദ്ധതികളാണ് കഴിഞ്ഞദിവസങ്ങളിൽ കമ്പനി ഒപ്പുവച്ചത്. ദ്രവീകൃത പ്രകൃതി വാതകം, പെട്രോകെമിക്കൽ മേഖല എന്നിവയുമായി ബന്ധപ്പെട്ടതാണ് പ്രധാന പദ്ധതികൾ. ഇതിലേക്ക് മാത്രമായി 80000 തൊഴിൽ അവസരങ്ങൾ പുതിയതായി സൃഷ്ടിക്കപ്പെടുമെന്ന് കണക്കാക്കുന്നു. 80% തൊഴിലവസരങ്ങളും ഇന്ത്യക്കാർക്കു നൽകാനാണ് ആർപി ഗ്രൂപ്പ് തീരുമാനമെന്ന് ചെയർമാൻ ഡോ. ബി. രവിപിള്ള പറഞ്ഞു.
ഗൾഫിലെ വിവിധ രാജ്യങ്ങളിൽ ടൂറിസം ഉൾപ്പെടെയുള്ള രംഗങ്ങളിൽ വൻകുതിപ്പാണ് ഉണ്ടാകുന്നത്. ദുബായിൽ റിയൽ എസ്റ്റേറ്റ് രംഗത്ത് വൻ വളർച്ചയാണുള്ളത്. ഓഗസ്റ്റിൽ ദുബായിലെ ബിസിനസ് ബേയിൽ ആർ പി ഗ്രൂപ്പ് 100 നിലയുള്ള അത്യാധുനിക കെട്ടിട സമുച്ചയത്തിന്റെ നിർമാണം ആരംഭിക്കും. പല വിദേശരാജ്യങ്ങളിൽ നിന്നുള്ള സമ്പന്നർ ദുബായിലേക്ക് ചേക്കേറുന്നുണ്ട്. ഇതാണ് റിയൽ എസ്റ്റേറ്റ് മേഖല ശക്തമാകാൻ കാരണം. സൗദിയിൽ നിയോമിൽ ഉൾപ്പെടെ വിനോദ സഞ്ചാരത്തിന് വൻ പദ്ധതികളാണ് സർക്കാരും വിഭാവനം ചെയ്യുന്നത്.
കേരളത്തിൽ നിന്ന് അയ്യായിരത്തിലധികം എൻജിനീയർമാർക്ക് ഉടൻ തൊഴിൽ അവസരം ഒരുങ്ങുമെന്നും ഫിറ്റർ, വെൽഡർ, സെയിൽസ്, ഡ്രൈവർമാർ തുടങ്ങി എല്ലാ രംഗങ്ങളിലും വൻ തൊഴിലവസരങ്ങളാണ് ഉടൻ ഉണ്ടാകുന്നതെന്നും രവി പിള്ള ചൂണ്ടിക്കാട്ടി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ