തിരുവനന്തപുരം: സെന്റ് പീറ്റേഴ്സ് കോളജ് ദിനാഘോഷത്തിൽ അതിഥിയായെത്തിയ ഗായകൻ ജാസി ഗിഫ്റ്റിനെ പ്രിൻസിപ്പൽ അപമാനിച്ച സംഭവത്തിൽ വിമർശനവുമായി മന്ത്രി സജി ചെറിയാൻ രംഗത്ത്. കോളജ് പ്രിൻസിപ്പലിന്റെ നടപടി അങ്ങേയറ്റം നിരാശാജനകവും അപക്വവുമാണ്. വിഷയത്തിൽ കോളജിന്റെ ഭാഗത്ത് നിന്നുമുണ്ടായ തെറ്റുതിരുത്തി ജാസി ഗിഫ്റ്റിനോട് മാപ്പ് പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
“മലയാളത്തിന്റെ അഭിമാനമായ കലാകാരനാണ് ജാസി ഗിഫ്റ്റ്. കഠിനാധ്വാനം കൊണ്ട് സംഗീതരംഗത്ത് സ്വന്തമായി ഒരു പാത വെട്ടിത്തെളിച്ച് ജനഹൃദയം കീഴടക്കിയ അദ്ദേഹത്തെ അപമാനിക്കുന്ന രീതിയിൽ ഇടപെട്ട കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് പ്രിൻസിപ്പലിന്റെ നടപടി അങ്ങേയറ്റം നിരാശാജനകവും അപക്വവുമാണ്. ഈ വിഷയത്തിൽ കോളജിന്റെ ഭാഗത്ത് നിന്നുമുണ്ടായ തെറ്റുതിരുത്തി അദ്ദേഹത്തോട് ഖേദം പ്രകടിപ്പിക്കുന്നതാണ് ഉചിതമായ കാര്യം. സാംസ്കാരിക കേരളത്തിന്റെ പിന്തുണ പ്രിയപ്പെട്ട ജാസി ഗിഫ്റ്റിനൊപ്പമുണ്ട്” മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ദിവസം എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിൽ ജാസി ഗിഫ്റ്റും സംഘവും പാടിക്കൊണ്ടിരിക്കുന്നതിനിടയിൽ പ്രിൻസിപ്പൽ മൈക്ക് പിടിച്ചുവാങ്ങിയത് വിവാദമായിരുന്നു. ജാസി ഗിഫ്റ്റിനൊപ്പമുള്ള ആളെ പാടാൻ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു പ്രിൻസിപ്പലിന്റെ നടപടി. ഇതിനുപിന്നാലെ പാട്ട് പൂർത്തിയാക്കാതെ ജാസി ഗിഫ്റ്റ് വേദിയിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.
അതിഥിയായ ജാസി ഗിഫ്റ്റിനു മാത്രമേ പാട്ടു പാടാൻ അനുവാദമുള്ളൂവെന്ന് വിദ്യാർഥി പ്രതിനിധികളുമായി നേരത്തെ ധാരണയിലെത്തിയിരുന്നതാണെന്നും കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ സർക്കാർ നിർദേശങ്ങൾക്ക് വിരുദ്ധമായി പരിപാടികൾ അവതരിപ്പിക്കരുതെന്ന് വേദിയിൽ ഓർമപ്പെടുത്തുക മാത്രമാണുണ്ടായതെന്നുമാണ് പ്രിൻസിപ്പലിന്റെ നിലപാട്. ജാസി ഗിഫ്റ്റിനെ ക്ഷണിച്ചപ്പോൾ അദ്ദേഹത്തോട് ഇക്കാര്യങ്ങൾ വിദ്യാർഥികൾ പറയാൻ വിട്ടുപോയതായിരിക്കാം ആശയക്കുഴപ്പത്തിന് ഇടയാക്കിയതെന്നും അവർ പറഞ്ഞിരുന്നു.
Read More……
- ചിലങ്ക നൃത്തോത്സവം 2024
- മുഖ്യമന്ത്രിക്ക് ആരാണ് ഇതൊക്കെ പറഞ്ഞുകൊടുക്കുന്നത് | Shashi Tharoor | Pinarayi Vijayan
- ടൈഗറിനെ കൈവിട്ട് അക്ഷയ് കുമാർ: സമൂഹമാധ്യമങ്ങളിൽ വൈറലായി താരങ്ങളുടെ സസ്പെൻസ് ഫൺ വീഡിയോ