ന്യൂഡൽഹി: ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്തില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വാർത്താസമ്മേളനത്തിന്റെ തുടക്കത്തിൽ ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പിന് സമയമായെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞിരുന്നു.
എന്നാൽ തെരഞ്ഞെടുപ്പ് ഇപ്പോൾ ഉണ്ടാവില്ലെന്ന് പിന്നീട് വ്യക്തമായി. സെപ്റ്റംബർ 30നകം ജമ്മുകശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു.
അഞ്ചു മണ്ഡലങ്ങളുള്ള ജമ്മുകശ്മീരില്‍ അഞ്ചുഘട്ടമായി ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കും. ഏപ്രില്‍ 19, ഏപ്രില്‍ 26, മെയ് ഏഴ്, മെയ് 13, മെയ് 20 എന്നീ തീയതികളിലാണ് തിരഞ്ഞെടുപ്പ്. ജൂണ്‍ നാലിന് വോട്ടെണ്ണല്‍ നടക്കും. ബാരാമുള്ള, ശ്രീനഗര്‍, അനന്തനാഗ്-രജൗരി, ഉദംപുര്‍, ജമ്മു എന്നിവയാണ് മണ്ഡലങ്ങള്‍. ലോക്സഭാ തിരഞ്ഞെടുപ്പിനോടൊപ്പം ജമ്മുകശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനവും ഉണ്ടാവുമെന്ന സൂചനകള്‍ നേരത്തെ വന്നിരുന്നു.
2018 ജൂണ്‍ മുതല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ഇല്ലാത്ത ജമ്മുകശ്മീരില്‍, രാഷ്ട്രീയ കക്ഷികളുടെ ഏറെനാളത്തെ ആവശ്യമായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പ്. 2019 ഓഗസ്റ്റ് അഞ്ചിന് ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍, സംസ്ഥാനമായിരുന്ന ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി മാറ്റുകയായിരുന്നു.
കശ്മീരില്‍ രണ്ടു തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്താനുള്ള നീക്കം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് നടത്തിപ്പ് അവലോകനത്തിനായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ദിവസങ്ങള്‍ക്കു മുന്‍പ് കശ്മീരില്‍ എത്തിയിരുന്നു. രാഷ്ട്രീയ കക്ഷി നേതാക്കള്‍, ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍, ജില്ലാ പോലീസ് മേധാവികള്‍ എന്നിവരുമായി സംഘം മാര്‍ച്ച് 12-ന് ശ്രീനഗറില്‍ കൂടിക്കാഴ്ചയും നടത്തി.
സുരക്ഷാ കാരണങ്ങളാലാണ് ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് വൈകുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു. 2019-ലാണ് ജമ്മു കശ്മീർ പുനഃസംഘടനാ നിയമം പാസാക്കിയത്. 107 സീറ്റുകൾക്കാണ് അന്ന് വ്യവസ്ഥയുണ്ടായിരുന്നത്. ഇതിൽ 24 എണ്ണം പാക് അധീന കശ്മീരിലാണ്. പിന്നീട് മണ്ഡല പുനർനിർണയ കമ്മീഷൻ വന്നതോടെ സീറ്റുകളുടെ കാര്യത്തിൽ മാറ്റമുണ്ടായി. പുനഃസംഘടനയും മണ്ഡല പുനരേകീകരണവും യോജിച്ചിരുന്നില്ല. 2023 ഡിസംബറിലാണ് അത് ശരിയായത്. തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സംവിധാനങ്ങൾ അവിടെ പ്രവർത്തിക്കാൻ തുടങ്ങിയതെന്നും രാജീവ് കുമാർ പറഞ്ഞു.
Read More……
- ചിലങ്ക നൃത്തോത്സവം 2024
- മുഖ്യമന്ത്രിക്ക് ആരാണ് ഇതൊക്കെ പറഞ്ഞുകൊടുക്കുന്നത് | Shashi Tharoor | Pinarayi Vijayan
- ടൈഗറിനെ കൈവിട്ട് അക്ഷയ് കുമാർ: സമൂഹമാധ്യമങ്ങളിൽ വൈറലായി താരങ്ങളുടെ സസ്പെൻസ് ഫൺ വീഡിയോ