തിരുവനന്തപുരം: വര്‍ക്കലയില്‍ ദളിത് യുവാവിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചതായി പരാതി.വര്‍ക്കല പുന്നമൂട് സ്വദേശി രഞ്ജിത്തി(30)നാണ് മര്‍ദനമേറ്റത്. ലാത്തികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചതായിട്ടാണ് ആരോപണം. യുവാവിന്റെ തലയ്ക്കും കണ്ണിനുമാണ് പരുക്കേറ്റിട്ടുള്ളത്. ഭാര്യയുടെയും കുട്ടികളുടെയും മുന്നില്‍ വെച്ചായിരുന്നു മര്‍ദനമെന്നും ഡിവൈഎസ്പിക്ക് നൽകിയ പരാതിയില്‍ പറയുന്നു.
പുന്നമൂട് ഇടപ്പറമ്പില്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് രാത്രി എട്ടുമണിക്ക് കുടുംബത്തോടൊപ്പം എത്തിയതായിരുന്നു രഞ്ജിത്ത്. ഇതേസമയം, ക്ഷേത്ര പരിസരത്ത് കിടുക്കുകളി നടക്കുന്ന സ്ഥലത്ത് സംഘര്‍ഷം നടക്കുന്നു എന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് വര്‍ക്കല അഡീഷണല്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.
കളി കാണാന്‍ എത്തിയ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്നു എന്ന വിവരം ലഭിച്ച സ്ഥത്തെത്തുകയായിരുന്നു. കളി നടന്നിരുന്ന സ്ഥലത്ത് കൂട്ടംകൂടി നിന്നിരുന്നവരെയൊക്കെ പൊലീസ് ലാത്തി വീശി ഓടിച്ചു. ഇതിനിടെയാണ് ഉത്സവപ്പറമ്പില്‍ നില്‍ക്കുകയായിരുന്ന രഞ്ജിത്തിനും പരിക്കേറ്റത് എന്നാണ് പൊലീസ് പറയുന്നത്
വെറുതെ ലാത്തി വീശുകയല്ല മറിച്ച് അഡീഷണല്‍ എസ്ഐ. രഞ്ജിത്തിന്റെ തലയ്ക്കും നെറ്റിയിലും ലാത്തികൊണ്ട് അടിക്കുകയായിരുന്നു എന്ന് രഞ്ജിത്ത് പറയുന്നു. നെറ്റിപൊട്ടി ചോരവാര്‍ന്ന് നിലത്തുവീണ രഞ്ജിത്തിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും പൊലീസ് കൂട്ടാക്കിയില്ല എന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
രഞ്ജിത്തിന്റെ ഭാര്യ സുഹൃത്തിനെ വിളിച്ചുവരുത്തിയാണ് വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഭാര്യക്കും സുഹൃത്തിനുമൊപ്പം രഞ്ജിത്ത് പൊലീസ് സ്റ്റേഷനില്‍ എത്തി ഡിവൈഎസ്പിക്ക് പരാതി നല്‍കുകയായിരുന്നു. തന്നെ മര്‍ദിച്ച പോലീസുകാരനെ കണ്ടാലറിയാമെന്നും രഞ്ജിത് ഡിവൈഎസ്പിയോട് വ്യക്തമാക്കി. കഴിഞ്ഞ എട്ടാം തീയതി വെള്ളിയാഴ്ച രാത്രിയോടെ ആയിരുന്നു സംഭവം.