കോഴിക്കോട്: പേരാമ്പ്ര നൊച്ചാട് സ്വദേശി അനുവിന്റെ മരണത്തില്‍ മലപ്പുറം സ്വദേശി കസ്റ്റഡിയില്‍. സംഭവം നടന്ന സ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സമീപത്തുള്ള സിസിടിവി ക്യാമറയില്‍ ഇയാളുടെ ദൃശ്യം പതിഞ്ഞതോടെയാണ് പൊലീസ്, ഇയാളെ കസ്റ്റഡിയിലെടുത്തത്.
അനുവിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് ഇന്നു രാവിലെ വ്യക്തമാക്കിയിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം ചുവന്ന ബൈക്കില്‍ എത്തിയ ആളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് സിസിടിവി ക്യാമറയില്‍ ഇയാളുടെ ദൃശ്യം പതിഞ്ഞതായി കണ്ടെത്തിയത്. നേരത്തെ മോഷണക്കേസുകളിൽ അടക്കം ഉൾപ്പെട്ടയാളാണ് പിടിയിലായതെന്നാണ് വിവരം. അനുവിന്റെ മരണവുമായി നേരിട്ടോ അല്ലാതെയോ ഇയാള്‍ക്ക് ബന്ധമുണ്ടാകാമെന്നാണ് പൊലീസ് കരുതുന്നത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് വാളൂര്‍ സ്വദേശിയായ അനുവിനെ കാണാതാകുന്നത്. തിങ്കളാഴ്ച ഇരിങ്ങണ്ണൂരിലെ വീട്ടിൽ നിന്ന് മൊടക്കല്ലൂർ മെഡിക്കൽ കോളജിൽ പോകാൻ അസുഖ ബാധിതനായ ഭർത്താവും ബന്ധുക്കളും വരുമ്പോൾ ആ വാഹനത്തിൽ മുളിയങ്ങലിൽ നിന്നും കയറുമെന്നായിരുന്നു അനു പറഞ്ഞിരുന്നത്.
ഇതനുസരിച്ച് രാവിലെ 8. 30 തോടെ അനു വാളൂരിലെ വീട്ടിൽ നിന്നിറങ്ങിയതാണ്. ഭർത്താവ് മുളിയങ്ങലിൽ എത്തിയിട്ടും യുവതി എത്താതായതോടെ ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. വരുന്ന വഴിയിലെല്ലാം തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ബന്ധുക്കൾ പേരാമ്പ്ര പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷിക്കുന്നതിനിടെ യുവതിയുടെ മൃതദ്ദേഹം ചൊവ്വാഴ്ച അള്ളിയോറ താഴെ തോട്ടിൽ കണ്ടെത്തി.
ചെളിവെള്ളം ശ്വാസകോശത്തിൽ കടന്നതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. തലയിലും ദേഹത്തും ചെറിയ മുറിവുകളും ഉണ്ടായിരുന്നു. യുവതി ധരിച്ചിരുന്ന സ്വർണാഭരണങ്ങളൊന്നും മൃതദ്ദേഹത്തിൽ ഉണ്ടായിരുന്നില്ല. രണ്ട് മോതിരം, മാല, പാദസരം എന്നിവയാണ് നഷ്ടമായത്. സംഭവ ദിവസം പ്രദേശത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ട ബൈക്ക് യാത്രികൻ്റെ സി.സി.ടി.വി ദൃശ്യം കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതി വലയിലായത്. സ്വർണാഭരണങ്ങൾ മോഷ്ടിച്ച ശേഷം യുവതിയെ തോട്ടിൽ മുക്കി കൊന്നതാണെന്നാണ് പൊലീസ് നിഗമനം.
Read More……
- ചിലങ്ക നൃത്തോത്സവം 2024
- മുഖ്യമന്ത്രിക്ക് ആരാണ് ഇതൊക്കെ പറഞ്ഞുകൊടുക്കുന്നത് | Shashi Tharoor | Pinarayi Vijayan
- ടൈഗറിനെ കൈവിട്ട് അക്ഷയ് കുമാർ: സമൂഹമാധ്യമങ്ങളിൽ വൈറലായി താരങ്ങളുടെ സസ്പെൻസ് ഫൺ വീഡിയോ