കോളജ് ഡേ പരിപാടിയിൽ അതിഥിയായി എത്തിയ ഗായകൻ ജാസി ഗിഫ്റ്റിനെ പ്രിൻസിപ്പൽ അപമാനിച്ച സംഭവത്തിൽ പ്രതികരിച്ച് ഗായകൻ മിഥുൻ ജയരാജ്. ‘വിദ്യാഭ്യാസോം വിവരോം രണ്ടും രണ്ടാണെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്’ എന്ന ഒറ്റ വരി പോസ്റ്റിലൂടെയാണ് ഗായകന്റെ പ്രതികരണം. കോളജ് അധികൃതരുടെ വീഴ്ചയെ പരോക്ഷമായി വിമർശിച്ച മിഥുന്റെ പോസ്റ്റ് ഇതിനകം വലിയ ചർച്ചകൾക്കു തുടക്കമിട്ടുകഴിഞ്ഞു. മിഥുന്റെ വാക്കുകളെ പിന്തുണച്ച് നിരവധി പേരാണ് പോസ്റ്റിന് താഴെ കമ്മന്റുമായി എത്തിയിരിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു വിവാദത്തിനാസ്പദമായ സംഭവം.കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിൽ, കോളജ് ഡേ പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു ജാസി ഗിഫ്റ്റ്. വേദിയിൽ ജാസി ഗിഫ്റ്റും സംഘവും പാടുന്നതിനിടയിൽ പ്രിൻസിപ്പൽ എത്തി മൈക്ക് പിടിച്ചു വാങ്ങുകയായിരുന്നു. ജാസി ഗിഫ്റ്റ് മാത്രമേ പാടുകയുള്ളൂ എന്ന് അറിയിച്ചതിനാലാണ് പാടാന്‍ അനുവദിച്ചതെന്നും ഒപ്പം പാടാൻ എത്തിയ ആളെ ഒഴിവാക്കണമെന്നും പ്രിൻസിപ്പൽ ആവശ്യപ്പെട്ടു.
മൈക്ക് പിടിച്ച് വാങ്ങിയതോടെ പ്രിൻസിപ്പലിന്റെ നടപടിയിൽ പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ് വേദി വിട്ട് ഇറങ്ങി പോകുകയായിരുന്നു. പ്രധാന അധ്യാപികയ്ക്ക് പാട്ട് ഇഷ്ടമായില്ല എന്നായിരുന്നു വാദം. എന്നാല്‍ വിദ്യാര്‍ഥികള്‍ സമരം ചെയ്തുവെന്നും വിദ്യാര്‍ഥികള്‍ തനിക്ക് ഒപ്പം നിന്നുവെന്നും ജാസി ഗിഫ്റ്റ് പറഞ്ഞിരുന്നു. പ്രിൻസിപ്പലിന്റെ നടപടിക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.
അതേസമയം തന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് പ്രിൻസിപ്പൽ പ്രതികരിച്ചു. പുറത്ത് നിന്നുള്ള ആളുകളുടെ സംഗീത നിശ കോളജിനകത്ത് നടത്തുന്നതിനു നിയന്ത്രണങ്ങളുണ്ടെന്നും ഇക്കാര്യം മൈക്ക് വാങ്ങി പറയുക മാത്രമാണു ചെയ്തതെന്നുമാണു വിശദീകരണം. ഉദ്ഘാടകൻ ആയ ജാസി ഗിഫ്റ്റിനു മാത്രം പാടാനാണ് അനുമതി നൽകിയിരുന്നതെന്നും അധികൃതർ വ്യക്തമാക്കി.
Read More……
- ചിലങ്ക നൃത്തോത്സവം 2024
- മുഖ്യമന്ത്രിക്ക് ആരാണ് ഇതൊക്കെ പറഞ്ഞുകൊടുക്കുന്നത് | Shashi Tharoor | Pinarayi Vijayan
- ടൈഗറിനെ കൈവിട്ട് അക്ഷയ് കുമാർ: സമൂഹമാധ്യമങ്ങളിൽ വൈറലായി താരങ്ങളുടെ സസ്പെൻസ് ഫൺ വീഡിയോ