ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതി ചട്ടങ്ങൾ നടപ്പിലാക്കുന്നത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപിച്ചു. സിഎഎ രാജ്യത്തിൻ്റെ ഭരണഘടനയുടെ മതേതര സ്വഭാവത്തിന് വിരുദ്ധമാണ്. അതിനാൽ നിയമം നടപ്പിലാക്കുന്നതിൽ നിന്നും കേന്ദ്ര സർക്കാറിനെ വിലക്കണമെന്നാണ് കേരളത്തിൻ്റെ ആവശ്യം. സിഎ എ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സിഎഎ വിവേചനപരവും, ഏകപഷീയവും, യുക്തിരഹിതവും മതേതര തത്വങ്ങള്‍ക്ക് എതിരുമാണ്. പൗരത്വം നല്കാന് മതം ഉപയോഗിക്കുന്നത് വിവേചനപരമാണെന്നും ഹർജിയിൽ പറയുന്നു. സ്റ്റാൻഡിങ് കോൺസൽ സി.കെ ശശിയാണ് അപേക്ഷ സമർപ്പിച്ചത്. നേരത്തെ നല്കിയ സ്യൂട്ട് ഹര്‍ജിയിലാണ് കേരളം സ്റ്റേ ആവശ്യപ്പെട്ടുള്ള അപേക്ഷ നൽകിയത്.
പാകിസ്താന്, അഫ്ഗാനിസ്താന്, ബംഗ്ലാദേശ് എന്നിവടങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങൾ ഒഴികെയുള്ള വിഭാഗങ്ങള്‍ക്ക് മാത്രം പൗരത്വം നല്‍കാനുള്ള തീരുമാനത്തിന് ന്യായീകരമില്ല. ഈ മൂന്ന് രാജ്യങ്ങളില്‍ മത പീഡനം അനുഭവിക്കുന്ന അഹമ്മദീയ, ഷിയാ, ഹസാരസ് എന്നീ വിഭാഗങ്ങളെ എന്തുകൊണ്ട് നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി. ശ്രീലങ്ക, മ്യാന്മാര്, ഭൂട്ടാന് എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാതെയിരിക്കുന്നതിന് ന്യായീകരണമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹർജിയിൽ സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
പൗരത്വനിയമഭേദഗതിച്ചട്ടം നടപ്പാക്കുന്നത് സ്റ്റേചെയ്യണമെന്ന ഹര്‍ജികള്‍ മാർച്ച് പരിഗണിക്കാമെന്ന് സുപ്രീംകോടതി നേരത്തെ അറിയിച്ചിരുന്നു. കേരളത്തിന്റെ ആവശ്യവും ഇതിനോടൊപ്പം പരിഗണിച്ചേക്കുമെന്നാണ് സൂചനകൾ.