ലൈഫ് ഭവന പദ്ധതിക്കായി 130 കോടി രൂപ കൂടി ധനകാര്യ വകുപ്പ് അനുവദിച്ചു. ഗുണഭോക്താക്കള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമായി ഈ തുക ഉടന്‍ കൈമാറുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. 448.34 കോടി രൂപയുടെ അടുത്ത ഗഡു ഹഡ്കോ വായ്പ ലഭിക്കുന്നതിനുള്ള സര്‍ക്കാര്‍ ഗ്യാരണ്ടി അനുമതിയും ധനവകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്. ഇതുവഴി കൂടുതല്‍ വീടുകളുടെ നിര്‍മ്മാണം പുതുതായി ആരംഭിക്കാന്‍ കഴിയും. ഇതോടൊപ്പം നഗര പ്രദേശങ്ങളില്‍ ഭവന നിര്‍മാണത്തിന് ധനസഹായം നല്‍കുന്നതിന് 217.22 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരണ്ടിയും അനുവദിക്കുന്നതാണ്.
ലൈഫ് മിഷന് വഴി ഇതിനകം അനുവദിച്ച 5,00,038 വീടുകളില്‍ 3,85,145 വീടുകളാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പുരോഗതിയിലുള്ള 1,14,893 വീടുകളുടെ നിര്‍മാണം അതിവേഗം പൂര്‍ത്തിയാക്കുന്നതിന് ഈ നടപടികള്‍ സഹായിക്കും. കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച സാമ്പത്തിക ഞെരുക്കത്തിനിടയിലും ലൈഫ് പദ്ധതിക്ക് അര്‍ഹമായ പരിഗണന നല്കിയ ധനവകുപ്പിനെ മന്ത്രി അഭിനന്ദിച്ചു. കരാര്‍ വെച്ച മുഴുവന്‍ ആളുകളുടെയും ഭവന നിര്‍മ്മാണം അതിവേഗം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് തദ്ദേശ സ്വയം ഭരണ വകുപ്പ്. അടുത്ത രണ്ടു വര്‍ഷത്തിനകം രണ്ടര ലക്ഷം വീടുകള്‍ കൂടി അനുവദിച്ച് പതിനായിരം കോടി രൂപയുടെ ധനസഹായം ലൈഫ് ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കും.
ലോകത്തിന് കേരളം സമ്മാനിക്കുന്ന മികച്ച മാതൃകകളില്‍ ഒന്നായി ലൈഫ് ഭവന പദ്ധതി മാറുമെന്നും മന്ത്രി പറഞ്ഞു. ലൈഫ് മിഷന് വഴി വീട് നിര്‍മ്മാണത്തിനായി നാളിതുവരെ ചിലവഴിച്ചത് 17,209.09 കോടി രൂപയാണ്. ഇതില്‍ 2081.69 കോടി രൂപ മാത്രമാണ് കേന്ദ്രവിഹിതം. വെറും 12.09 ശതമാനം.പൂര്‍ത്തിയായ 3,85,145 വീടുകളില്‍ 2,69,687 വീടുകളും (70ശതമാനം) പൂര്‍ണമായി സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ചെലവിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ വീടുകള്‍ക്ക് നാല് ലക്ഷം രൂപയാണ് നല്‍കുന്നത്. പട്ടികവര്‍ഗക്കാര്‍ക്ക് ഭവന നിര്‍മ്മാണത്തിന് ആറുലക്ഷം രൂപയും നല്കുന്നു. ലൈഫ്- പിഎംഎവൈ റൂറല്‍ പദ്ധതിയിലാണ് 33272 വീടുകള്‍ പൂര്‍ത്തിയാക്കിയത്. ഈ വീടുകള്‍ക്ക് 72000 രൂപയാണ് കേന്ദ്രവിഹിതം. കേരളം ഇവര്‍ക്കും നാലുലക്ഷം രൂപ നല്കുന്നു.
ശേഷിക്കുന്ന 328000 രൂപ സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളുമാണ് നല്‍കുന്നത്. കേന്ദ്രം നല്‍കുന്നത് വെറും 18ശതമാനം തുക മാത്രമാണ്, ശേഷിക്കുന്ന 82 ശതമാനം തുകയും സംസ്ഥാനസര്‍ക്കാര്‍ നല്കുന്നു. ലൈഫ്-പിഎംഎവൈ അര്‍ബന്‍ പദ്ധതിയിലൂടെ 82186 വീടുകളാണ് പൂര്‍ത്തിയായത്. ഈ പദ്ധതിക്കായി കേന്ദ്രം നല്‍കുന്നത് ഒന്നരലക്ഷം രൂപയാണ്. ഇവിടെ തദ്ദേശ സ്ഥാപനങ്ങളും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് രണ്ടര ലക്ഷം രൂപ കൂടി ചേര്‍ത്ത് നാലുലക്ഷം രൂപയാക്കി ഗുണഭോക്താക്കള്‍ക്ക് നല്കുന്നു. 37.5 ശതമാനം തുക കേന്ദ്രവും ശേഷിക്കുന്ന 62.5 ശതമാനം തുക സംസ്ഥാനവും വഹിക്കുന്നു. നാമമാത്രമായ തുക നല്കുന്ന കേന്ദ്രസര്‍ക്കാര്‍ ലൈഫ്-പിഎംഎവൈ പദ്ധതിയിലൂടെ പണി കഴിപ്പിച്ച വീടുകള്‍ക്ക് മുന്പില് ബ്രാന്‍ഡിംഗ് സ്ഥാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്.
വീട് ഓരോ പൗരന്റെയും അവകാശമാണെന്നും, അത് ഔദാര്യമല്ലെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. അതിനാല്‍ തന്നെ ഇത്തരത്തിലുള്ള ഒരു ബ്രാന്‍ഡിംഗും അനുവദിക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളത്. ഭൂരിപക്ഷം പണം നല്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തില്‍ ലൈഫ് വീടുകളെ തിരിച്ചറിയാനുള്ള യാതൊരു അടയാളങ്ങളും സ്ഥാപിക്കരുത് എന്നാണ് തുടക്കം മുതല്‍ നിഷ്കര്‍ഷിച്ചത്. രാജ്യത്ത് ഭവന നിര്‍മ്മാണത്തിന് ഏറ്റവുമധികം പണം നല്കുന്ന സംസ്ഥാനം കേരളമാണ്. കേരളം നല്കുന്ന തുകയുടെ പകുതി പോലും നല്കാന് ഒരു സംസ്ഥാനവും തയ്യാറാകുന്നില്ല.
ഇതിന് പുറമേ 11 ഭവന സമുച്ചയങ്ങളിലൂടെ 886 ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കളെ പുനരധിവസിപ്പിച്ചു. 21 ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിന്റെ ഭാഗമായി ലഭിച്ച ഭൂമിയിലെ 2 ഭവനസമുച്ചയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രാഥമിക ഘട്ടത്തിലാണ്. കേരളത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും അടച്ചുറപ്പുള്ള സുരക്ഷിത ഭവനം ഉറപ്പാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്.