മാമല്ലപുരം എന്ന് പണ്ടും ഇപ്പോഴും അറിയപ്പെടുന്ന മഹാബലിപുരം എന്ന ചെറുനഗരം ചെന്നൈയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയായാണ് സ്ഥിതി ചെയ്യുന്നത്. ചെന്നൈനഗരവാസികള്‍ വീക്കെന്‍ഡ് യാത്രകള്‍ക്ക് തെരഞ്ഞെടുക്കുന്ന മഹാബലിപുരത്തേക്ക് വിദൂരത്ത് നിന്ന് പോലും ആളുകള്‍ എത്താറുണ്ട്.
ചെന്നൈയില്‍ നിന്ന് പോണ്ടിച്ചേരിയിലേക്കുള്ള ഈസ്റ്റ് കോസ്റ്റ് റോഡിലാണ് മഹാബലിപുരം സ്ഥിതി ചെയ്യുന്നത്. പോണ്ടിച്ചേരിയില്‍ നിന്നും വളരെ എളുപ്പത്തില്‍ മഹാബലിപുരത്തേക്ക് എത്തിച്ചേരാം.
എങ്ങനെ എത്തിച്ചേരും
ചെന്നൈ ആണ് മഹാബലിപുരത്തിന് സമീപത്തെ പ്രധാന നഗരം. ചെന്നൈയില്‍ നിന്ന് സദാസമയവും മഹാബലിപുരത്തേക്ക് ബസുകള്‍ പുറപ്പെടുന്നുണ്ട്. ചെന്നൈയില്‍ നിന്ന് ഈസ്റ്റ് കോസ്റ്റ് റോഡിലൂടെയുള്ള യാത്ര അവിസ്മരണീയമായ അനുഭവമാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്.
01. ഷോര്‍ ടെമ്പിള്‍
ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്തോട് മുഖം നോക്കി നില്ക്കുന്ന ഷോര്‍ ടെമ്പിള്‍ ആണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദേവാലയം. തീരത്തോട് മുഖം തിരിച്ചു വെച്ചിരിക്കുന്നതിനാലാണ് ഇതിന് ഷോര്‍ (കടല്‍ തീരം) ടെമ്പിള്‍ എന്ന പേര് വന്നത്. AD 700നും 728നും മദ്ധ്യേ പണികഴിപ്പിച്ചിരിക്കുന്നതെന്ന് കരുതപ്പെടുന്ന ഷോര്‍ ടെമ്പിള്‍, ഭീമാകാരങ്ങളായ കരിങ്കല്ലുകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.
02. പഞ്ച രഥാസ്
പഞ്ച പാണ്ഡവരുടെയും ദ്രൗപദിയുടെയും മൂര്‍ത്തരൂപങ്ങളാണ് ഈ അഞ്ച് പ്രതിമകളും. ഓരോന്നും ഒറ്റക്കല്ലില്‍ കൊത്തിയുണ്ടാക്കിയവ. ദ്രാവിഡിയന്‍ വാസ്തു വിദ്യയുടെ വൈധഗ്ദ്യത്തിന്റെ ഉത്തമ മാതൃകയാണ് പഞ്ച രാതാസ്. സഞ്ചാരികളെ വളരെയേറെ ആകര്‍ഷിക്കുന്ന കാഴ്ചകളാണ് ഇവയെല്ലാം.
03. ടൈഗേഴ്സ് കേവ്
പാറയില്‍ കൊത്തിയുണ്ടാക്കിയിരിക്കുന്ന ടൈഗേര്‍സ് കേവ് ഒരു ഹിന്ദു ക്ഷേത്രമായി കണക്കാക്കപ്പെടുന്നു. ഇത് മഹാബലിപുരത്തെ സലുവങ്കുപ്പം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ഗുഹാമുഖത്ത് കൊത്തിവെച്ചിരിക്കുന്ന കടുവതലകളുടെ രൂപമാണ് ഇതിനു ടൈഗേര്‍സ് കേവ് എന്ന പേര് വരാന്‍ കാരണം. എട്ടാം നൂറ്റാണ്ടില്‍ പല്ലവ രാജാക്കന്മാര് പണികഴിപ്പിച്ചതെന്ന് കരുതപ്പെടുന്ന ഈ നിര്‍മ്മിതി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഏറ്റവും ഭംഗിയേറിയ ഒന്നാണ്.
04. അര്‍ജുനന്റെ തപസ്
ഒറ്റകല്ലില്‍ കൊത്തിയ ഭീമാകാരമായ പ്രതിമയാണ് അര്ജുനന് സ്പെനന് സ്. ഏഴാം നൂറ്റാണ്ടിന്റെ മദ്ധ്യ കാലഘട്ടത്തില്‍ നിര്മ്മിക്കപ്പെട്ടിട്ടുള്ളതെന്നു കരുതപ്പെടുന്ന ഈ നിര്‍മ്മിതിക്ക് 43 അടിയാണ് ഉയരം. ഡിസെന്റ് ഓഫ് ദി ഗംഗ എന്ന പേരിലും ഇത് അറിയപ്പെടുന്നു. സ്വര്‍ഗ്ഗത്തില്‍ നിന്നും ഗംഗ നദിയെ ഭൂമിയിലേക്ക് കൊണ്ടുവരാന്‍ വേണ്ടി ഭഗീരഥ മഹാരാജാവ് നടത്തിയ തപസ്സില്‍ നിന്നും, കൂടാതെ അര്ജുനന് തന്റെ ശത്രുക്കളെ തുരത്താന്‍ വേണ്ടി ശിവനെ പ്രീതിപ്പെടുത്തി വരം വാങ്ങാന്‍ വേണ്ടി നടത്തിയ തപസ്സില്‍ നിന്നുമാണ് ഇതിന് ഇങ്ങനെയൊരു പേര് വന്നത്.
05. ബാലന്‍സിംഗ് റോക്ക്
മഹാബലിപുരത്താണ് ഈ പാറ സ്ഥിതി ചെയ്യുന്നത്. ഏത് നിമിഷവും ഉരുണ്ടുപോകാം എന്ന നിലയിലാണ് ഈ പാറ സ്ഥിതി ചെയ്യുന്നതെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ പാറയ്ക്ക് തെല്ലും ഇളക്കം സംഭവിച്ചിട്ടില്ല എന്നതാണ് വിസ്മയകരമായ കാര്യം. ചെന്നൈയില്‍ നിന്ന് 51 കിലോമീറ്റര്‍ അകലെയായിട്ടാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഒരു മണിക്കൂര്‍ ഡ്രൈവ് ചെയ്യാനുള്ള ദൂരമെയുള്ളു.
06. ദക്ഷിണ ചിത്ര
ചെന്നൈയില്‍ നിന്ന് മഹാബലിപുരത്തേക്ക് പോകുന്ന ഈസ്റ്റ് കോസ്റ്റ് റോഡിലൂടെ ഏകദേശം 25 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മുട്ടുക്കാട് എത്തിച്ചേരാം. മുട്ടുകാടില്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്തായാണ് ദക്ഷിണചിത്ര സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ എം ജി എം ഡിസ്വേള്ഡിന്റെ സമീപത്തായാണ് ദക്ഷിണ ചിത്ര സ്ഥിതി ചെയ്യുന്നത്.
07. ക്രോക്കോഡൈല്‍ ബാങ്ക്
ചീങ്കണ്ണികള്‍, മുതലകള്‍, പല തരം പാമ്പുകള്‍ തുടങ്ങിയവ കണ്ടു വരുന്ന ക്രോക്കോഡൈല്‍ ബാങ്ക് മഹാബലിപുരത്തിന്റെ ചുറ്റുവട്ടത്തായി ഏകദേശം 14 കിലോമീറ്ററിനുള്ളില്‍ സ്ഥിതി ചെയ്യുന്നു. ഇത് മഹാബലിപുരത്തെ മൃഗ സംരക്ഷണ കേന്ദ്രമാണ്. 1976 ല്‍ റോമുലസ് വൈടേകര്‍ എന്ന ഹെര്‍പറ്റൊളജിസ്റ്റാണ് ക്രോക്കോഡൈല്‍ ബാങ്ക് ഇവിടെ സ്ഥാപിച്ചത്.
08. പോകാന്‍ പറ്റിയ സമയം
ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് മഹാബലിപുരം സന്ദര്‍ശിക്കാന്‍ നല്ല സമയം. ചൂടുകാലത്ത് കനത്ത ചൂട് അനുഭവപ്പെടാറുള്ള ഈ സ്ഥലത്ത് ഏപ്രില്‍, മെയ് മാസങ്ങളില്‍ സന്ദര്‍ശനം തീര്‍ത്തും ഒഴിവാക്കുന്നതാണ് നല്ലത്.
09. ആഴമുള്ള കടല്‍
അറബിക്കടലിനെ അപേക്ഷിച്ച് ബംഗാള്‍ ഉള്‍ക്കടലിന്റെ തീരപ്രദേശങ്ങള്‍ കൂടുതല്‍ അപകടകരമാണ് കടലില്‍ ഇറങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ് ഇത്.
10. സൈക്കിള്‍ യാത്ര
മഹാബലിപുരത്തെ കാഴ്ചകള്‍ കാണാന്‍ നിങ്ങള്‍ക്ക് സൈക്കിളുകള്‍ വാടകയ്ക്ക് ലഭിക്കും. യാത്രയുടെ ഓര്‍മ്മയ്ക്കായി വിവിധ തരത്തിലുള്ള ശില്പ്പങ്ങള് ഇവിടെ നിന്ന് വാങ്ങാനും കഴിയും. വാങ്ങുമ്പോള്‍ വിലപേശന്‍ മറക്കരുത്.