അബുദാബി∙ സാമൂഹിക പരിപാടികളോടെ അബുദാബിയിലെ ഏബ്രഹാമിക് ഫാമിലി ഹൗസ് ഒന്നാം വാർഷികം ആഘോഷിച്ചു. പഠനത്തിനും സംഭാഷണത്തിനും സംവാദത്തിനുമുള്ള, മൂന്ന് മതവിഭാഗങ്ങളുടെ ആരാധനാലയങ്ങൾ തോളോടു തോളുരുമ്മി സ്ഥിതിചെയ്യുന്ന ഈ കേന്ദ്രം ഇതിനകം 250ലേറെ സാമൂഹിക പരിപാടികളും ശിൽപശാലകളും നടത്തിയിട്ടുണ്ട്. രണ്ടരലക്ഷത്തിലേറെ പേരാണ് ആദ്യ വർഷം മതമൈത്രിയുടെ ഈ ഭവനത്തിൽ സന്ദർശനം നടത്തിയത്. ഹ്യൂമൻ ഫ്രറ്റേണിറ്റി മജ്ലിസ്, ദ് ലിറ്റിൽ സിങ്ങേഴ്സ് ഓഫ് പാരിസിന്റെ പ്രകടനങ്ങൾ, കാലിഗ്രാഫി പ്രദർശനം, ക്രോസ് ഹൗസ് കമ്മ്യൂണിറ്റി ശിൽപശാല എന്നിവയുൾപ്പെടെ ഒരു മാസം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളോടെയാണ് വാർഷികം അടയാളപ്പെടുത്തിയത്.
2023 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്ത ഏബ്രഹാമിക് ഫാമിലി ഹൗസ് പഠനത്തിനും സംഭാഷണത്തിനും സംവാദത്തിനും വിശ്വാസ പ്രയോഗത്തിനുമുള്ള ഒരു കേന്ദ്രമാണ്. അബുദാബിയിലെ സാദിയത്ത് കൾച്ചറൽ ഡിസ്ട്രിക്റ്റിൽ സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രത്തിൽ മൂന്ന് ആരാധനാലയങ്ങളുണ്ട് – എമിനൻസ് അഹമ്മദ് അൽ തയേബ് പള്ളി, സെന്റ് ഫ്രാൻസിസ് പള്ളി, മോസസ് ബെൻ മൈമൺ സിനഗോഗ്.
സമൂഹത്തേയും സംസ്കാരങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള യുഎഇയുടെ മൂല്യങ്ങളിൽ വേരൂന്നിയ ഏബ്രഹാമിക് ഫാമിലി ഹൗസ് യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ വൈവിധ്യത്തെ ഉൾക്കൊള്ളുന്നു. 2019-ൽ അബുദാബിയിൽ ഫ്രാൻസിസ് മാർപാപ്പയും ഗ്രാൻഡ് ഇമാം ഡോ. അഹമ്മദ് അൽ തയീബും ഒപ്പുവച്ച മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള രേഖയിലെ തത്ത്വങ്ങളിൽ നിന്നാണ് ഈ പദ്ധതിക്ക് പ്രചോദനമായത്. സമൂഹങ്ങൾ കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച ആദ്യ വർഷത്തിനുശേഷം ഏബ്രഹാമിക് ഫാമിലി ഹൗസ് അതിന്റെ വാർഷികത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടിയാണ് സംഘടിപ്പിച്ചത്. സുസ്ഥിരത, സാങ്കേതികവിദ്യ, കല എന്നിവയിൽ വിശ്വാസത്തിന്റെ പങ്ക് ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങളും സിമ്പോസിയങ്ങൾ, വിദ്യാഭ്യാസം, യുവജന പരിപാടികള് തുടങ്ങിയവയും ഉൾപ്പെടുത്തി രണ്ടാം വാർഷികം ആഘോഷിക്കാനാണ് തീരുമാനം.
കഴിഞ്ഞ 12 മാസങ്ങളിലായി ഏബ്രഹാമിക് ഫാമിലി ഹൗസ് ഒന്നിലേറെ വിശ്വാസി സമൂഹങ്ങളെ സേവിക്കുന്നതിനും സന്ദർശകരെ സ്വാഗതം ചെയ്യുന്നതിനും സവിശേഷമായ വേദിയൊരുക്കിയതായി പ്രസിഡന്റ് മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു. ഇവിടുത്തെ ശ്രദ്ധേയമായ മൂന്ന് ആരാധനാലയങ്ങൾ അബുദാബിയിലെ മുസ്ലിം, ക്രിസ്ത്യൻ, ജൂത സമുദായങ്ങളുടെ സജീവ വിശ്വാസ കേന്ദ്രങ്ങളായി വികസിച്ചു. എന്നിട്ടും ഈ കേന്ദ്രം എങ്ങനെ അർത്ഥവത്തായ ആശയസംവാദങ്ങളുടെ ഇടമായി വികസിച്ചു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വശം. എല്ലാവർക്കും സംഭാഷണം, പരസ്പര പഠനം, ധാരണ എന്നിവയിൽ ഏർപ്പെടാം എന്നതാണ് ഇതിന് മറുപടി.
പ്രോഗ്രാമിങ്, പങ്കാളിത്തം, സംരംഭങ്ങൾ എന്നിവയിലൂടെ പങ്കിട്ട മാനുഷിക മൂല്യങ്ങളിൽ പുതിയ വെളിച്ചം വീശാനും സമാധാനപരമായ സഹവർത്തിത്വത്തിലേക്കുള്ള വഴികൾ സൃഷ്ടിക്കാനും ശ്രമിക്കുന്നുവെന്ന് സെന്ററിന്റെ ആക്ടിങ് ഓപറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുല്ല അൽ ഷെഹി പറഞ്ഞു. സന്ദർശകരിൽ വിശ്വാസികൾ, പ്രതിനിധികൾ, വിദ്യാർഥികൾ എന്നിവരുമുണ്ടായിരുന്നു. ആരാധനാലയങ്ങൾ 2023 ലെ റമസാൻ, ഈസ്റ്റർ, പെസഹാ ആഘോഷങ്ങൾ ഉൾപ്പെടെയുള്ള മതപരമാ ആഘോഷങ്ങളും ഉൾപ്പെടുന്ന ഒരു വർഷം മുഴുവനും നീണ്ടുനിൽക്കുന്ന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ അതത് വിശ്വാസ സമൂഹങ്ങൾക്ക് വിദ്യാഭ്യാസവും ചർച്ചയും ആത്മീയ പ്രതിഫലനവും പ്രദാനം ചെയ്യുന്ന കമ്മ്യൂണിറ്റി പരിപാടികളും നടത്തി. റമസാനിൽ രാവിലെ 10 മുതൽ വൈകിട്ട് 4 സന്ദർശകരെ പ്രവേശിപ്പിക്കുക. റജിസ്ട്രേഷന്:https://www.abrahamicfamilyhouse.ae. പ്രാർഥനാവേളകളിൽ പ്രത്യേക ബുക്കിങ് ആവശ്യമില്ല.
∙ ഏബ്രഹാമിക് ഫാമിലി ഹൗസിലേക്കുള്ള വഴി
അബുദാബിയിലെ സാദിയാത്ത് കൾച്ചറൽ ഡിസ്ട്രിക്ടിൽ സാദിയാത്ത് ദ്വീപിലാണ് ഏബ്രഹാമിക് ഫാമിലി ഹൗസ് സ്ഥിതി ചെയ്യുന്നത്.
വിലാസം:
ഏബ്രഹാമിക് ഫാമിലി ഹൗസ്
ജാക്വസ് ചിറാക് സ്ട്രീറ്റ്
സാദിയത്ത് കൾചറൽ ഡിസ്ട്രിക്ട്
സാദിയാത്ത് ദ്വീപ്
അബുദാബി.
∙ ഗേറ്റ്– ബിയിൽ സന്ദർശകരെ ഇറക്കുന്ന പബ്ലിക് ബസ് റൂട്ട് 94 വഴി ഏബ്രഹാമിക് ഫാമിലി ഹൗസിലെത്താം. കാർ/ടാക്സി പ്രധാന കവാടത്തിലേക്കും പാർക്കിങ്ങിലേയ്ക്കും എത്തിച്ചേരാൻ ഗൂഗിൾ മാപ് ഉപയോഗിക്കാം
∙ അബുദാബി നഗരത്തിൽ നിന്ന്: കോർണിഷിൽ നിന്ന് മിന തുറമുഖത്തേക്ക് പോകുക. തുടർന്ന് സാദിയാത്ത് ദ്വീപിലെ കൾചറൽ ഡിസ്ട്രിക്ടിലേയ്ക്കുള്ള അടയാളങ്ങൾ പിന്തുടരുക. ദുബായിൽ നിന്ന് ഇ–11 അല്ലെങ്കിൽ യാസ് ദ്വീപിൽ സാദിയാത്ത് ദ്വീപ് / യാസ് ദ്വീപ് വഴി ഷെയ്ഖ് ഖലീഫ ഹൈവേ ഇ–12 ലേക്ക് പുറത്തുകടന്ന് യാസ് ഹൈവേയിലൂടെ സാദിയാത്ത് ദ്വീപിലെ കൾചറൽ ഡിസ്ട്രിക്ടിലേയ്ക്ക് എത്തിച്ചേരാം. സൈറ്റിൽ സൗജന്യ പാർക്കിങ് ലഭ്യമാണ്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ