മക്ക ∙ റമസാനിലെ ആദ്യ വെള്ളിയാഴ്ച ഹറമുകളിൽ എത്തിയത് ജന ലക്ഷങ്ങൾ. മക്കയിൽ മസ്ജിദുൽ ഹറം പരിസരവും മദീനയിലെ മസ്ജിദുന്നബവിയും ജനസാഗരമായി മാറി. മക്ക മസ്ജിദുൽ ഹറമിൽ ഷെയ്ഖ് ഡോ. ബന്ദര്‍ അല്‍ ബലീല പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളിലേക്കും നിര്‍ധനരിലേക്കും സഹായ ഹസ്തങ്ങള്‍ നീട്ടി ശരീരത്തിനും മനസിനുമൊപ്പം സമ്പത്തു കൂടി വിശുദ്ധമാക്കാൻ റമസാനില്‍ വിശ്വാസികള്‍ക്കു കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. റമസാന്‍ പുണ്യമാസമാകുന്നത് അതില്‍ പ്രത്യേകമായി നിഷ്കർഷിച്ചിരിക്കുന്ന വ്രതത്തോടൊപ്പം ദാനധര്‍മങ്ങളുള്‍പടെയുള്ള മറ്റു പുണ്യകര്‍മ്മങ്ങള്‍ കൂടി ചെയ്യുമ്പോഴാണെന്നും അദ്ദേഹം പറഞ്ഞു.
റമസാനിലെ ആദ്യ വെള്ളിയാഴ്ചയായ ഇന്ന് ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കാൻ വിശ്വാസി സമൂഹം ഇന്നലെ തന്നെ എത്തി ഹറമുകളിൽ സ്ഥാനം പിടിച്ചിരുന്നു. ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കാൻ വിശ്വാസികൾ എത്തിയതോടെ ഹറം പള്ളി അങ്കണവും പരിസരത്തെ തെരുവുകളും നിറഞ്ഞു കവിഞ്ഞു. പള്ളിയുടെ മുകൾ നിലകളും താഴത്തെ നിലകളും മുഴുവൻ തീർഥാടകരെക്കൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു. ചുറ്റുമുള്ള റോഡുകളിലേക്കും മറ്റും വിശ്വാസികളുടെ നിര നീണ്ടു. തീർഥാടകരുടെ ബാഹുല്യം കണക്കിലെടുത്ത് വികസിപ്പിച്ച മക്ക ഹറമിന്റെ മുഴുവൻ ഭാഗങ്ങളും തീർഥാടകർക്കായി തുറന്നുകൊടുത്തു.
ഹറം പള്ളിയിലെ എല്ലാ സൗകര്യങ്ങളും തീർഥാടകർക്ക് കുറ്റമറ്റ രീതിയിൽ ഉപയോഗിക്കാനായി. തീർഥാടകരുടെ സുരക്ഷയ്ക്കായി ഇരു ഹറമുകളിലും പ്രത്യേക സേനയെയും സജ്ജമാക്കി വിന്യസിച്ചിരുന്നു. റമസാനിൽ നാനാദിക്കുകളിൽ നിന്നുമെത്തുന്ന വിശ്വാസികളുടെ ബാഹുല്യം കണക്കിലെടുത്ത് കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഇരു ഹറമുകളിലും ഒരുക്കിയിരിക്കുന്നത്. ആദ്യ ജുമുഅ ദിവസം ഹറംകാര്യ വകുപ്പ് പദ്ധതി വിജയമായിരുന്നെന്ന് ഹറംകാര്യ വകുപ്പ് മേധാവി ഷെയ്ഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. പ്രയാസരഹിതമായും എളുപ്പത്തിലും ആരാധനാ കർമങ്ങൾ നിർവഹിക്കാൻ വിശ്വാസികൾക്ക് സാധിച്ചു. തീർഥാടകർക്ക് ഹറമിലെക്കും തിരിച്ചും യാത്രയ്ക്ക് ബസ്സുകളും ടാക്സികളും പൊതുഗതാഗത വകുപ്പ് ഒരുക്കിയിരുന്നു. സിവിൽ ഡിഫൻസ്, ട്രാഫിക്, ആരോഗ്യം, റെഡ് ക്രസന്റ്, മതകാര്യം, മുനിസിപ്പാലിറ്റി, ജല വൈദ്യുതി എന്നീ വകുപ്പുകൾക്ക് കീഴിലും സേവനത്തിന് നിരവധിയാളുകൾ രംഗത്തുണ്ടായിരുന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ