ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പുറത്തു വന്നതോടെ ബിജെപിയെ വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ. ബിജെപിയുടെ അഴിമതി ഇലക്ടറല്‍ ബോണ്ട് വിവരങ്ങളിലൂടെ പുറത്തുവന്നുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. ഇലക്ടറൽ ബോണ്ട് വാങ്ങിയ കമ്പനികളുടെയും അതിന്റെ ഗുണഭോക്താക്കളുടെയും വ്യക്തമായ വിവരങ്ങൾ പുറത്ത് വിടാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്നും ജയറാം രമേശ് ട്വിറ്ററിൽ കുറിച്ചു.
കേന്ദ്ര അന്വേഷണ ഏജൻസികൾ സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡുകളും ഇലക്ടറൽ ബോണ്ടുകൾക്കുള്ള സംഭാവനകളും തമ്മിൽ ബന്ധമുണ്ടെന്ന കോൺഗ്രസ് അവകാശവാദത്തെ ധനമന്ത്രി നിർമല സീതാരാമന് തള്ളിയിരുന്നു. ഇ ഡി റെയ്ഡും സംഭാവനകളും തമ്മിൽ ബന്ധമുണ്ടെന്ന് പറയുന്നത് ശുദ്ധ അസംബദ്ധമാണെന്നായിരുന്നു നിർമല സീതാരാമൻ്റെ പ്രസ്താവന. ഇതിനു മറുപടിയായാണ് രംഗത്തെത്തിയത്.
“സ്ഥാപനങ്ങൾക്ക് മേലുള്ള ഇഡി/സിബിഐ/ഐടി റെയ്ഡുകളും ബിജെപിക്ക് അവർ നൽകിയ സംഭാവനകളും തമ്മിലുള്ള ബന്ധം ഊഹങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് ധനമന്ത്രി പറയുന്നു. ഈ അനുമാനങ്ങൾ അസത്യമാണെങ്കിൽ, ആരാണ് ഏത് രാഷ്ട്രീയ പാർട്ടിക്ക് എത്ര സംഭാവന നൽകിയെന്നതിൻ്റെ മുഴുവൻ വിവരങ്ങളും പുറത്തുവിടാൻ ഞങ്ങൾ ധനമന്ത്രിയെ ക്ഷണിക്കുന്നു. അങ്ങനെയെങ്കിൽ ഈ ചർച്ച അവിടം അവസാനിപ്പിക്കും , ഇലക്ട്രൽ ബോണ്ടുകളെ നിയന്ത്രിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെയും ചുമതല ധനമന്ത്രിക്കാണെന്നത് ഓർക്കണം”, ജയറാം രമേശ് ട്വിറ്ററിൽ കുറിച്ചു.
നേരത്തെ ഇ ഡി റെയ്ഡ് നടന്ന കമ്പനികളിൽ നിന്നാണ് ഏറ്റവും കൂടുതൽ ഇലക്ടറൽ ബോണ്ട് സംഭാവനകൾ വന്നതെന്ന ആരോപണമുയർന്നിരുന്നു. ഇന്നലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയത കമ്പനികളുടെയും അവർ ചിലവഴിച്ച തുകയുടെയും കണക്കുകൾ പ്രസിദ്ധീകരിച്ചത്. 2019 ഏപ്രില്‍ മുതല്‍ 2024 ഫെബ്രുവരി വരെയുള്ള കാലയളവില്‍ രാഷ്ട്രീയ പാർട്ടികള്‍ക്കായി ഏറ്റവും ഉയർന്ന തുക ഇലക്ടറല്‍ ബോണ്ടുകളായി സംഭാവന ചെയ്ത കമ്പനികളില്‍ ആദ്യത്തിലുള്ള മൂന്നെണ്ണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റേയും (ഇഡി) ആദായനികുതി വകുപ്പിന്റേയും അന്വേഷണം നേരിടുന്നവയായിരുന്നു. ഫ്യൂച്ചർ ഗെയിമിങ് ആന്‍ഡ് ഹോട്ടല്‍ സർവീസ് ലിമിറ്റഡ്, മേഘ എഞ്ചിനീറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചർ ലിമിറ്റഡ് (എംഇഐഎല്‍), വേദാന്ത പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് ഈ കമ്പനികള്‍.
Read more…
- റിവ്യൂ ബോംബിങ് ശരിയും തെറ്റും
- വലിയ അവകാശവാദങ്ങൾ ഇല്ല:വിജയിക്കും ;V. S. Sunil Kumar
- കോണ്‍ഗ്രസ്സ് മറുപടി പറയുമോ?: ചോദ്യങ്ങളുമായി മുഖ്യമന്ത്രി