പാലക്കാട്: കേരള സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ ഇതുവരെ അഞ്ച് ലക്ഷം വീടുകൾ (കൃത്യമായി പറഞ്ഞാൽ 5,00,038 വീടുകൾ) അനുവദിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ഇതിൽ 3,85,145 വീടുകളുടെ നിർമാണം പൂർത്തിയായി. 1,14,893 വീടുകളുടെ നിർമാണം നടന്നുവരുന്നു. മേല്പറഞ്ഞ അഞ്ചു ലക്ഷത്തിൽ 3805 അതിദരിദ്ര ഗുണഭോക്താക്കളുടെ വീടുകളും ഉൾപ്പെടുന്നു. അവരുടെ 1500 വീടുകൾ പൂർത്തിയായി. 2305 വീടുകൾ നിർമാണ പുരോഗതിയിലാണ്. പട്ടികജാതി-പട്ടികവർഗക്കാർ, ഭിന്നശേഷിക്കാര്‍, മത്സ്യത്തൊഴിലാളികൾ, അതിദാരിദ്ര്യ നിര്‍ണ്ണയ പ്രക്രിയിലൂടെ കണ്ടെത്തിയ അതിദരിദ്രര്‍ എന്നീ വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
11 ഭവന സമുച്ചയങ്ങളിലൂടെ 886 ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കളെ പുനരധിവസിപ്പിച്ചു. 2 ഭവന സമുച്ചയങ്ങള്‍ പാര്‍ട്ട്ണര്‍ഷിപ്പ് വ്യവസ്ഥയിലും (ജി സി ഡി എ, പെരിന്തല്‍മണ്ണ നഗരസഭ) 3 എണ്ണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഒരെണ്ണം സ്പോണ്‍സര്‍ഷിപ്പ് വ്യവസ്ഥയിലും(മണ്ണന്തല-എന്‍ ജി ഒ യൂണിയന്) ബാക്കിയുള്ള 5 എണ്ണം (അടിമാലി, കടമ്പൂര്, കരിമണ്ണൂര്‍, പുനലൂര്‍, വിജയപുരം) ലൈഫ് മിഷന് നേരിട്ടും നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഗുണഭോക്താക്കള്‍ക്ക് കൈമാറി. 21 ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിന്റെ ഭാഗമായി ലഭിച്ച ഭൂമിയിലെ 2 ഭവനസമുച്ചയങ്ങളുടെ (പൂവച്ചല്‍, നെല്ലിക്കുഴി) നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രാഥമിക ഘട്ടത്തിലാണ്.
ലൈഫ് മിഷന്റെ ഭാഗമായി 17209.09 കോടി രൂപ ഇതുവരെ ചെലവഴിച്ചു. ഇതിൽ 5185.59 കോടി രൂപയും(30.13 ശതമാനം) പൂർണമായും സംസ്ഥാന വിഹിതമാണ്. 4445.38 കോടി രൂപ ഹഡ്കോ വായ്പയും 425 കോടി രൂപ ബാങ്ക് വായ്പയും 5071.43 കോടി രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതവുമാണ്. വായ്പ തിരിച്ചടയ്ക്കുന്നതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വിഹിതം നൽകുന്നതും സർക്കാർ നൽകുന്ന പദ്ധതി വിഹിതത്തിൽ നിന്നാണ്. വായ്പയുടെ പലിശ നല്‍കുന്നത് സംസ്ഥാന സര്‍കാരാണ്.
2081.69 കോടി രൂപ (12.09 ശതമാനം) മാത്രമാണ് കേന്ദ്ര സർക്കാരിന്റെ വിഹിതം. ഗ്രാമീണ മേഖലയിലെ കേന്ദ്ര സർക്കാർ പദ്ധതിയായ പി എം എ വൈ ഗ്രാമീണിന് വീടൊന്നിന് 72000 രൂപ മാത്രമാണ് കേന്ദ്രം നൽകുന്നത്. നാല് ലക്ഷത്തിൽ (പട്ടികവർഗ്ഗക്കാരുടെ കാര്യത്തിൽ 6 ലക്ഷം) ബാക്കി 3,28,000 രൂപയും സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്നാണ് നൽകുന്നത്. നഗര മേഖലയിൽ കേന്ദ്രം നല്കുന്നതാവട്ടെ ഒന്നര ലക്ഷം രൂപ മാത്രമാണ്. 2016 മുതൽ, ലൈഫ് മിഷൻ ആരംഭിച്ച കാലം മുതലിങ്ങോട്ട് പി എം എ വൈ(ഗ്രാമീൺ)യിൽ 2,36,670 അർഹതപ്പെട്ട അപേക്ഷകരിൽ കേന്ദ്രം ഇതുവരെ അനുവദിച്ചുതന്ന വീടുകളുടെ എണ്ണം 35190 മാത്രമാണ്. അതിൽ 33,272 വീടും പൂർത്തിയായി. ഇതുതന്നെ അവസാനമായി അനുവദിച്ചത് 2021-22 ലാണ്. അതിനുശേഷം പുതിയ വീടുകളൊന്നും തന്നെ അനുവദിച്ചില്ല.
നവകേരളം സൃഷ്ടിക്കുന്നതിനായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ രൂപം നൽകിയ നവകേരളം കര്‍മ്മപദ്ധതിയിലെ സുപ്രധാന മിഷനാണ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്. കേരളത്തിലെ പാര്‍പ്പിട രംഗം നേരിടുന്ന ബഹുവിധമായ പ്രശ്നങ്ങള്‍ക്ക് തനതായ പരിഹാര സമീപനങ്ങളാണ് ലൈഫ് മിഷനിലൂടെ ആവിഷ്കരിച്ച് നടപ്പാക്കിവരുന്നത്. വാര്‍ദ്ധക്യ രോഗികളും ക്ലേശമനുഭവിക്കുന്നവരുമായ കുടുംബാംഗങ്ങളെ സംരക്ഷിക്കാനും വരുംതലമുറയെ സാമൂഹിക ബോധമുള്ള നല്ല പൗരജനങ്ങളായി വളര്‍ത്തിയെടുക്കാനും ഉതകുന്ന ഇടങ്ങളുണ്ടാകണമെന്ന സമീപനത്തില്‍ അധിഷ്ഠിതമാണ് ലൈഫ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍. ഇതിനുപുറമെ സ്വന്തമായി തൊഴില്‍ ചെയ്ത് ഉപജീവനം നിര്‍വ്വഹിക്കുന്നതിനും സാമൂഹിക പ്രക്രിയകളില്‍ മാന്യമായി ഭാഗഭാക്കാകുന്നതിനും സാമ്പത്തിക സേവനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സാമൂഹിക ക്ഷേമപദ്ധതികളുടെയും പ്രയോജനം ലഭിക്കുന്നതിനും ഉതകുന്ന വിധത്തിലുള്ള ശാക്തീകരണ പ്രക്രിയ ഇതില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ വിവിധ ഭവന പദ്ധതികളെ ഏകോപിപ്പിച്ചാണ് ഈ ബൃഹദ് പദ്ധതി നടപ്പിലാക്കുന്നത്.
ലൈഫ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഘട്ടം ഘട്ടമായാണ് നടപ്പിലാക്കുന്നത്. സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂടെ ഭവന നിര്‍മ്മാണം ആരംഭിക്കുകയും നിര്‍മ്മാണം നിലച്ച ഭവനങ്ങളുടെ പൂര്‍ത്തീകരണവുമായിരുന്നു ഒന്നാംഘട്ടത്തില്‍ ലക്ഷ്യമിട്ടത്. ഈ ഘട്ടത്തില്‍ നിര്‍മ്മാണം നിലച്ച 54,116 ഭവനങ്ങൾ കണ്ടെത്തുകയും അവയുടെ നിർമാണം പൂര്‍ത്തീകരിക്കുയും ചെയ്തു. രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരുടെ പുനരധിവാസമാണ് നടപ്പിലാക്കിവരുന്നത്. ഇതിലൂടെ ഇതുവരെ 2,78,245 കുടുംബങ്ങള്‍ സുരക്ഷിത ഭവനങ്ങള്‍ക്കുടമയായി. 1,14,893 ഗുണഭോക്താക്കള്‍ ഭവനനിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുമാണ്. ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസമായിരുന്നു ലൈഫ് മൂന്നാംഘട്ടത്തില്‍ ലക്ഷ്യമിട്ടത്. ഇതില്‍ അര്‍ഹരായ ഗുണഭോക്താക്കളില്‍ 34,488 പേര് സ്വന്തമായോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുഖേനയോ ഭൂമി ആര്‍ജ്ജിച്ച് ഭൂമിയുള്ള ഭവനരഹിതരായി മാറി. ഇത്തരത്തില്‍ ഭൂമിയുള്ള ഭവനരഹിതരായവര്‍ക്ക് ഭവന നിര്‍മ്മാണത്തിന് ധനസഹായം ലഭ്യമാക്കിയതിലൂടെ 25,905 ഗുണഭോക്താക്കള്‍ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.
ഗുണഭോക്താക്കള്‍ക്ക് വിലക്കുറവില്‍ നിര്‍മ്മാണ സാമഗ്രികള്‍ ലഭ്യമാക്കിയത് ലൈഫ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കി. പെയിന്റ്, സിമന്റ്, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, വയറിംഗ് ഉപകരണങ്ങള്‍, സാനിട്ടറി ഉപകരണങ്ങള്‍, വാട്ടര്‍ ടാങ്ക് തുടങ്ങിയവ വിലക്കുറവില്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെയും കേരളത്തിന്റെ സ്വന്തം നഗര തൊഴിലുറപ്പ് പദ്ധതിയായ അയ്യന്‍കാളി പദ്ധതിയിലൂടെയും 90 തൊഴില്‍ ദിനങ്ങളുടെ ആനുകൂല്യവും(90*333=29970 രൂപ) ലഭ്യമാക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ അനെര്‍ട്ടിന്റെ ‘ഹരിത ഊര്‍ജ്ജ വരുമാന പദ്ധതിയില്‍’
ലൈഫ് ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്ലാന്റുകളില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി പൂര്‍ണമായും ഭവനങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതോടൊപ്പം അധിക വൈദ്യുതി കെഎസ്ഇബിക്ക് നല്കി വരുമാനം നേടാനും സാധിക്കും. സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കുന്ന വീടുകള്‍ക്ക് ഇന്‍ഡക്ഷന്‍ സ്റ്റൗവ് കൂടി ലഭ്യമാക്കുന്നുണ്ട്.
ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കളുടെ പുനരധിവാസത്തിനായി ഭൂമി കണ്ടെത്തുന്നതിനായി ആവിഷ്കരിച്ച “മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിനിലൂടെ 30.16 ഏക്കര്‍ ഭൂമി ലൈഫ് മിഷന് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന് 1000 ഭൂരഹിത ഭവനരഹിത കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങുന്നതിന് ഒരു കുടുംബത്തിന് പരമാവധി 2.5 ലക്ഷം രൂപ നിരക്കില്‍ 25 കോടി ധനസഹായം നല്‍കുന്നതിന് സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു. അതിന്‍പ്രകാരം 1000 ഗുണഭോക്താക്കള്‍ക്കും ഭൂമി ലഭ്യമാക്കി. ലയണ്‍സ് ഇന്റര്‍നാഷനല്‍ ഡിസ്ട്രിക്റ്റ് 318 എ യുമായി ചേര്‍ന്ന് 100 വീടുകള്‍ നിര്‍മിക്കുന്നതിനുള്ള സര്‍ക്കാര്‍ അനുമതി നല്കി.
ലൈഫ് ഗുണഭോക്താക്കളുടെ ജീവിതശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വിവിധങ്ങളായ തുടര്‍പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. വയോജന പരിപാലനം ഉറപ്പാക്കുകയും സ്വയംതൊഴില്‍-സംരംഭകത്വ വികസന പരിശീലനങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. സുരക്ഷാ പെന്‍ഷനുകളും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുടുംബങ്ങളെ ശാക്തീകരിക്കുന്നതിനാണ് ഊന്നല്‍. ഇതിന്റെ ഭാഗമായി ലൈഫ് പദ്ധതിയിലൂടെ പൂര്‍ത്തീകരിച്ച ഭവനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്. കുടുംബശ്രീ ജീവനോപാധി ഉറപ്പാക്കുന്നതിന് പ്രത്യേക ഇടപെടല്‍ നടത്തുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ലൈഫ് വീടുകള്‍ക്ക് ആട്ടിന്‍കൂട്, തൊഴുത്ത്, കോഴിക്കൂട് മുതലായ ജീവനോപാധികളും ഉറപ്പാക്കുന്നുണ്ട്. ഏറ്റവും അവസാനം കേരള നോളജ് ഇക്കണോമി മിഷനുമായി ചേര്‍ന്ന് അഞ്ച് ലക്ഷം ലൈഫ് കുടുംബങ്ങളിലെ 18നും 59നും ഇടയില്‍ പ്രായമുള്ള തൊഴിലന്വേഷകരെ കണ്ടെത്തി തൊഴില്‍ സജ്ജരാക്കി പ്രത്യേക നൈപുണ്യ പരിശീലനവും വൈജ്ഞാനിക തൊഴില്‍ പരിശീലനവും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചു. ഇതിനായി തൊഴില്‍ മേളകള്‍ നടത്തും.
വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി പാവപ്പെട്ടവരുടെ മുഖങ്ങളില്‍ പ്രതീക്ഷയുടെ ചെറുചിരികള്‍ വിരിയിച്ച് ലോക ജനതയ്ക്ക് മുന്നില്‍ മാതൃകയാകുകയാണ് സംസ്ഥാന സര്‍ക്കാര്‍. വീട് ഒരാളുടെ അഭിമാനമാണ്. അത് പൌരന്റെ അവകാശമാണ്. സര്‍ക്കാര്‍ നല്കുന്ന ഔദാര്യമല്ല. അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാര്‍ ഓരോ വീടുകള്‍ക്ക് മുന്നിലും അവരുടെ ലോഗോ പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും അതിന്റെ പേരില്‍ കേന്ദ്രവിഹിതം തടഞ്ഞുവേക്കുകയും ചെയ്തപ്പോള്‍ ലോഗോ പ്രദര്‍ശിപ്പിക്കാനാവില്ല എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ എടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read more…
- റിവ്യൂ ബോംബിങ് ശരിയും തെറ്റും
- വലിയ അവകാശവാദങ്ങൾ ഇല്ല:വിജയിക്കും ;V. S. Sunil Kumar
- കോണ്‍ഗ്രസ്സ് മറുപടി പറയുമോ?: ചോദ്യങ്ങളുമായി മുഖ്യമന്ത്രി