ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് സ്വീകരിക്കാത്ത പാർട്ടികളിൽ മുസ്ലിം ലീഗും. സി.പി.എമ്മിനും സി.പി.ഐയ്ക്കും പിന്നാലെയാണു ലീഗും ബോണ്ട് സ്വീകരിച്ചിട്ടില്ലെന്ന് വിവരങ്ങൾ പുറത്തുവന്നത്. ഇന്നലെ തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട ഇലക്ടറൽ ബോണ്ട് വിവരങ്ങളിൽനിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്.
2019 മുതലുള്ള കണക്കുകളാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. ഇതിൽ ബി.ജെ.പിയായിരുന്നു ബഹുഭൂരിഭാഗവും സ്വന്തമാക്കിയത്. 6,000 കോടിയിലേറെ രൂപയാണ് ബി.ജെ.പി സ്വീകരിച്ചത്. രണ്ടാം സ്ഥാനത്ത് തൃണമൂൽ കോൺഗ്രസും മൂന്നാം സ്ഥാനത്ത് കോൺഗ്രസുമാണുള്ളത്. ബി.ആർ.എസ്സും ടി.ഡി.പിയും എ.ഐ.എ.ഡി.എം.കെയും ഡി.എം.കെയും ആം ആദ്മി പാർട്ടിയുമെല്ലാം ബോണ്ട് സ്വീകരിച്ച പാർട്ടികളുടെ കൂട്ടത്തിലുണ്ട്.
അതേസമയം, ഇലക്ടറല്‍ ബോണ്ട് കേസില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് വീണ്ടും സുപ്രീംകോടതി നോട്ടീസ്. എസ്ബിഐ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ വിവരങ്ങള്‍ അപൂര്‍ണമാണെന്ന് കോടതി നിരീക്ഷിച്ചു. എന്തുകൊണ്ടാണ് എല്ലാ വിവരങ്ങളും കൈമാറാതിരുന്നതെന്ന് ചോദിച്ച കോടതി, ഇലക്ടറല്‍ ബോണ്ട് നമ്പറും പുറത്തുവിടണമെന്ന് നിര്‍ദേശിച്ചു.
എസ്ബിഐ തിങ്കളാഴ്ച മറുപടി നല്‍കണമെന്നും സുപ്രീംകോടതി നോട്ടീസിലുണ്ട്. പാര്‍ട്ടികള്‍ ആരുടെ സംഭാവനയാണ് സ്വീകരിച്ചതെന്നതിന്റെ വിവരങ്ങള്‍ പുറത്തുവിടണം. എല്ലാ ബോണ്ടിന്റെയും നമ്പര്‍ പുറത്തുവിടണമെന്നും നിര്‍ദേശമുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദേശം. ഈ വിവരങ്ങള്‍ പുറത്തുവിടുന്നതോടെ ആരുടെ സംഭാവന ഏത് രാഷ്ട്രീയ പാര്‍ട്ടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാകും.
ഇലക്ടറല്‍ ബോണ്ടില്‍ എസ്ഐടി അന്വേഷണം വേണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ഏത് പാര്‍ട്ടിക്ക് എത്ര ഫണ്ട് ലഭിച്ചെന്ന് അന്വേഷിക്കണം. പി എം കെയേഴ്സിന് സംഭാവന നല്കിയതും കണ്ടെത്തണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു.
Read more…
- റിവ്യൂ ബോംബിങ് ശരിയും തെറ്റും
- വലിയ അവകാശവാദങ്ങൾ ഇല്ല:വിജയിക്കും ;V. S. Sunil Kumar
- കോണ്‍ഗ്രസ്സ് മറുപടി പറയുമോ?: ചോദ്യങ്ങളുമായി മുഖ്യമന്ത്രി