കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കിയ കാലിക്കറ്റ്, സംസ്കൃത സർവകലാശാല വൈസ് ചാൻസലർമാർക്കെതി തുടർനടപടി പാടില്ല. മാർച്ച് 18 വരെ വരെ തുടർനടപടി പാടില്ലെന്ന് വിസിമാർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജസ്റ്റിസ് മുഹമ്മദ് നിയാസിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
കേസിൽ ഹൈക്കോടതി വിശദമായ വാദം കേൾക്കും. വി.സിമാർക്കെതിരെ നടപടി സ്വീകരിച്ചാലും പത്ത് ദിവസം കഴിയാതെ തുടർനടപടി പാടില്ലെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു. ഈ സമയപരിധി ഇന്ന് അവസാനിച്ചതിനാലാണ് വിസിമാർ ഹൈക്കോടതിയെ സമീപിച്ചത്.
കാലിക്കറ്റ് വിസി നിയമനത്തിന്റെ സെര്‍ച്ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറിയെ ഉള്‍പ്പെടുത്തിയത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കാലിക്കറ്റ് വിസിയായ ഡോ. എം.കെ. ജയരാജിനെതിരെ ഗവർണർ നടപടിയെടുത്തത്.
സംസ്‌കൃത സര്‍വകലാശാലയില്‍ പാനലിനു പകരം ഒരു പേര് മാത്രം സമര്‍പ്പിച്ചതാണ് വിസിയായ ഡോ. എം.വി. നാരായണനെതിരെ നടപടിയെടുക്കാന്‍ കാരണമായത്. കേരള ഓപ്പണ്‍, കേരള ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ വിസിമാരെ യുജിസി പ്രതിനിധി കൂടാതെ ആദ്യ വിസിമാര്‍ എന്ന നിലയില്‍ സര്‍ക്കാര്‍ നേരിട്ട് നിയമിച്ചതും ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തി അയോഗ്യനാക്കാന്‍ ഗവര്‍ണര്‍ നോട്ടിസ് നല്‍കിയിരുന്നു.