തിരുവനന്തപുരം: അങ്ങ് റഷ്യയിൽ വ്‌ളാദിമിർ പുതിൻ അടുത്ത തവണയും രാജ്യത്തിന്റെ പ്രസിഡന്റാകാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. യുദ്ധത്തിന്റെ പ്രതികൂല സമയത്തും ആ രാജ്യം തിരഞ്ഞെടുപ്പ് ചൂടിലാണ്. ഇങ്ങ് കേരളത്തിൽ മീനച്ചൂടിൽ നാടും നഗരവും ഉരുകിത്തിളയ്ക്കുമ്പോൾ റഷ്യൻ തിരഞ്ഞെടുപ്പിന്റെ ആവേശം ഒട്ടും ചോരാതെ വോട്ടെടുപ്പും നടന്നു. മാർച്ച് 15 മുതൽ 17 വരെയാണ് റഷ്യയിൽ വോട്ടെടുപ്പ്. ഇതിന്റെ ഭാഗമായി ഇന്ത്യയിലുള്ള റഷ്യക്കാർക്ക് വോട്ടുചെയ്യാനുള്ള കേന്ദ്രങ്ങളിലൊന്നാണ് തിരുവനന്തപുരത്തെ റഷ്യൻ സെന്ററിലുള്ളത്.
വ്‌ളാദിമിർ പുതിൻ ഉൾപ്പെടെ ആകെ നാല് മത്സരാർഥികളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. തിരുവനന്തപുരത്തെ പോളിങ് സെന്ററിൽ ഇന്നലെ 60 പേരോളം വോട്ട് രേഖപ്പെടുത്തി. പോൾ ചെയ്യപ്പെട്ട ബാലറ്റുകൾ തമിഴ്‌നാട്ടിലെ കൂടംകുളത്തേക്കും അവിടെനിന്ന് പിന്നീട് റഷ്യൻ തലസ്ഥാനമായ മോസ്‌കോയിലേക്കും പോകും. ഇത് മൂന്നാമത്തെ തവണയാണ് തിരുവനന്തപുരത്തെ റഷ്യൻ സെന്റർ തിരഞ്ഞെടുപ്പിന്റെ ഭാഗമാകുന്നത്.
സ്ഥിരമായി ഇന്ത്യ സന്ദർശിക്കുന്ന റഷ്യക്കാരുണ്ട്. അതിൽ പുതിനെ അംഗീകരിക്കുന്നവരും റഷ്യയിൽ തിരിച്ചുവരവിന് കിണഞ്ഞു ശ്രമിക്കുന്ന കമ്യൂണിസ്റ്റുകളുമുണ്ട്. റഷ്യയിലേതുപോലെ രാജ്യത്തിന്റെ വിധി നിർണയിക്കുന്ന പൊതുതിരഞ്ഞെടുപ്പിലേക്കാണ് നമ്മളും കടക്കാൻ പോകുന്നത്. റഷ്യക്കാരിയും കമ്യൂണിസ്റ്റുകാരിയുമായ ഓൾഗയ്ക്ക് അവിടെയും ഇവിടെയും കമ്മ്യൂണിസ്റ്റുകാർ വിജയിക്കുന്നതാണിഷ്ടം.
റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവര്‍
കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയാണ് അധികാരത്തിലുള്ളതെന്നത് ഓൾഗയെ ഒട്ടൊന്നുമല്ല സന്തോഷിപ്പിക്കുന്നത്. പഴയ സോവിയറ്റ് ഓർമകൾ ഇന്നും താലോലിക്കുന്ന കേരളത്തിലെ കമ്യൂണിസ്റ്റുകൾക്ക് റഷ്യ അന്യദേശമല്ല. പക്ഷെ, പഴയപോലെ കമ്മ്യൂണിസ്റ്റുകൾക്ക് അവിടെ ജനസ്വാധീനമില്ലെന്നതാണ് സത്യം. സിനിമാ നിർമാണത്തിന്റെ ഭാഗമായാണ് ഓൾഗ ഇന്ത്യയിലെത്തിയത്. ഓൾഗയുടെ സിനിമയിൽ തിരുവനന്തപുരവും ഭാഗമാകുന്നുണ്ട്. ഓൾഗയേപ്പോലെ അല്ലെങ്കിലും ചെറുപ്പക്കാരുൾപ്പെടെ 60 പേർ ഇത്തവണ വോട്ട് രേഖപ്പെടുത്തി.
Read more :
- മുഖ്യമന്ത്രി നട്ടാൽ കുരുക്കാത്ത നുണ പറയുന്നു; V. D. Satheesan | Citizenship Amendment Act
- അനില്‍ ആന്റണി, പത്മജാ വേണു ഗോപാല്‍; ഇനി ആര്? (അച്ചു ഉമ്മനോ) | Lok Sabha Election 2024
- അന്താരാഷ്ട്ര മുരുകൻ ഫെസ്റ്റും സമ്മേളനവും നടത്താൻ ഡി.എം.കെ:രൂക്ഷവിമർശനുമായി ബിജെപി
തുടർച്ചയായി ഇന്ത്യ സന്ദർശിക്കുന്ന നീനയും അങ്ങനെ ഇത്തവണ വോട്ട് രേഖപ്പെടുത്തിയത് തിരുവനന്തപുരത്താണ്. 1980-ലാണ് നീന ആദ്യമായി ഇന്ത്യയിലേക്ക് എത്തിയത്. വർക്കല സന്ദർശിക്കാനാണ് ഇത്തവണ കേരളത്തിലെത്തിയത്. ഇത് 22-ാമത്തെ തവണയാണ് നീന വർക്കലയിലെത്തുന്നത്. കക്ഷിക്ക് കേരളവും വർക്കലയും ‘ക്ഷ’ പിടിച്ചെന്ന് സാരം. കേരളത്തിലെ ആളുകളെയും ഇവിടുത്തെ ആഘോഷങ്ങളെയും നീനയ്ക്ക് പെരുത്തിഷ്ടം. ഇനിയും കേരളത്തിലെത്തുമെന്നാണ് നീന പറയുന്നത്.
കഴിഞ്ഞ മൂന്ന് തവണ നടന്നപ്പോഴുണ്ടായതിനേക്കാൾ കൂടുതലാണ് ഇത്തവണ നടന്ന വോട്ടെടുപ്പിൽ പങ്കെടുക്കാനെത്തിയവരുടെ എണ്ണം. റഷ്യൻ സെന്ററിലെ ഹോണററി കോൺസുലറും റഷ്യൻ സെന്റർ ഡയറക്ടറുമായ രതീഷ് സി നായരാണ് ഇലക്ഷൻ പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്. കുറച്ച് സമയം മാത്രം നീണ്ടു നിന്ന വോട്ടെടുപ്പ് നടപടിക്രമങ്ങൾ കഴിഞ്ഞതോടെ റഷ്യക്കാർ പൊതുതിരഞ്ഞെടുപ്പിന്റെ ചൂടുപേക്ഷിച്ച് കേരളത്തിന്റെ മീനവെയിൽ കൊണ്ടിറങ്ങി.
















