യുഡിഎഫ് സർക്കാർ അധികാരമേറ്റശേഷം നടന്ന ആദ്യ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടി. കയ്യിലുള്ള പല സീറ്റുകളും എൽഡിഎഫിന് മുന്നിൽ അടിയറ വയ്ക്കേണ്ടിവന്നു. നിലനിറുത്തിയവയിലാകട്ടെ ഭൂരിപക്ഷവും കാര്യമായി കുറഞ്ഞു. തലസ്ഥാന ജില്ലയിൽ വർഷങ്ങളായി എൽഡിഎഫിന്റെ കുത്തകയായിരുന്ന ചിറയിൻകീഴ് മണ്ഡലം ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രമ്യാഹരിദാസ് അട്ടിമറിയിലൂടെയാണ് പിടിച്ചെടുത്തത്. രമ്യയുടെ ജയം യുഡിഎഫ് കേന്ദ്രങ്ങൾപോലും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ അധികാരമേറി കേവലം നൂറുദിവസം പിന്നിട്ടപ്പോൾ തന്നെ മണ്ഡലത്തിലെ ജനങ്ങൾ യുഡിഎഫിനെ കൈവിടുന്ന കാഴ്ചയാണ് കാണുന്നത്. മണ്ഡലത്തിലുൾപ്പെട്ട മംഗലപുരവും അഞ്ചുതെങ്ങും യുഡിഎഫിന് നഷ്ടമായി.
രമ്യാഹരിദാസിന്റെ കയ്യാങ്കളി വിവാദമാണ് യുഡിഎഫിന് ഇവിടെ ശവക്കുഴി തോണ്ടിയത്. യുഡിഎഫ് നേതാക്കൾ തന്നെ ഇത് സമ്മതിക്കുന്നുമുണ്ട്.ഒടുവിൽ റിപ്പോർട്ടുകിട്ടുമ്പോൾ തിരുവനന്തപുരം ജില്ലയിൽ എൽഡിഎഫിനാണ് മുൻതൂക്കം. വർക്കല ബ്ലോക്ക് പഞ്ചായത്തിലെ ഒറ്റൂർ ഡിവിഷനിലെ വിജയവും സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം മിന്നും ജയമാണ്.
ഇവിടെ സിപിഎം കൗൺസിലറായിരുന്ന സ്മിതാ സുന്ദരേശൻ നിയസഭാ തിരഞ്ഞെടുപ്പുവേളയിൽ പാർട്ടിയിൽ നിന്ന് പുറത്തുപോയി ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചത് സിപിഎമ്മിന് കനത്ത തിരിച്ചടിയായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ 925 വോട്ടുകൾ നേടിയാണ് എൽഡിഎഫ് ഡിവിഷൻ നിലനിറുത്തിയത്. എൽഡിഎഫ് സ്ഥാനാർത്ഥി 2622 വോട്ടുകൾ നേടിയപ്പോൾ രണ്ടാംസ്ഥാനത്തുള്ള എൻഡിഎ 1697 വോടടുകൾ നേടി. യുഡിഎഫിന് 1198 വോട്ടുകളേ നേടാനായുള്ളൂ.















