കലോത്സവം പൂർത്തിയാക്കും; വിവാദങ്ങൾ അന്വേഷിക്കാൻ പ്രത്യേക സമിതിയ്ക്ക് രൂപം നൽകി കേരള യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് യോഗം

തിരുവനന്തപുരം: സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർത്തിവച്ച കേരള യൂണിവേഴ്റ്റി കലോത്സവം പൂർത്തിയാക്കാൻ തീരുമാനം. ഇന്ന് ചേർന്ന കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച  തീരുമാനമെടുത്തത്. കലോത്സവവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങൾ അന്വേഷിക്കാൻ പ്രത്യേക സമിതിയ്ക്ക് യോഗം രൂപം നൽകി.

സിൻഡിക്കറ്റ് അംഗങ്ങളായ ഡോ.കെ.ജി.ഗോപ് ചന്ദ്ര, അഡ്വ.ജി.മുരളീധരൻ,​​ ആർ.രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഈ പ്രത്യേക സമിതി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.ഇതിന് ശേഷമായിരിക്കും നിലവിലുള്ള യൂണിവേഴ്സിറ്റി യൂണിയന്റെ കാലാവധി രണ്ട് മാസം നീട്ടിനൽകുന്ന കാര്യത്തിൽ തീരുമാനം എടുക്കുക.

കലോത്സവത്തിൻ്റെ അവസാന ദിവസമാണ് നിർത്തിവയ്ക്കാൻ വിസി നിർദേശം നൽകിയത്. കലോത്സവത്തിനെതിരെ അഴിമതി ആരോപണമുയർന്നതാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. പരിപാടിയുമായി  ലഭിച്ച മുഴുവൻ പരാതികളും പരിശോധിച്ചതിന് ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനമെന്ന് കേരള സർവകലാശാല വിസി ഡോ. മോഹനൻ കുന്നുമ്മൽ അറിയിച്ചിരുന്നു.