കൊല്ലം/പത്തനാപുരം ∙ ജോലി വാഗ്ദാനം ചെയ്തു ഖത്തറിൽ കൊണ്ടുപോയി പെൺവാണിഭത്തിന് ഉപയോഗിച്ചെന്നു കാണിച്ച് ഇരകളിലൊരാളായ യുവതി, മന്ത്രി കെ. ബി. ഗണേഷ് കുമാറിന്റെ ഓഫിസിലേക്ക് ഇമെയിൽ വഴി നൽകിയ പരാതി മന്ത്രിയുടെ ഓഫീസിൽ നിന്ന് ആരോപണ വിധേയനു തന്നെ ചോർത്തി നൽകിയെന്ന് ആരോപണം.
മന്ത്രി ഗണേഷ് കുമാറിന്റെ ഓഫിസിലേക്ക് എല്ലാ വിവരങ്ങളും കൈമാറിയിരുന്നുവെന്നും മന്ത്രിയുടെ പഴ്സനൽ സ്റ്റാഫംഗം ഇത് പ്രതിക്കു ചോർത്തിക്കൊടുത്തുവെന്നുമാണ് കുളത്തുപ്പുഴ സ്വദേശിയായ വിവാഹിതയായ യുവതിയുടെ ആരോപണം. കൊട്ടാരക്കര സ്വദേശി സുധീപ് ചന്ദ്രനെതിരെയാണ് പീഡന പരാതി.
മറ്റു മന്ത്രിമാർക്കും കഴിഞ്ഞ 3-ന് യുവതി പരാതി നൽകിയതോടെയാണ് വിവരം പുറത്തായത്. സുധീപ് ചന്ദ്രനെതിരെ കുളത്തുപ്പുഴ പൊലീസ് പീഡനത്തിന് കേസെടുത്തിട്ടുണ്ട്. ഖത്തറിൽ നിന്ന് ഇയാൾ ആഫ്രിക്കയിലേക്കു കടന്നതായാണ് വിവരം. മന്ത്രി ഗണേഷ് കുമാറിന്റെ പഴ്സനൽ സ്റ്റാഫംഗവുമായി ബന്ധമുള്ളയാളാണ് സുധീപ് എന്നും യുവതി ആരോപിക്കുന്നു. നേരത്തേ മുഖ്യമന്ത്രിക്കു പരാതി നൽകിയതിനെത്തുടർന്ന് കുളത്തുപ്പുഴ പൊലീസ് അന്വേഷണം തുടങ്ങിയതായും മന്ത്രിമാർക്ക് അയച്ച ഇമെയിൽ സന്ദേശത്തിൽ യുവതി പറയുന്നു.
∙ ആരോപണം ശരിയെങ്കിൽ നടപടി : മന്ത്രിയുടെ ഓഫിസ്
സ്റ്റാഫംഗത്തിനെതിരെ പരാതിയുണ്ടായാൽ അവർ സ്റ്റാഫിൽ ഉണ്ടാകില്ലെന്നു മന്ത്രി ഗണേഷ്കുമാറിന്റെ ഓഫിസിന്റെ വിശദീകരണം. ഒരു ജീവനക്കാരനെതിരെയും ഇതുവരെ പരാതി ലഭിച്ചിട്ടില്ല. ഇ-മെയിൽ പരാതികൾ ക്രോഡീകരിക്കാൻ 3 ജീവനക്കാരുണ്ട്. ഇവർക്കു ലഭിക്കുന്ന പരാതികൾ വേറെ ആരിലേക്കും പോകില്ല. ആരോപണ വിധേയന് ഈ പരാതി ലഭിച്ചെന്നു പറയുന്നത് തെറ്റാണെന്നും പറഞ്ഞു. മന്ത്രിയുടെ പ്രതികരണം തേടിയെങ്കിലും തിരഞ്ഞെടുപ്പ് പരിപാടികളിലായതിനാൽ ലഭിച്ചില്ല.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ