ന്യൂഡൽഹി: രണ്ടാം മോദി സർക്കാർ 2023ൽ നടപ്പാക്കിയ വിവാദ നിയമം ഉപയോഗിച്ച് പുതുതായി രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിച്ച നടപടി റദ്ദാക്കണമെന്ന ഹർജി മാറ്റി. അടിയന്തിരമായി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ വാദം കേൾക്കണമെന്ന അഭിഭാഷകരായ കപിൽ സിബൽ, വികാസ് സിംഗ്, പ്രശാന്ത് ഭൂഷൻ, എന്നിവരുടെ ആവശ്യം കോടതി തള്ളി. ഹർജി ഒരാഴ്ച കഴിഞ്ഞ് അടുത്ത വെള്ളിയാഴ്ച പരിഗണിക്കും.
തെരഞ്ഞെടുപ്പ് കമ്മിറ്റി പൂർണമായും കേന്ദ്ര സർക്കാറിന്റെ നിയന്ത്രണത്തിലാക്കി കൊണ്ടുവന്ന വിവാദ നിയമമുപയോഗിച്ച് പുതിയ കമീഷണർമാരെ നിയമിക്കരുതെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് മാറ്റിയത്. ഹർജി ഇന്ന് കോടതി പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാർ തിടുക്കപ്പെട്ട് കമ്മീഷണർമാരെ നിയമിച്ചത് എന്നതാണ് ശ്രദ്ധേയം.
തെരഞ്ഞെടുപ്പ് കമീഷണർമാരെ നിയമിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും ഏകപക്ഷീയമായി ഇപപ്പെട്ടുവെന്ന് തെരഞ്ഞെടുപ്പ് സമിതിയിലുള്ള പ്രധാന പ്രതിപക്ഷ പാർട്ടി നേതാവ് അധിർ രഞ്ജൻ ചൗധരി വെളിപ്പെടുത്തിയിരുന്നു.
പ്രധാനമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പുറമെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കൂടി അടങ്ങുന്ന മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറുടെയും മറ്റു കമ്മീഷണർമാരുടെയും നിയമനം നടത്തണമെന്നായിരുന്നു ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടത്.
സുപ്രീം കോടതി വിധിയെ വിവാദ നിയമ നിമ്മാമാണത്തിലൂടെ മറികടന്നാണ് ചീഫ് ജസ്റ്റിസിനെ മാറ്റി പകരം പ്രധാനമന്ത്രി നിർദ്ദേശിക്കുന്ന ഒരു കാബിനറ്റ് മന്ത്രിയെന്ന നിലയിൽ അമിത് ഷായെ സെലക്റ്റ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. ഇതിനെതിരെ കോൺഗ്രസ് നേതാവ് ജയ താക്കൂർ, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
കേരള കേഡറിലുണ്ടായിരുന്ന ഗ്യാനേഷ് കുമാർ, പഞ്ചാബ് കേഡർ ഉദ്യോഗസ്ഥൻ സുഖ്ബീർ സിംഗ് സന്ധു എന്നിവർ കമ്മീഷണർമാരായി വെള്ളിയാഴ്ച ചുമതലയേറ്റിരുന്നു. നാളെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാറിന് ആശ്വാസകരമായ നടപടി.