അബുദാബി ∙ റമസാൻ സമ്മാനിച്ച പുത്തനുണർവിൽ ഈന്തപ്പഴ കച്ചവടം ഉഷാർ. വ്രതാനുഷ്ഠാനത്തിനു ഒരാഴ്ച മുൻപേ ഈന്തപ്പഴ വിപണി സജീവമായെങ്കിലും നോമ്പ് തുടങ്ങിയതോടെ വിൽപന ഇരട്ടിയിലധികമായെന്ന് കച്ചവടക്കാർ സാക്ഷ്യപ്പെടുത്തി. അബുദാബി മിനാ മാർക്കറ്റ്, ദുബായ് വാട്ടർഫ്രണ്ട് മാർക്കറ്റ്, ഷാർജ അൽജുബൈൽ മാർക്കറ്റ്, റാസൽഖൈമ മാർക്കറ്റ് എന്നിവിടങ്ങളിലാണ് പ്രധാന വിപണി. കൂടാതെ വിവിധ ഷോപ്പിങ് മാളുകളിലും ലുലു ഗ്രൂപ്പ് ഉൾപ്പെടെ വിവിധ ഹൈപ്പർമാർക്കറ്റ് ശൃംഖലകളിലും ഈന്തപ്പഴത്തിന് പ്രത്യേക വിപണി ഒരുക്കിയാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്.
നോമ്പുതുറക്കാൻ മാത്രമല്ല ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവരും ഏറെ. യുഎഇയിൽ എത്തുന്ന സന്ദർശകർ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാനും മറ്റും ഈന്തപ്പഴവുമായാണ് മടക്കം. നോമ്പുതുറക്കാൻ ഏറ്റവും ഉത്തമം ഈന്തപ്പഴമാണ് എന്നതാണ് റമസാനിൽ ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നത്. നീണ്ട ഉപവാസത്തെ തുടർന്ന് താഴ്ന്നിരിക്കുന്ന ശരീരത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താൻ ഈന്തപ്പഴം (കാരയ്ക്ക–ഉണങ്ങിയ ഈന്തപ്പഴം) സഹായിക്കും എന്നതാണ് ശാസ്ത്രീയ വശം. കൂടാതെ വൈറ്റമിൻ, മിനറൽസ്, അമിനോ ആസിഡ്സ്, ആന്റിഓക്സിഡൻസ് എന്നിവയുടെ കലവറയാണ് ഈന്തപ്പഴം. മദീനയിൽ നിന്നുള്ള അജ്വയ്ക്കാണ് ആവശ്യക്കാർ ഏറെ. മജ്ദൂൽ, സഫാവി, സഗായി, മബ്റൂം, മഷ്റൂക്, ആമ്പർ, സുക്കരി, ഖദറി, കൽമി, സല്ലജ്, തുടങ്ങി പഴുത്തതും ഉണങ്ങിയതുമായ അൻപതോളം ഇനം വിപണിയിൽ ലഭ്യമാണ്. വിവിധ രാജ്യങ്ങളിൽനിന്ന് എത്തുന്ന ഇവയ്ക്ക് നിലവാരം അനുസരിച്ച് കിലോയ്ക്ക് 5 മുതൽ 250 ദിർഹം വരെ വിലയുണ്ട്.
അജ്വയ്ക്കു പുറമെ മാർദവമേറിയ സുക്കരി, ഇറാനിൽനിന്നുള്ള ബാം, ജോർദാൻ, പലസ്തീൻ എന്നിവിടങ്ങളിൽനിന്നുള്ള വലിയ ഇനം മജ്ദൂൽ, സൗദിയുടെ സഫാവി, മബ്റൂം, സഗായി എന്നിവയ്ക്കും ആവശ്യക്കാരേറെയാണ്. പുതിയ ഈന്തപ്പഴങ്ങൾ വിപണിയിൽ എത്താൻ 3–4 മാസമെങ്കിലും എടുക്കും. അതിനാൽ കഴിഞ്ഞ വർഷത്തെ പഴയങ്ങൾ ശീതീകരിച്ച് വിപണിയിൽ എത്തിക്കുന്നവരുമുണ്ട്. യുഎഇ, സൗദി അറേബ്യ, ഒമാൻ, ജോർദാൻ, പലസ്തീൻ, ഇറാൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവയാണ് വിപണിയിലുള്ളത്. ഈന്തപ്പഴത്തോടൊപ്പം ബദാം, അണ്ടിപ്പരിപ്പ്, പിസ്ത, ഉണങ്ങിയ പഴങ്ങൾ എന്നിവയ്ക്കും ആവശ്യക്കാർ ഏറെ.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ