ദുബായ് ∙ അരിപ്പൊടിയിൽ വെള്ളം ചേർത്ത് ചുമരുകളിൽ വരച്ചിരുന്ന കോലങ്ങളായിരുന്നു പുരാതന കാലത്ത് ഒഡീഷയുടെ ചിത്രരചനാ രീതി. ആദിവാസി ഊരുകളുടെ പൊതു സംസ്കാരമായിരുന്ന ആ വരകൾ ഇന്നും കലർപ്പില്ലാതെ ഒഡീഷയുടെ ഗോത്രഗ്രാമങ്ങളിലുണ്ട്.
അത്തരം ചിത്രങ്ങളെയും കലാകാരന്മാരെയും ലോകത്തിനു പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തിനാണ് ഒഡീഷ സർക്കാരും ലളിത കലാ അക്കാദമിയും തുടക്കമിട്ടത്. ഗോത്ര ഗ്രാമങ്ങളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 15 കലാകാരന്മാരെ ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ ദുബായിൽ എത്തിച്ചു. രണ്ടു ദിവസത്തെ ചിത്രരചനാ ശിൽപശാലയും അതിനു സമാപനം കുറിച്ച് ഒരു ദിവസം നീണ്ട ചിത്ര പ്രദർശനവും ദുബായിൽ നടന്നു. അതിമനോഹര ചിത്രങ്ങളിൽ ഓരോ ഊരുകളുടെയും കഥയും ചരിത്രവുമുണ്ട്. കാർഷിക സംസ്കാരവും സാമൂഹിക ഘടനയുമുണ്ട്. വീടുകളുടെ ചുമരുകളെ അലങ്കരിച്ചിരുന്ന ചിത്രങ്ങൾ ദുബായിൽ എത്തിയപ്പോൾ കാൻവാസുകളിലായെന്നു മാത്രം. 15 കലാകാരന്മാരും ആദ്യമായാണ് ഇന്ത്യയ്ക്കു പുറത്തേക്ക് യാത്ര ചെയ്യുന്നത്.
പുതിയ രാജ്യം, പുതിയ ലോകം, ഇതുവരെ കാണാത്ത ആളുകൾ അങ്ങനെ അവസരങ്ങളുടെ വലിയ ലോകമാണ് ഈ പ്രദർശനം വഴി ഒരുക്കിയിരിക്കുന്നതെന്ന് ഒഡീഷ ലളിതകലാ അക്കാദമി പ്രസിഡന്റും ചിത്രരചനാ സംഘത്തിന്റെ നേതാവുമായ സുദർശൻ പട്നായിക് മനോരമയോടു പറഞ്ഞു.
∙ ആതിഥ്യം വഹിച്ച് ദുബായ് ഇന്ത്യൻ കോൺസുലേറ്റ്
സംഘത്തിന്റെ യാത്രാ ചെലവും താമസവും അടക്കം ഒഡീഷ സർക്കാരാണ് വഹിക്കുന്നത്. ദുബായ് ഇന്ത്യൻ കോൺസുലേറ്റാണ് ശിൽപശാലയ്ക്കും പ്രദർശനത്തിനും ആതിഥ്യം വഹിച്ചത്. കോൺസൽ ജനറൽ സതീഷ്കുമാർ ശിവൻ ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്തു. നമ്മുടെ രാജ്യം പ്രകൃതിയോട് എത്ര ഇണങ്ങിയാണ് ജീവിക്കുന്നത് എന്നതിന്റെ നേർ സാക്ഷ്യമാണ് പ്രദർശിപ്പിച്ച ചിത്രങ്ങളെന്ന് സതീഷ്കുമാർ ശിവൻ പറഞ്ഞു. ഇന്ത്യയുടെ സുസ്ഥിരതാ നിലപാടുകളുടെ യഥാർഥ മുഖം ഈ ചിത്രങ്ങളിലൂടെ ലോകത്തിനു കാണാൻ കഴിയും. ഇതുവരെ ഒഡീഷ സന്ദർശിച്ചിട്ടില്ലെന്നും ഈ ചിത്രങ്ങൾ തന്നെ ഒഡീഷയിലേക്കു ക്ഷണിക്കുന്നവയാണെന്നും കോൺസൽ ജനറൽ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ