ദുബായ് ∙ ദുബായിൽ കമ്പനികൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ലഘൂകരിച്ച് ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം (ഇൻവെസ്റ്റ് ഇൻ ദുബായ്) സ്ഥാപിച്ചു. നിക്ഷേപകർക്ക് എളുപ്പത്തിലും വേഗത്തിലും ലൈസൻസ് നടപടികൾ പൂർത്തിയാക്കാൻ ഇതിലൂടെ സാധിക്കും.
വ്യവസായ അന്തരീക്ഷം, സാമ്പത്തിക വളർച്ച, നിക്ഷേപകരുടെ അനുഭവം എന്നിവ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. കേന്ദ്രീകൃത സംവിധാനം വന്നതോടെ ലൈസൻസ് നടപടികൾക്കായി വിവിധ ഓഫിസിൽ കയറിയിറങ്ങുന്നതും ഒഴിവാക്കാം. സമസ്ത മേഖലകളിലും ദുബായിയെ ഡിജിറ്റൽ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായാണ് പരിഷ്കാരം.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഉത്തരവിനെ തുടർന്നാണ് ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം സ്ഥാപിച്ചത്. ലൈസൻസ്, പെർമിറ്റ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകൾക്കും പുറമെ കമ്പനി റജിസ്ട്രേഷൻ, ഏകീകൃത ഡിജിറ്റൽ ഡേറ്റ റജിസ്ട്രേഷൻ, ഒറ്റത്തവണ ഫീസ് അടയ്ക്കൽ തുടങ്ങിയവയെല്ലാം ഇതുവഴി സാധിക്കും. സാമ്പത്തിക, ടൂറിസം വകുപ്പിനാണ് ചുമതല.
പ്ലാറ്റ്ഫോമിന് കീഴിലുള്ള സ്ഥാപനങ്ങൾ
നിലവിൽ ലൈസൻസ് നടപടിക്രമങ്ങൾ നിയന്ത്രിച്ചിരുന്ന ഇക്കോണമിക് ഡിപാർട്ടമെന്റ്, ടൂറിസം, ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ, പ്രത്യേക സാമ്പത്തിക മേഖലകളായ ഫ്രീസോൺ, സ്പെഷ്ൽ ഡലവപ്മെന്റ് സോൺ തുടങ്ങിയ സ്ഥാപനങ്ങൾ ഏകീകൃത പ്ലാറ്റ്ഫോമിനു കീഴിലാക്കി. ഏതു മേഖലയിൽ സ്ഥാപനം തുടങ്ങാനും ഏകീകൃത പ്ലാറ്റ്ഫോമിൽ അപേക്ഷിച്ചാൽ മതി. നടപടിക്രമങ്ങളിലെ ആവർത്തനം ഒഴിവാക്കുന്നതോടൊപ്പം നിക്ഷേപകർക്ക് മികച്ച സേവനവും സൗകര്യവും ലഭ്യമാക്കും. ദുബായിലെ എല്ലാ സാമ്പത്തിക പ്രവർത്തനങ്ങൾക്കും നിയമം ബാധകം.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ