ലോകമെങ്ങുമുള്ള ഇസ്ലാം മത വിശ്വാസികൾ റമദാൻ നോമ്പ് അനുഷ്ഠിക്കുമ്പോൾ ഗസ്സയിലെ മനുഷ്യരുടെ അവസ്ഥ ദയനീയമാണ്.
വടക്കൻ ഗസ്സയിലെ ആയിരത്തിലേറെ വരുന്ന ആരോഗ്യ പ്രവർത്തകർ അത്താഴവും ഇഫ്താറുമില്ലാതെയാണ് നോമ്പ് അനുഷ്ഠിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. മെഡിക്കൽ സംഘങ്ങൾ ഗസ്സയിൽ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പ്രവർത്തിക്കുമ്പോഴും അവർക്ക് കഴിക്കാൻ ഭക്ഷണമില്ല.
ഗസ്സയിൽ പട്ടിണി മൂലം രണ്ട് കുട്ടികൾ കൂടി മരിച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പോഷകാഹാരക്കുറവ്, നിർജ്ജലീകരണം, ആരോഗ്യ സംവിധാനങ്ങളുടെ അഭാവം എന്നിവ കുട്ടികളുടെ മരണത്തിന് കാരണമായതായി പറയുന്നു. പട്ടിണി കാരണം വടക്കൻ ഗസ്സയിലെ ജനങ്ങളുടെ ശരീര ഭാരം വളരെ കുറഞ്ഞതായി ദുരിതാശ്വാസ പ്രവർത്തകർ വ്യക്തമാക്കുന്നു.
വെസ്റ്റ് ബാങ്കിൽ പലയിടത്തായി ഇസ്രായേൽ സൈന്യം നടത്തിയ റെയ്ഡുകളിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ നാല് പേരെ വെടിവെച്ചു കൊന്നു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഷുഫത്ത് അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം റെയ്ഡിനെത്തിയത്. സ്ത്രീകളെയും യുവാക്കളെയും സൈന്യം ക്രൂരമായി മർദ്ധിച്ചു. ഇതിനിടെ 13കാരനായ റാമി അൽ-ഹൽഹുലിയെ ഇസ്രായേൽ സൈന്യം വെടിവച്ചു കൊല്ലുകയായിരുന്നു.
ഗസ്സയെ സംബന്ധിച്ചും ഈ റമദാൻ കാലം ഏറെ പ്രധാനപ്പെട്ടതായിരുന്നു. എന്നാൽ അഞ്ച് മാസത്തിലേറെയായി ഇസ്രായേൽ സൈന്യം ഗസ്സക്കുമേൽ നടത്തിവരുന്ന വംശഹത്യയും സഹായം നിഷേധിക്കുന്നതുമൂലമുണ്ടാകുന്ന രോഗങ്ങളും പട്ടിണിയും റമദാൻ ആരംഭിച്ചിട്ടും അവസാനിച്ചിട്ടില്ല. നോമ്പ് തുറക്കാനും പ്രാർഥനക്ക് സുരക്ഷിതമായ ഇടം കണ്ടെത്താനും അവർക്ക് സാധിക്കുന്നില്ല.
ഈ സാഹചര്യത്തിൽ ഗാസയിലേക്ക് 200 ടൺ ഭക്ഷ്യവസ്തുക്കളുമായി സൈപ്രസിൽനിന്ന് ആദ്യ കപ്പൽ പുറപ്പെട്ടു എന്ന വാർത്തയും പുറത്തുവരുന്നുണ്ട്. ഗാസയിൽ നിന്ന് 200 കിലോമീറ്റർ അകലെ മെഡിറ്ററേനിയൻ കടലിലുള്ള ദ്വീപ് രാഷ്ട്രമാണ് സൈപ്രസ്. കരമാർഗം ഗസ്സയിലേക്ക് എതാൻ സാധിക്കാത്തതുമൂലമാണ് യുഎഇയുടെ ധനസഹായത്താൽ യുഎസ് പിന്തുണയുള്ള ജീവകാരുണ്യസംഘടനയായ വേൾഡ് സെൻട്രൽ കിച്ചൻ (ഡബ്ല്യൂസികെ) കപ്പൽ വഴി സഹായമെത്തിക്കുന്നത്.
ഭക്ഷണവും മരുന്നുമായി ലോകാരോഗ്യസംഘടനയുടെ ദൗത്യസംഘവും വടക്കൻ ഗാസയിലെ അൽ ഷിഫ ആശുപത്രിയിലെത്തി. യുഎൻ ഏജൻസികളെ അടക്കം പുറത്തുനിന്നും ആരെയും വടക്കൻ ഗസ്സയിലേക്ക് പ്രവേശിക്കാൻ ഇസ്രയേൽ സൈന്യം അനുവദിക്കാത്തതിനാൽ മേഖലയിൽ അതിരൂക്ഷമായ ക്ഷാമമാണ് നേരിടുന്നത്.
അതേസമയം, കേംബ്രിഡ്ജ് സർവകലാശാലയിൽ സൂക്ഷിച്ചിരിക്കുന്ന മുൻ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ആര്‍തര്‍ ജെയിംസ് ബാൽഫോറിന്റെ ഛായാചിത്രം ഫലസ്തീൻ അനുകൂല പ്രവർത്തകർ നശിപ്പിച്ചു. 1917ലെ ബാൽഫോർ പ്രഖ്യാപനമാണ് ഫലസ്തീനികൾക്ക് തങ്ങളുടെ ജന്മഭൂമി നഷ്ടപ്പെടാൻ കരണമാക്കിയതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ഒരു സ്ത്രീ ചിത്രത്തിന് നേരെ ചുവന്ന പെയിന്റ് സ്പ്രേ ചെയ്യുന്നതും, കത്തി ഉപയോഗിച്ച് നശിപ്പിക്കുന്നതും കാണാം. ഭൂമി വിട്ടുനൽകുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് ഫലസ്തീനിലെ വംശീയ ഉന്മൂലനത്തിന് ബാൽഫോർ തുടക്കമിട്ടെന്നും ബ്രിട്ടീഷുകാർക്ക് അങ്ങനെ ചെയ്യാൻ ഒരിക്കലും അവകാശമില്ലായിരുന്നുവെന്നും ചിത്രം നശിപ്പിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ‘ഫലസ്തീൻ ആക്ഷൻ’ സംഘടന പറഞ്ഞു. ഹംഗേറിയൻ വംശജനായ കലാകാരൻ ഫിലിപ്പ് ഡി ലസ്ലോ 1914ൽ വരച്ച ചിത്രമാണിത്. ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ആസൂത്രിത വംശഹത്യക്കെതിരെ ബ്രിട്ടനിൽ വലിയ പ്രതിഷേധമാണ്
ഫലസ്തീനില്‍ ജൂതരാഷ്ട്രം സ്ഥാപിക്കാന്‍ വാഗ്ദാനം ചെയ്താണ് ബാൽഫോർ പ്രഖ്യാപനം വരുന്നത്. സയണിസ്റ്റ് ഫെഡറേഷന്‍ ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ തലവനായ ലോര്‍ഡ് റോത്സ് ചൈല്‍ഡിന് ജൂതരാഷ്ട്രമുണ്ടാക്കാന്‍ എല്ലാ സഹായവും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്ന ആര്‍തര്‍ ജെയിംസ് ബാൽഫോർ 1917 നവംബര്‍ രണ്ടിനാണ് കത്തെഴുതുന്നത്. ഈ കത്താണ് പിന്നീട് ബാള്‍ഫോർ പ്രഖ്യാപനം എന്നറിയപ്പെട്ടത്.
പിന്നീടങ്ങോട്ട് ഇന്നുവരെ നടക്കുന്ന സംഭവങ്ങൾ ഫലസ്തീനിലെ മനുഷ്യർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്തതാണ്. 1947 നവംബർ 29ന് ചേർന്ന യു.എൻ ജനറൽ അസംബ്ലി ജൂതർക്കും അറബികൾക്കുമായി ഫലസ്തീനെ വിഭജിക്കാനുള്ള തീരുമാനം അംഗീകരിച്ചു. ആ തീരുമാനം ജൂതർ സ്വീകരിച്ചുവെങ്കിലും അറബി ലീഗ് രാജ്യങ്ങൾ തിരസ്കരിച്ചു. 1948 മേയ് 14ന് അർദ്ധരാത്രി ഇസ്രയേൽ എന്ന പുതിയ രാജ്യം പിറവികൊണ്ടു. ഇതിനെ തുടർന്നുണ്ടായ യുദ്ധത്തിൽ പത്ത് ലക്ഷത്തോളം പേരാണ് ആദ്യ ഘട്ടത്തിൽ തന്നെ ഫലസ്തീനിൽനിന്ന് പലായനം ചെയ്തത്. ആ വേദനകളിലൂടെയും ദുരിതത്തിലൂടെയുമാണ് ഇന്നും ആ രാജ്യം കടന്നുപോകുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം