അബുദാബി ∙ പൊതുജനാരോഗ്യത്തിന് ശക്തമായ ഭീഷണിയുയർത്തുന്ന രണ്ട് അറവ്ശാലകൾ അധികൃതർ അടച്ചുപൂട്ടി. അൽ അയ്ഹാം അറവ്ശാല, അബുദാബി മുഷ്രിഫ് മാളിൽ സ്ഥിതി ചെയ്യുന്ന അൽ അമൽ അറവ്ശാല എന്നിവയാണ് അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി പൂട്ടിച്ചത്.
അബുദാബി എമിറേറ്റിലെ ഭക്ഷ്യ നിയന്ത്രണങ്ങൾ സംബന്ധിച്ച 2008-ലെ നിയമ നമ്പർ (2) ന്റെ നഗ്നമായ ലംഘനങ്ങൾക്കും പൊതുജനാരോഗ്യത്തെ അപകടത്തിലാക്കുന്നതിനുമുള്ള പ്രതികരണമായാണ് ഈ നടപടികൾ. നിയമലംഘനം ആവർത്തിച്ചതിനെ തുടർന്നാണ് സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ തീരുമാനിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. അൽ അമൽ അറവ്ശാലയും അൽ അയ്ഹാം ഇറച്ചി വ്യാപാര കേന്ദ്രവും ഭക്ഷ്യ ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തി. ഇറക്കുമതി ചെയ്ത മാംസം പ്രാദേശിക ഉൽപന്നങ്ങൾ എന്ന് തെറ്റായി ലേബൽ ചെയ്ത് വിൽക്കുന്ന സംഭവങ്ങൾ ഇവിടങ്ങളിൽ ഉണ്ടായിട്ടുണ്ട്. ഇത് ഉപഭോക്തൃ വിശ്വാസത്തെ ദുർബലപ്പെടുത്തുകയും ഭക്ഷണത്തിന്റെ സമഗ്രതയിൽ വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുന്നു.
കൂടാതെ, പരിസരത്ത് പാറ്റകളുടെ ശല്യവും കണ്ടെത്തി, ഇത് ശുചിത്വ പ്രോട്ടോക്കോളുകളോടുള്ള കടുത്ത അവഗണനയെ സൂചിപ്പിക്കുന്നു. ജനങ്ങളോട് ജാഗ്രത പാലിക്കാനും ഭക്ഷണ സൗകര്യങ്ങളിലെ എന്തെങ്കിലും ലംഘനങ്ങളോ ഭക്ഷ്യവസ്തുക്കളുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട സംശയങ്ങളോ കണ്ടാൽ റിപ്പോർട്ട് ചെയ്യാനും അധികൃതർ അഭ്യർഥിച്ചു. ഇത്തരം ആശങ്കകൾ അറിയിക്കുന്നതിന് 800555 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുക.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ