കൊച്ചി: തൃക്കാക്കരയിൽ വോട്ടുമറിച്ചെന്ന നന്ദകുമാറിന്റെ ആരോപണം തള്ളി കെ.പി.സി.സി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്. ടി.ജി. നന്ദകുമാർ കഴിഞ്ഞദിവസം പറഞ്ഞ കാര്യങ്ങളല്ല ഇപ്പോൾ പറയുന്നത്. പാർട്ടിയിൽ തെറ്റിദ്ധാരണയുണ്ടാകാനുള്ള ശ്രമം മാത്രമാണ് ആരോപണത്തിനുപിന്നിലെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ചാർജുണ്ടായിരുന്ന വ്യക്തിയാണ് ഞാൻ. തിരഞ്ഞെടുപ്പിൽ എന്റെ പ്രവർത്തനങ്ങളെപ്പറ്റി നേതൃത്വത്തിന് നന്നായി അറിയാം. ഞാൻ സി.പി.എം. നേതാവിനെ കാണാൻ പോയെന്നും അനുഗ്രഹം വാങ്ങിയെന്നുമെല്ലാമാണ് ടി.ജി. നന്ദകുമാർ പറയുന്നത്. എന്നാൽ ഇന്നലെ പറഞ്ഞത് ഇങ്ങനെയല്ല. നന്ദകുമാറിന്റെ എല്ലാ ആരോപണങ്ങളോടും തനിക്ക് മറുപടി പറയാൻ താത്പര്യമില്ല. ഇത്തരത്തിൽ ആരോപണങ്ങളുന്നയിച്ച് ഹരാസ് ചെയ്യാനാണ് ശ്രമിക്കുന്നതെങ്കിൽ തുടർ നടപടികളെക്കുറിച്ച് പാർട്ടി നേതൃത്വവുമായി ആലോചിക്കേണ്ടി വരും. എ.ഐ.സി.സി അംഗമായ എനിക്ക് ഇക്കാര്യത്തിൽ തനിച്ചൊരു തീരുമാനമില്ലെന്നും പാർട്ടി നേതൃത്വവുമായി ആലോചിച്ച് മാത്രമേ മുന്നോട്ട് പോവുകയുള്ളൂവെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു.