റിയാദ്: പലസ്തീനെ അംഗീകരിക്കാതെ ഇസ്രയേലുമായുള്ള ബന്ധം പുനഃസ്ഥാപിക്കില്ലെന്ന് സൗദി അറേബ്യ. ദ്വിരാഷ്ട്രത്തെ അവഗണിച്ചുകൊണ്ടുള്ള ഇസ്രയേലിന്റെ നീക്കം സ്വന്തം കാലില്‍ വെടിവെക്കുന്നതിന് തുല്യമാണെന്ന് സൗദി യു.എസിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. സൗദിയുമായി ഇസ്രയേലിന്റെ ബന്ധം പുനസ്ഥാപിക്കാന്‍ അമേരിക്ക ശ്രമം നടത്തുന്നതിനിടെയാണ് സൗദി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
ഇസ്രയേലിനെ അംഗീകരിച്ചാല്‍ സൗദിക്കെതിരെയുണ്ടാകുന്ന സുരക്ഷാ ഭീഷണി തടയാന്‍ യു.എസിന് പോലും കഴിയില്ലെന്നും സൗദി പറഞ്ഞു. സൗദിയില്‍ നിന്നുള്ള പേര് വെളിപ്പെടുത്താത്ത ഒരു നയതന്ത്രജ്ഞനാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പ്രാദേശിക മാധ്യമങ്ങളോട് പങ്കുവെച്ചത്.
സമാധാനപരമായി മുന്നോട്ട് പോവുകയും അതിലൂടെ അറബ് രാജ്യങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്നതിലൂടെ മാത്രമേ ഒക്ടോബര്‍ ഏഴിനുണ്ടായ ഹമാസിന്റെ പ്രത്യാക്രമണം പോലുള്ള പ്രതിരോധങ്ങളെ നേരിടാന്‍ ഇസ്രയേലിന് കഴിയുകയുള്ളൂവെന്നും സൗദി ചൂണ്ടിക്കാട്ടി.
ഇസ്രയേലുമായുള്ള ബന്ധം തുടരാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും അതിനായി ഇസ്രയേല്‍ ഫലസ്തീനെ അംഗീകരിക്കണമെന്നും സൗദി അറിയിച്ചു.
സൗദിയുടെ ആയുധ കരാറുകള്‍ക്ക് യു.എസ് വിലങ്ങുതടിയായി നില്‍ക്കുന്നുവെന്നും നയതന്ത്രജ്ഞന് ചൂണ്ടിക്കാട്ടിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം ഫലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കാതെ ഇസ്രയേലുമായി സൗഹൃദത്തിലാകാന്‍ സാധിക്കില്ലെന്ന് സൗദിയുടെ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് പറഞ്ഞിരുന്നു.
അതേസമയം ഗസയില്‍ ഇസ്രയേല്‍ നടത്തുന്ന അതിക്രമങ്ങള്‍ അതിരുകടന്നിരിക്കുകയാണ്. ഇസ്രയേല്‍ നടത്തുന്ന വംശഹത്യയില്‍ ലോകത്ത് നാല് വര്‍ഷത്തെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതിനേക്കാള്‍ കൂടുതല്‍ കുട്ടികള്‍ നാല് മാസത്തിനുള്ളില്‍ ഗസയില്‍ കൊല്ലപ്പെട്ടതായി ഫലസ്തീന് അഭയാര്‍ത്ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സിയുടെ തലവനായ ഫിലിപ്പ് ലസാരിനി പറഞ്ഞു.