ബെംഗളൂരു∙ ഉസ്ബെക്കിസ്ഥാൻ സ്വദേശിനിയെ നഗരത്തിലെ ഹോട്ടലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ബെംഗളൂരു പൊലീസ് അന്വേഷണം തുടങ്ങി. ബെംഗളൂരു ശേഷാദ്രിപുരത്തുള്ള ഹോട്ടലിലെ മുറിയിലാണ് സറീന (37) എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാല് ദിവസം മുൻപു ടൂറിസ്റ്റ് വീസയിലാണ് സറീന ബെംഗളൂരുവിൽ എത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് നാലരയോടെയാണ് ഹോട്ടലിന്റെ രണ്ടാം നിലയിലുള്ള മുറിയിൽ സറീനയെ ജീവനക്കാർ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ ഹോട്ടൽ മാനേജർ പൊലീസിനെ വിവരമറിയിക്കുകയും അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയും ചെയ്തു. പ്രഥമദൃഷ്ട്യാ തെളിവുകൾ കൊലപാതകത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ശ്വാസം മുട്ടിച്ചു കൊന്നതാണെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഹോട്ടൽമുറിയിൽ ഫൊറൻസിക് സംഘവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. സറീനയെ കാണാൻ എത്തിയവരുടെ ഉൾപ്പെടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.