പാറ്റ്ന: ബീഹാറില്‍ ചിരാഗ് പാസ്വാന്റെ പാര്‍ട്ടിയായ എല്‍.ജെ.പിയുമായി ബി.ജെ.പി ധാരണയിലെത്തിയതോടെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ മുന്നണി കൂടുതല്‍ കരുത്താര്‍ജിക്കുമെന്ന് വ്യക്തമായി. മുന്‍ കേന്ദ്രമന്ത്രിയായ പരേതനായ രാംവിലാസ് പാസ്വാന്റെ മകനാണ് ചിരാഗ് പാസ്വാന്. കോണ്‍ഗ്രസിന്റെ കൂടെയും ബി.ജെ.പിയുടെ കൂടെയും ചേര്‍ന്നുനിന്ന് കേന്ദ്രഭരണത്തില്‍ പങ്കുപറ്റിയിട്ടുള്ള നേതാവാണ് രാംവിലാസ് പാസ്വാന്.
ഇപ്പോള്‍ ചിരാഗ് പാസ്വാന് കൂടി ബി.ജെ.പി പക്ഷത്തേക്കു വരുന്നതോടെ, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനോടുള്ള പരമ്പരാഗത വൈരം കൂടി വെടിയുകയാണ്. ഒരുകാലത്തെ ശത്രുക്കളെല്ലാം ബി.ജെ.പിയുടെ കൂടെ ചേരുന്നു എന്നര്‍ഥം. അതോടെ ബീഹാറിലെ 40 ലോക്സഭാ സീറ്റുകളും നേടാമെന്ന ദൃഢവിശ്വാസത്തിലാണ് ബി.ജെ.പി.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 17 സീറ്റും നിതീഷിന്റെ ജെ.ഡി.യുവിന് 16 സീറ്റും എല്‍.ജെ.ഡിക്ക് 6 സീറ്റും കോണ്‍ഗ്രസിന് ഒരു സീറ്റുമാണ് ലഭിച്ചത്. ആ നിലയ്ക്ക് ഈ മൂന്നു പാര്‍ട്ടികളുടെ കൈയില്‍ ഇപ്പോള്‍ത്തന്നെ 39 സീറ്റുണ്ട്. പുതിയ ധാരണപ്രകാരം, എല്‍.ജെ.പിക്ക് അഞ്ച് സീറ്റ് ബി.ജെ.പി നല്‍കിയിരിക്കുകയാണ്. ഹാജിപ്പൂര്‍ ഉള്‍പ്പെടെയാണ്.