ദുബായ് ∙ ദുബായിൽ വൻ തോതിൽ നിക്ഷേപം നടത്തി കമ്പനികളും സംരംഭങ്ങളും തുടങ്ങുന്നവരിൽ ഒന്നാം സ്ഥാനം ഇന്ത്യക്കാർക്ക്. ദുബായ് ചേംബർ ഓഫ് കൊമേഴ്സ് പുറത്തുവിട്ട കണക്ക് പ്രകാരം, കഴിഞ്ഞ വർഷം മാത്രം 15,481 സ്ഥാപനങ്ങളാണ് ഇന്ത്യക്കാർ തുടങ്ങിയത്. മുൻവർഷത്തെ അപേക്ഷിച്ച് 38% കൂടുതലാണിത്.
സംരംഭക മേഖലയിൽ രണ്ടാമത് പാക്കിസ്ഥാനാണ്. കഴിഞ്ഞ വർഷം മാത്രം 8,036 സ്ഥാപനങ്ങളാണ് പാക്കിസ്ഥാൻ സ്വദേശികൾ തുടങ്ങിയത്. മുൻ വർഷത്തേക്കാൾ 71.2% അധികമാണിതെന്ന് ചേംബർ ഓഫ് കൊമേഴ്സ് ഡയറക്ടർ ജനറൽ മുഹമ്മദ് അലി റാഷിദ് ലൂത്ത അറിയിച്ചു. 4,837 സ്ഥാപനങ്ങൾ തുറന്ന ഈജിപ്ഷ്യൻ സംരംഭകരാണ് മൂന്നാം സ്ഥാനത്ത്. മുൻ വർഷത്തേക്കാൾ 63.2% അധികം. സിറിയ, യുകെ, ബംഗ്ലദേശ്, ചൈന, ജോർദാൻ, ഇറാഖ്, യെമൻ എന്നിവരാണ് തൊട്ടുപിന്നിലുള്ളത്. വ്യാപാരം, സേവനം, കെട്ടിടനിർമാണ മേഖല, റിയൽ എസ്റ്റേറ്റ്, ഗതാഗതം, കമ്യൂണിക്കേഷൻ തുടങ്ങിയ മേഖലകളിലാണ് കൂടുതൽ സ്ഥാപനങ്ങളും ലൈസൻസ് നേടിയത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ