ന്യൂഡൽഹി : പതിവിനു വിപരീതമായി സുപ്രീം കോടതിയിൽ ഇന്നലെ ഒരു പ്രത്യേക സംഭവം അരങ്ങേറി. ഇതിനൊക്കെ കാരണം പ്രഗ്യ ആണ് . ഇനി ആരാ പ്രഗ്യ എന്ന് ചോദിച്ചാൽ സുപ്രീം കോടതിയിലെ ജഡ്ജിമാരിൽ ഒരാളുടെ വസതിയിലെ പാചകക്കാരനായ അജയ്‌കുമാർ സമലിന്റെ മകൾ ആണ് ഈ ഇരുപ്പത്തിയഞ്ചുകാരി. സുപ്രീം കോടതിയിൽ സെന്റർ ഫോർ റിസർച്ച് ആൻഡ് പ്ലാനിങ്ങിൽ ജോലി ചെയ്തു വരികയാണ് പ്രഗ്യ. പ്രഗ്യയെ നമുക്ക് മിടുമിടുക്കി എന്ന് വിളിക്കാം. കാരണം നിയമബിരുദധാരിയായ പ്രഗ്യ ലോകത്തിലെ തന്നെ പ്രശസ്തമായ ഐവി ലീഗ് സ്ഥാപനങ്ങളിൽ നിന്നും ഉപരിപഠനത്തിനുള്ള സ്കോളർഷിപ്പ് സ്വന്തമാക്കിയിരിക്കുകയാണ് . ഇനി ആണ് ആ പ്രത്യേക സംഭവം . ഈ മിടുമിടുക്കിയായ പ്രഗ്യയ്ക്കു ഇന്നലെ സുപ്രീം കോടതിയിൽ വച്ച് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂടും മറ്റു ജഡ്ജിമാരും ചേർന്ന് ഒരു ഉഗ്രൻ സ്വീകരണം കൊടുത്തു .കയ്യടിച്ചാണ് ജഡ്ജിമാർ പ്രഗ്യയെ വരവേറ്റത് . മാത്രമല്ല ജഡ്ജിമാരുടെ ഓട്ടോഗ്രാഫ് പതിഞ്ഞ ഭരണഘടനയെക്കുറിച്ചുള്ള മൂന്നു പുസ്തകങ്ങൾ പ്രഗ്യയ്ക്കു സമ്മാനിച്ചു . ചീഫ് ജസ്റ്റിസ് പ്രഗ്യയയുടെ മാതാപിതാക്കളെ ഷാൾ അണിയിച്ചു ആദരിക്കുകയും ചെയ്തു. എല്ലാവർക്കും ഇത് അഭിമാനത്തിന്റെ നിമിഷമാണ് എന്ന് ചന്ദ്രചൂഡ് പറഞ്ഞു . ഉപരിപഠനം ആഗ്രഹിക്കുന്ന പരിശ്രമിക്കുന്ന ഏതൊരാൾക്കും സഹായമാകുന്ന എല്ലാ ആവശ്യങ്ങളും നേടികൊടുക്കുക എന്നത് സർക്കാരിന്റെയും ഏതൊരു പൗരന്റെയും ഉത്തരവാദിത്തം ആണെന്നും ചന്ദ്രചൂഡ് കൂട്ടിചേർത്തു .
ഇത് ഒട്ടും പ്രതീക്ഷിച്ചില്ല എന്നായിരുന്നു പ്രഗ്യയുടെ പ്രതികരണം. ചീഫ് ജസ്റ്റിസുമായുള്ള കണ്ടുമുട്ടൽ വളരെ വലിയ ഒരു കാര്യമായി കാണുന്നു എന്നും പ്രഗ്യ പറഞ്ഞു
പ്രഗ്യയുടെ മാതാപിതാക്കൾക്കും ഇത് അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും നിമിഷമായിരുന്നു. സ്വീകരണം ഏറ്റുവാങ്ങി പ്രഗ്യ ചീഫ് ജസ്റ്റിസ് ചന്ദ്രചൂടിന്റെ കാൽ തൊട്ടു വന്ദിച്ചപ്പോൾ പ്രഗ്യയുടെ പിതാവിന്റെ കണ്ണ് നിറയുന്ന കാഴ്ചയ്ക്കാണ് സുപ്രീം കോടതി സാക്ഷിയായത് .
കൊളംബിയ ലോ സ്കൂളിൽ നിന്നും എൽ എൽ എം പഠനവസരത്തിന് പുറമെ പെൻസിൽവാനിയാ സർവകലാശാല , ചിക്കാഗോ ലോ സ്കൂൾ ,ന്യൂയോർക് സർവകലാശാല , ബെർക്കിലി ലോ സ്കൂൾ , മിഷിഗൻ ലോ സ്കൂൾ എന്നിവിടങ്ങളിൽ നിന്നും പ്രഗ്യയ്ക്കു പ്രവേശന ഓഫർ ലഭിച്ചു . അമ്പതിനായിരം ഡോളറിന്റെ സ്കോളർഷിപ് ആണ് മിഷിഗൻ ലോ സ്കൂൾ പ്രഗ്യയ്ക്കു ഓഫർ ചെയ്തത് .
അമിറ്റി സർവകലാശാലയിൽ നിന്നും സ്വർണമെഡലോടെയാണ് പ്രഗ്യ എൽ എൽ ബി പഠനം പൂർത്തിയാക്കിയത്