ദുബായ് ∙ റമസാനിൽ 50 ലക്ഷം പേർക്ക് ഭക്ഷണമെത്തിക്കുന്ന പദ്ധതിക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പത്നി ഷെയ്ഖ ഹിന്ദ് ബിൻത് മക്തൂം തുടക്കമിട്ടു. എമിറേറ്റ്സ് ഫുഡ് ബാങ്ക്, ദുബായിലെ 350 ഹോട്ടലുകൾ, ഭക്ഷണ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക.
ഹോട്ടലുകളിലും ഭക്ഷണ സ്ഥാപനങ്ങളിലും ബാക്കി വരുന്ന ഭക്ഷണം സന്നദ്ധപ്രവർത്തകരെത്തി ശേഖരിച്ച് ഫുഡ് ബാങ്ക് വഴി വിതരണം ചെയ്യുമെന്ന് ഷെയ്ഖ് മുഹമ്മദ് എക്സിൽ കുറിച്ചു. ഫുഡ് ബാങ്ക് തുടങ്ങിയതു മുതൽ ഇതുവരെ 3.5 കോടി പേർക്ക് ഭക്ഷണമെത്തിച്ചെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം മാത്രം 1.86 കോടി പേർക്ക് ഇത്തരത്തിൽ ഭക്ഷണമെത്തിച്ചിരുന്നു.ഭക്ഷണം ശേഖരിക്കുക, പാക്കിങ് നടത്തുക, കേടുകൂടാതെ സൂക്ഷിക്കുക എന്നീ ഘട്ടങ്ങളിലെല്ലാം മേന്മ ഉറപ്പാക്കുന്നത് സംബന്ധിച്ച് വൊളന്റിയർമാർക്കു പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. ഭക്ഷണം പാഴാകുന്നത് കുറയ്ക്കുക, മിച്ചം വരുന്ന ഭക്ഷണം പാവങ്ങൾക്ക് എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെ തുടങ്ങിയ ഫുഡ് ബാങ്കിനു വേണ്ടി 5,000 വൊളന്റിയർമാർ പ്രവർത്തിക്കുന്നുണ്ട്. യുദ്ധവും സംഘർഷവും പ്രകൃതിദുരന്തങ്ങളും മൂലം ദുരിതം അനുഭവിക്കുന്നവർക്കും യുഎഇ ഫുഡ് ബാങ്ക് സഹായം എത്തിക്കുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ